ഡല്‍ഹിയില്‍ ഐഎസ് ഭീകരന്‍ പിടിയിലായ സംഭവം; യുപി പൊലീസിന് വീഴ്ച്ച പറ്റി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതിക്കിടെ ഐഎസ് ഭീകരന്‍ പിടിയിലായ സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസിന് വീഴ്ച്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെന്നാണ് വിവരം. ഡല്‍ഹിയിലെ ജനത്തിരക്കുള്ള മേഖലകളില്‍ പ്രഷര്‍കുക്കര്‍ ബോംബുകള്‍ സ്ഥാപിച്ച് ആക്രമണത്തിന് ലക്ഷ്യമിട്ടെത്തിയ ഐഎസ് ഭീകരനെയാണ് പൊലീസ് പിടികൂടിയത്.

ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ സ്വദേശിയായ അബു യൂസഫാണ് പിടിയിലായത്. ആക്രമണത്തിനെത്തിയ അബു യൂസഫിനെ ഏറ്റുമുട്ടലിനു ശേഷമാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്യുന്നത്. ഐഎസിന്റെ ആശയപ്രചാരണങ്ങളില്‍ ആകൃഷ്ടനായ അബു യൂസഫ് തന്റെ ഗ്രാമത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ആക്രമണം നടത്തുന്നതിനുള്ള പദ്ധതികള്‍ തയാറാക്കുകയായിരുന്നു. ഇതിനായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുകയും ഗ്രാമത്തിലെ ഒഴിഞ്ഞ ഇടങ്ങളില്‍ സ്‌ഫോടനം നടത്തിയെന്നും ഡല്‍ഹി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നാളുകളായി അബു യൂസഫ് ഭീകരപ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടും ഇത് തിരിച്ചറിയാന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ലെന്നാണ് കണ്ടെത്തല്‍. ലോക്കല്‍ പൊലീസിലെ രഹസ്യന്വേഷണ വിഭാഗത്തിന് വീഴ്ച്ച പറ്റിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഡിജിപി ബല്‍റാംപൂര്‍ എസ്പി ദേവരഞ്ജന്‍ വെര്‍മ്മയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.

Top