വടകരയിൽ ഷാഫിയെ വിജയിപ്പിക്കുക എന്നത് ബി.ജെ.പിയുടെയും അജണ്ടയോ ? അണിയറയിൽ അസാധാരണ നീക്കങ്ങൾ ?

ടകര ലോകസഭ മണ്ഡലത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ മത്സരിക്കാനുണ്ടായ പ്രത്യേക സാഹചര്യം എന്തായിരുന്നു എന്നതിന് കോണ്‍ഗ്രസ്സ് നേതൃത്വമാണ് മറുപടി പറയേണ്ടത്. ഒരു മുസ്ലീം നാമധാരിയായ സ്ഥാനാര്‍ത്ഥി ആയിരുന്നു ലക്ഷ്യമെങ്കില്‍ ആ സമുദായത്തില്‍പ്പെട്ട വേറെ ആരും കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ഇല്ലേ എന്നതിനും കോണ്‍ഗ്രസ്സ് വിശദീകരണം നല്‍കേണ്ടതുണ്ട്. ചുണ്ടിനും കപ്പിനും ഇടയില്‍ ബി.ജെ.പിക്ക് നഷ്ടമായ പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമുണ്ടായാല്‍ അത് ബി.ജെ.പിക്കാണ് രാഷ്ട്രീയമായി ഗുണം ചെയ്യുക. ഇതറിയാമായിരുന്നിട്ടും ഷാഫിയെ വടകരയിലേക്ക് നിയോഗിച്ചെങ്കില്‍ അതിനു പിന്നില്‍ ചില രഹസ്യ ധാരണകളുണ്ടോ എന്നത് തീര്‍ച്ചയായും സംശയിക്കേണ്ടതുണ്ട്.

ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെയാണ് കോണ്‍ഗ്രസ്സിന്റെ പോരാട്ടമെങ്കില്‍ കേരളത്തിലെ അവസ്ഥ അതല്ല. ഇവിടെ സി.പി.എമ്മും ഇടതുപക്ഷവുമാണ് കോണ്‍ഗ്രസ്സിന്റെ പ്രധാനശത്രു. ബി.ജെ.പിക്കെതിരെ എടുത്തു പറയാന്‍ കഴിയുന്ന ഒരു പ്രതിഷേധവും ഇതുവരെ കേരളത്തില്‍ കോണ്‍ഗ്രസ്സ് നടത്തിയിട്ടില്ല. മാത്രമല്ല, മോദി സര്‍ക്കാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ സമരത്തില്‍ നിന്നു പോലും കോണ്‍ഗ്രസ്സും ലീഗും വിട്ടു നില്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതെല്ലാം തന്നെ യു.ഡി.എഫിന്റെ തനിനിറം വ്യക്തമാക്കുന്നതാണ്. ബി.ജെ.പിയില്‍ ചേരാന്‍ തനിക്കാരോടും ചോദിക്കേണ്ട കാര്യമില്ലന്നു പറഞ്ഞ കെ.പി.സി.സി പ്രസിഡന്റാണ് കേരളത്തിലെ കോണ്‍ഗ്രസ്സിനെ നയിക്കുന്നത്.

അതു പോലെ തന്നെ രാമക്ഷേത്രം രാജ്യത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്റെ ആവശ്യമാണെന്നും അതില്‍ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് മുസ്ലീംലീഗിനെയും നയിക്കുന്നത്. ഈ രണ്ട് നേതാക്കളും നയിക്കുന്ന യു.ഡി.എഫാണ് ഇപ്പോള്‍ വടകരയില്‍ ഷാഫി പറമ്പലിനെ മത്സരിപ്പിക്കുന്നത് എന്നത് സദുദ്ദേശത്തോടെ മാത്രമായി വിലയിരുത്താന്‍ കഴിയുകയില്ല. കേവലം 3,859 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാത്രം ഷാഫി പറമ്പില്‍ വിജയിച്ച പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്തെത്തിയ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്കാണ് വടകരയിലെ ഷാഫി പറമ്പലിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ചിറക് മുളച്ചിരിക്കുന്നത്.

ഇപ്പോള്‍ വടകരയില്‍ ഷാഫി പറമ്പിലിനെ വിജയിപ്പിക്കേണ്ടത് ബി. ജെ.പിയുടെയും സംഘപരിവാറിന്റെയും ആവശ്യമായി വന്നിരിക്കുകയാണ്. പാലക്കാട് മണ്ഡലം ഉപതിരഞ്ഞെടുപ്പിലൂടെ പിടിച്ചെടുത്താല്‍ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ അത് കരുത്താകുമെന്നാണ് ബി.ജെ.പി നേതൃത്വം പ്രതീക്ഷിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ കെ.കെ ശൈലജയെ തോല്‍പ്പിക്കേണ്ടത് യു.ഡി.എഫിനേക്കാള്‍ ആവശ്യം ഇപ്പോള്‍ ബി.ജെ.പിക്കാണ്. അതിന് അനുസരിച്ച നിലപാടായിരിക്കും വടകരയില്‍ അവര്‍ സ്വീകരിക്കാന്‍ പോകുന്നത്. വടകരയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ ഒരുലക്ഷം വോട്ട് തികയ്ക്കാന്‍ ബി.ജെ.പിയ്ക്ക് കഴിഞ്ഞിട്ടില്ല. 2019- ലെ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ആകെ കിട്ടിയത് 80,128 വോട്ടുകളാണ്.

ഇത്തവണ ബി.ജെ.പിയുടെ ഈ വോട്ടുകളില്‍ ഒരു വിഭാഗം ഷാഫിക്ക് അനുകൂലമായി മാറിനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല. 1991-ലെ കോലീബി സഖ്യം പോലെ അല്ലങ്കിലും പുതിയ രൂപത്തിലുള്ള ഒരു ‘കൈ’ സഹായം ഉറപ്പാണെന്നാണ് വിലയിരുത്തല്‍. നേമത്ത് ഇടതുപക്ഷം പൂട്ടിച്ച ബി.ജെ.പി അക്കൗണ്ട് പാലക്കാട് തുറക്കാന്‍ ലഭിക്കുന്ന അവസരമായാണ് വടകരയിലെ മത്സരത്തെ ബി.ജെ.പി പ്രവര്‍ത്തകരും നോക്കി കാണുന്നത്. ഇടതുപക്ഷത്തെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് ഇതെങ്കിലും ഈ വെല്ലുവിളിയെയും അതിജീവിക്കാന്‍ കഴിയുമെന്നു തന്നെയാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടി നിയമസഭയിലെത്തിയ ശൈലജ ടീച്ചറില്‍ സി.പി.എമ്മിന് വലിയ പ്രതീക്ഷയാണ് ഉള്ളത്. കോലീബി ‘ധാരണ’ പുതിയ രൂപത്തില്‍ വന്നാലും പഴയ രൂപത്തില്‍ വന്നാലും ഇത്തവണ എന്തായാലും വടകര തിരിച്ചുപിടിച്ചിരിക്കും എന്നാണ് സി.പി.എം നേതാക്കള്‍ പറയുന്നത്. ഏത് സാഹചര്യവും നേരിടാന്‍ പ്രവര്‍ത്തകരെയും അവര്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.

1991-ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് വിവാദമായ ബിജെപി – യുഡിഎഫ് ധാരണയുണ്ടായിരുന്നത്. എന്നാല്‍ കോലീബി സഖ്യത്തിന്റെ മറവില്‍ വടകര ബേപ്പൂര്‍ മണ്ഡലങ്ങളില്‍ നടന്ന ആ വോട്ടുകച്ചവടം ഒരേ സമയം കോണ്‍ഗ്രസ്സിനും ലീഗിനും മാത്രമല്ല ബിജെപിയ്ക്കും വലിയ തിരിച്ചടിയായാണ് മാറിയിരുന്നത്. ബേപ്പൂരിലും വടകരയിലും പൊതു സ്വതന്ത്രരെ നിര്‍ത്താനും ബി.ജെ.പി നേതാവ് കെജി മാരാര്‍ മത്സരിക്കുന്ന മഞ്ചേശ്വരത്ത് യുഡിഎഫ് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി സഹായിക്കാമെന്നായിരുന്നു അന്നത്തെ ധാരണ. ബേപ്പൂരില്‍ ഡോ. കെ മാധവന്‍കുട്ടിയും വടകരയില്‍ അഡ്വ. രത്ന സിങ്ങുമാണ് ഈ ധാരണപ്രകാരം മത്സരിച്ചിരുന്നത്. മഞ്ചേശ്വരത്തിന് പുറമെ തിരുവനന്തപുരം ഈസ്റ്റില്‍ കെ രാമന്‍പിള്ള തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ എന്നിവര്‍ക്ക് രഹസ്യ പിന്തുണ നല്‍കാമെന്നും യുഡിഎഫ് നേതൃത്വം വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ബി.ജെ.പി നിലംതൊട്ടിരുന്നില്ല. ഈ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും അന്ന് ജയിച്ചത് ഇടതുപക്ഷമാണ്.

കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും മുഖമൂടി വലിച്ചു കീറാന്‍ കോലീബി സഖ്യം പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തെ ഏറെ സഹായിച്ചിട്ടുണ്ട്. പഴയ ആ വീഞ്ഞാണിപ്പോള്‍ പുതിയ കുപ്പിയിലാക്കി പരീക്ഷിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. വടകര ലോകസഭ മണ്ഡലത്തില്‍ ഷാഫി പറമ്പിലിനെ വിജയിപ്പിക്കുക എന്നത് മാത്രമല്ല കേരളത്തില്‍ പരമാവധി എം.പിമാരെ വിജയിപ്പിക്കുക എന്നതും യു.ഡി.എഫിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ബി.ജെ.പി ലക്ഷ്യമിടുന്ന തൃശൂരും തിരുവനന്തപുരവും നഷ്ടമായാല്‍ പോലും ബാക്കി 18 സീറ്റുകളിലും വിജയിക്കുക എന്നതാണ് തന്ത്രം. അതിന് ബി.ജെ.പി വോട്ടുകളും നേതൃത്വം വല്ലാതെ പ്രതീക്ഷിക്കുന്നുണ്ട്. ബി.ജെ.പിക്ക് ആകട്ടെ പരമ്പരാഗത വൈരികളായ ഇടതുപക്ഷം വിജയിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും ഗുണം യു ഡി.എഫ് ജയിക്കുന്നതു തന്നെയാണ്. കോണ്‍ഗ്രസ്സ് നേതാക്കളെ എളുപ്പത്തില്‍ കാവിയണിക്കുവാന്‍ കഴിയുമെന്നതു തന്നെയാണ്അതിനു കാരണം.

ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഇത്തവണ ഇടതുപക്ഷം നേരിടേണ്ടി വരുന്നത് പ്രബല ശക്തികളോടാണ്. ഈ പോരാട്ടത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും അവരും പ്രതീക്ഷിക്കുന്നില്ല. ഇടതുപക്ഷ വിരുദ്ധര്‍ ഒന്നാകെ ഒരു സഖ്യത്തിന് കീഴില്‍ പരസ്യമായി വന്നാല്‍ പോലും അതിനെയെല്ലാം ചെറുത്ത് തോല്‍പ്പിച്ച് വന്‍ വിജയം നേടുമെന്നാണ് സി.പി.എം നേതാക്കള്‍ തുറന്നടിക്കുന്നത്. തൃശൂരില്‍ നിന്നും പ്രതാപനെ മാറ്റിയത് ബി.ജെ.പിയെ സഹായിക്കുന്നതിനു വേണ്ടിയാണെന്ന സംശയവും ഇടതു നേതാക്കള്‍ക്കുണ്ട്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളായാണ് തൃശൂരും വടകരയും മാറിയിരിക്കുന്നത്. സംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് വലിയ പ്രചരണ വിഷയമായതോടെ കോണ്‍ഗ്രസ്സ് ശരിക്കും പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. ‘ഇന്ന് പെങ്ങളെങ്കില്‍ നാളെ സഹോദരന്‍’ എന്ന ട്രോളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

തൃശൂരിലെ അവസ്ഥ ഇതാണെങ്കില്‍ വടക്കന്‍ കളരിയുടെ ബൃഹത്തായ പാരമ്പര്യമുള്ള കടത്തനാടിന്റെ മണ്ണില്‍ കളരിപ്പോരിനേക്കാള്‍ വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. വടകര ചുവപ്പിക്കാന്‍ ഇടതുപക്ഷം ആവനാഴിയിലെ സകല ആയുധങ്ങളും പ്രയോഗിക്കുമ്പോള്‍ പ്രതിപക്ഷം അവിടെ… ‘ചതിയുടെ’ രാഷ്ട്രീയം പയറ്റാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

EXPRESS KERALA VIEW

 

Top