IS speech in flight; Kozhikod flight makes emergency landing

മുംബൈ: ദുബായ് കോഴിക്കോട് വിമാനത്തില്‍വച്ച് യാത്രക്കാരന്‍ ഇസ്‌ലാമിക് സ്റ്റേറ്റിനെക്കുറിച്ച് പ്രസംഗിച്ചതിനെ തുടര്‍ന്ന് വിമാനം മുംബൈയില്‍ അടിയന്തരമായി നിലത്തിറക്കി.

ഐഎസ് അനുഭാവിയെന്നു സംശയിക്കുന്ന ആളെ യാത്രക്കാര്‍ കീഴ്‌പ്പെടുത്തി. മുംബൈ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഇയാളെ ചോദ്യം ചെയ്തു.

സംഭവുമായി ബന്ധപ്പെട്ടു രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി എയര്‍പോര്‍ട്ട് എസിപി പറഞ്ഞു. അതേസമയം, പിടിയിലായത് മലയാളികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പിടിയിലായവരെ മുംബൈയിലെ സാഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

രാവിലെ 4.25ന് ദുബായില്‍നിന്നു പുറപ്പെട്ട ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്ന് അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഒരാള്‍ സീറ്റില്‍നിന്ന് എഴുന്നേറ്റ് ഐഎസിനെക്കുറിച്ച് പ്രസംഗിക്കാന്‍ ആരംഭിച്ചത്.

ഐഎസിനെക്കുറിച്ചും ഇസ്‌ലാമിക പഠനങ്ങളെക്കുറിച്ചുമാണ് ഇയാള്‍ സംസാരിച്ചത്. ആദ്യമൊന്നും യാത്രക്കാര്‍ പ്രതികരിച്ചില്ലെങ്കിലും പ്രസംഗവുമായി മുന്നോട്ടു പോയതോടെ ഇതു നിര്‍ത്താന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടു.

യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ ഇയാള്‍ അക്രമാസക്തനായി. തുടര്‍ന്ന് യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി. അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് വിമാനം 9.15 ഓടെ അടിയന്തരമായി മുംബൈയില്‍ ഇറക്കുകയായിരുന്നു.

9.50 ന് കോഴിക്കോട് എത്തേണ്ട വിമാനമായിരുന്നു ഇത്. യാത്രക്കാരില്‍ ഭൂരിഭാഗവും മലയാളികളാണ്. വിമാനം പത്തുമണിയോടെ യാത്ര പുനഃരാരംഭിച്ചു.

Top