ഐഎസിൽ ചേരാനെത്തിയവരെ തിരികെ കൊണ്ടുപോകണമെന്ന് കുർദിസ്ഥാൻ

അൽ-ഹോൾ : ഐ എസിൽ ചേരാനെത്തിയ സ്ത്രീകളെയും , കുട്ടികളെയും തിരികെ കൊണ്ടു പോകണമെന്ന് മാതൃരാജ്യങ്ങളോട് ആവശ്യപ്പെട്ട് കുർദിസ്ഥാൻ . രണ്ടുവർഷത്തിലേറെയായി, വടക്കുകിഴക്കൻ സിറിയയിലെ അൽ-ഹോൾ ക്യാമ്പിൽ താമസിക്കുകയാണ് ഐ എസ് ഭീകരരുടെ ഭാര്യമാരും , ഐ എസിൽ ചേരാനെത്തിയ സ്ത്രീകളും , കുട്ടികളും . ഐഎസിന്റെ ഭാഗമായ ഡായേഷ് അംഗങ്ങളുടെ കുടുംബങ്ങളാണ് ഏറെയും .

50,000 ത്തോളം സിറിയക്കാരും ഇറാഖികളും ഇവിടെയുണ്ട്. അവരിൽ 20,000 ത്തോളം പേർ കുട്ടികളാണ്. ബാക്കിയുള്ളവരിൽ ഭൂരിഭാഗവും സ്ത്രീകളും. 57 രാജ്യങ്ങളിൽ നിന്നുള്ള 2,000 സ്ത്രീകളാണ് അനെക്സ് എന്നറിയപ്പെടുന്ന ക്യാമ്പിലുള്ളത് . കനത്ത കാവലാണ് ഇവിടെ കുർദിഷ് സൈന്യം ഏർപ്പെടുത്തിയിട്ടുള്ളത്.

കുട്ടികൾ ഏറെയുണ്ടെങ്കിലും അവർക്ക് വളരാൻ പറ്റിയ അന്തരീക്ഷമല്ല ഇവിടെയുള്ളതെന്ന് സേവ് ദി ചിൽഡ്രൻസ് സിറിയ റെസ്പോൺസ് ഡയറക്ടർ സോണിയ ഖുഷ് പറഞ്ഞു . പല കുട്ടികളും ഭീകരരെ അനുകരിക്കുകയാണ് . തീവ്രവാദികളെ അനുകരിച്ച് അഴുക്കുചാലുകളിലൂടെ ചുറ്റിക്കറങ്ങുന്നു, കറുത്ത ബാനറുകൾ ഉപയോഗിച്ച് കളിക്കുന്നു. കുറച്ചുപേർക്ക് മാത്രമാണ് വായിക്കാനോ എഴുതാനോ കഴിയുന്നത്.

ഈ ക്യാമ്പ് തന്നെ പുതിയ തലമുറ തീവ്രവാദികളെ സൃഷ്ടിക്കുമെന്ന് കുർദിഷ് അധികാരികളും മറ്റ് മനുഷ്യാവകാശ സംഘടനകളും ഭയപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീകളെയും കുട്ടികളെയും തിരികെ കൊണ്ടുപോകാൻ അവർ മാതൃരാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നതും .

Top