IS RECRUTMENT

ന്യൂഡല്‍ഹി : കേരളത്തില്‍ നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായവരില്‍ ചിലര്‍ ഐഎസില്‍ ചേര്‍ന്നുവെന്ന സൂചനകളുടെ പശ്ചാത്തലത്തില്‍ തുടരന്വേഷണം റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) ഏറ്റെടുത്തു.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഐഎസ് ബന്ധം സ്ഥിരീകരിക്കാന്‍ പ്രയാസമുണ്ടായ സാഹചര്യത്തിലാണ് അന്വേഷണം റോ ഏറ്റെടുത്തത്.

ഐഎസ് റിക്രൂട്‌മെന്റ് പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഇന്നലെ കേന്ദ്ര ഐബി ഡയറക്ടര്‍ ദിനേശ്വര്‍ ശര്‍മ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും സംസ്ഥാന ഇന്റലിജന്‍സ് മേധാവികളുടെയും ഉന്നതതല യോഗത്തിലാണു റോ മുഖേന അന്വേഷണം വിദേശരാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

റോ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് ഇന്റലിജന്‍സ് എഡിജിപി ആര്‍.ശ്രീലേഖ യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായവരെയും ഐഎസ് റിക്രൂട്‌മെന്റ് കണ്ണികളാണെന്നു സംശയിക്കുന്നവരെയും കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് എഡിജിപി കേന്ദ്ര ഐബിക്കു സമര്‍പ്പിച്ചു.

ഐഎസ് പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്തു റോ, ഐബി, സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ എന്നിവയില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഉടനടി പരസ്പരം കൈമാറും.

കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായവരില്‍ ചിലര്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, യെമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ എത്തിയിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, വിദേശ രാജ്യങ്ങളില്‍ ശക്തമായ രഹസ്യാന്വേഷണ ശൃംഖലയുള്ള റോയുടെ സഹായം തേടിയത്.

വിദേശരാജ്യങ്ങളില്‍ ഐഎസുമായി ബന്ധപ്പെട്ടതായി സംശയമുള്ള ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ റോ ഉദ്യോഗസ്ഥര്‍ ഐബിക്കു നല്‍കി. ഇതില്‍ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഐബി സംസ്ഥാന എഡിജിപിക്കു കൈമാറിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോകുന്നവരെക്കാള്‍ രാജ്യത്തിന് അടിയന്തര ഭീഷണിയുയര്‍ത്തുന്നത് ഐഎസില്‍ നിന്നു പരിശീലനം നേടി രാജ്യത്തു തിരിച്ചെത്തുന്നവരാണെന്ന് ഐബി സംസ്ഥാനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി.

ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ പരിശീലനം നേടിയെത്തുന്നവരെ കണ്ടെത്താന്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഐബി സംസ്ഥാന ഇന്റലിജന്‍സ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കി. ഐഎസ് പരിശീലനം നേടി മടങ്ങിയെത്തിയ ചിലര്‍ ഹൈദരാബാദില്‍ ഐബിയുടെ പിടിയിലായിട്ടുണ്ട്.

ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഐഎസ് കണ്ണികളെ കണ്ടെത്താന്‍ രാജ്യവ്യാപകമായ അന്വേഷണത്തിനാണ് ഐബിയുടെ പദ്ധതി.

കേരളത്തിനു പുറമേ മറ്റു ചില സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ തിരോധാനങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് മേധാവികള്‍ റിപ്പോര്‍ട്ട് നല്‍കി.

ദുരൂഹ സാഹചര്യത്തില്‍ കാണാതായ വിദേശ ബന്ധമുള്ളവരുടെ വിവരങ്ങള്‍ ഉടനടി സമാഹരിച്ച് ഐബിക്കു കൈമാറാനും സംസ്ഥാന ഇന്റലിജന്‍സ് മേധാവികളോട് ആവശ്യപ്പെട്ടു. ഇവരെക്കുറിച്ചു റോ മുഖേന വിദേശ രാജ്യങ്ങളില്‍ അന്വേഷണം നടത്തും.

Top