IS Relation in malayali; NIA wach more malayalies

കൊച്ചി: ഐ.എസ്. ബന്ധം കൂടുതല്‍ മലയാളികള്‍ എന്‍.ഐ.എ.യുടെ നിരീക്ഷണത്തില്‍. അറസ്റ്റിലായവരുമായി ആശയവിനിമയം നടത്തിയിരുന്ന നൂറോളം പേരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ നിരീക്ഷിച്ചുവരികയാണ്.

ഐ.എസ്. ബന്ധം സംശയിച്ച് കോയമ്പത്തൂരില്‍ ഇതുവരെ 16 പേരെ എന്‍.ഐ.എ. ചോദ്യംചെയ്തു.
അറസ്റ്റിലായവരില്‍ ചിലര്‍ അഫ്ഗാനിസ്താനില്‍ പരിശീലനം നേടിയതായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം അങ്ങോട്ടേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്

മലയാളികള്‍ക്കൊപ്പം തമിഴ്‌നാട് സ്വദേശികളും എന്‍.ഐ.എ.യുടെ നിരീക്ഷണത്തിലുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും സംഘടനയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇപ്പോള്‍ കസ്റ്റഡിയിലുള്ള പ്രധാന പ്രതികളാണ് കൂടുതല്‍ തീവ്ര ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.

കണ്ണൂരിലെ കനകമലയില്‍ രഹസ്യയോഗം നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ഈ അക്കൗണ്ടുകളിലൂടെ അവര്‍ പങ്കുവെച്ചിരുന്നു. നാല് ഫേസ്ബുക്ക് ഗൂപ്പുകളാണ് ഇപ്പോള്‍ എന്‍.ഐ.എ അതിസൂക്ഷ്മതയോടെ നിരീക്ഷിക്കുന്നത്. ഇതില്‍ മൂന്നെണ്ണം മലയാളികള്‍ മാത്രമുള്ള ഗ്രൂപ്പുകളാണ്.

മലയാളികള്‍ക്കൊപ്പം മറ്റു നാട്ടുകാരും ഉള്ള ഗ്രൂപ്പിലും ആശയവിനിമയങ്ങള്‍ സജീവമായിരുന്നു. കോയമ്പത്തൂരില്‍ ഒക്ടോബര്‍ ഒന്നിന് ആറുപേരെ വിളിച്ചു വരുത്തി ചോദ്യംചെയ്തിരുന്നു. ഇവരുടെ വീടുകളില്‍ പരിശോധന നടത്തി. ഇവരില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 10 പേരെക്കൂടി ചോദ്യംചെയ്തു.

ഇവരുടെ പേരു വിവരങ്ങള്‍ തത്കാലം വെളിപ്പെടുത്താനാവില്ലെന്ന് പൊലീസ് പറഞ്ഞു. ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ എല്ലാവരെയും വിട്ടയച്ചു.

Top