മലയാളികളുടെ ഐഎസ് ബന്ധം; കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന് !

കൊല്ലം: ശ്രീലങ്കന്‍ സ്‌ഫോടത്തിന് മുന്നേ തന്നെ കേരളത്തിലെ ഐഎസ് ബന്ധങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന് വിവരം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷണം നടത്താതെ കേരള സര്‍ക്കാര്‍ അവഗണിച്ചു.

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ സഹ്റാന ഹാഷിമിന് കേരളത്തിലും കണ്ണികളുണ്ടെന്ന വിവരം പുറത്തുവരികയും ഐസിസ് ബന്ധം ആരോപിച്ച് ഒരാളെ പിടികൂടുകയും ചെയ്തിന് പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് പുറംലോകം അറിയുന്നത്.

കാസര്‍കോട്ടെ രണ്ടു കുടുംബങ്ങളില്‍ നിന്നുള്ള 10 പേര്‍ കഴിഞ്ഞ ജൂണിലും അതിനു മുന്‍പുമായി യെമനിലക്ക് കടന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടാണ് സംസ്ഥാനം അവഗണിച്ചത്. കാസര്‍കോട് കുമ്പള സ്വദേശിയും കുടുംബവും മംഗളൂരുവില്‍ നിന്നു ദുബായ് വഴിയും ബൈക്കൂര്‍ സ്വദേശിയും കുടുംബവും കൊച്ചിയില്‍ നിന്ന് ഒമാന്‍ വഴിയും യെമനില്‍ എത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഘത്തില്‍ 3 സ്ത്രീകളും 5 കുട്ടികളും ഉള്‍പ്പെടുന്നു. ഐസിസില്‍ ആകൃഷ്ടരാകുന്നവര്‍ യെമനിലാണ് ആദ്യം എത്തുകയെന്നു വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ അവിടേക്ക് പോകാന്‍ സഹായിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളും ശുപാര്‍ശ ചെയ്തിരുന്നു. ഇതിനായി സഹായിക്കുന്ന വ്യക്തികള്‍, റിക്രൂട്ടിംഗ് ഏജന്‍സികള്‍ എന്നിവരെ കണ്ടെത്തണമെന്നും ശക്തമായ നടപടിയെടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. യെമനിലെ ജീവിതത്തെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ കണ്ടെത്തണമെന്നും അവിടുത്തെ യഥാര്‍ത്ഥ ജീവിതത്തെ സംബന്ധിച്ച് മാദ്ധ്യമങ്ങളിലൂടെ പ്രചാരണം നടത്തണമെന്നും നിര്‍ദ്ദേശിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇതൊന്നും ചെവിക്കൊണ്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം. ശ്രീലങ്കയിലെ ചാവേര്‍ സ്ഫോടനങ്ങളുടെ മുഖ്യസൂത്രധാരനും നാഷണല്‍ തൗഹിദ് ജമാഅത്ത് നേതാവുമായിരുന്ന സഹ്റാന്‍ ഹാഷിമിന്റെ ആശയങ്ങളുമായി ചേര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലും മുപ്പതിലധികം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 20 ലക്ഷം പേര്‍ അംഗങ്ങളാണെന്നാണ് ഇവരുടെ അവകാശവാദം. സഹ്റാന്‍ കേരളത്തിലുള്‍പ്പെടെ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരശേഖരണം എന്‍.ഐ.എ ആരംഭിച്ചു. അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ എന്‍.ഐ.എ ഐ.ജി അലോക് മിത്തല്‍ കൊച്ചിയിലെത്തി. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി, റോ എന്നിവരുടെ പ്രത്യേക സംഘവും കൊച്ചിയിലുണ്ട്.

അതിനിടെ, റിയാസ് അബൂബക്കര്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്ന് എന്‍.ഐ.എ കണ്ടത്തിയതിന് പിന്നാലെ കൊച്ചിയുള്‍പ്പടെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഒരു ദിവസം നീണ്ട ചോദ്യം ചെയ്യലില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിയാസ് അബൂബക്കര്‍ എന്‍.ഐ.എയോട് വെളിപ്പെടുത്തിയത്. കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഇയാള്‍ സമ്മതിച്ചു. കുറെനാളുകളായി റിയാസ് അബൂബക്കര്‍ അടക്കമുള്ളവരുടെ നീക്കങ്ങള്‍ എന്‍ഐഎ നിരീക്ഷിച്ചു വരികയായിരുന്നു. ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനായ നാഷണല്‍ തൗഹീദ് ജമാ അത്തിന്റെ നേതാവ് സര്‍ഫ്രാസ് ഹാഷിമുമായി റിയാസ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. സര്‍ഫ്രാസ് ഹാഷിമിന്റെയും സക്കീര്‍ നായിക്കിന്റെയും തീവ്ര സ്വഭാവം ഉള്ള പ്രഭാഷണങ്ങളും ശബ്ദ സന്ദേശങ്ങളും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു

അഫ്ഗാനിസ്ഥാന്‍ വഴി സിറിയയില്‍ എത്തിയ അബ്ദുല്‍ റഷീദ്, അബ്ദുല്‍ ഖയ്യൂം എന്നിവരുമായും നിരന്തര സമ്പര്‍ക്കം പുലര്‍ത്തി. ഇതേതുടര്‍ന്നാണ് റിയാസ് ദേശീയ സുരക്ഷാ ഏജന്‍സിയുടെ നിരീക്ഷണത്തിലായത്. 2016ല്‍ കാസര്‍കോട് സ്വദേശികളായ 15 യുവാക്കള്‍ ഐ എസില്‍ ചേര്‍ന്ന കേസിലാണ് റിയാസിനെ പ്രതിചേര്‍ത്തിരിക്കുന്നത്. കാസര്‍കോട് സ്വദേശികളായ അബദുള്‍ റഷീദ്, അബൂബക്കര്‍ സിദ്ദീഖ് എന്നിവരെയും എന്‍ഐഎ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ക്ക് ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Top