Is recruitment case kerala

കൊച്ചി: മലയാളികളടക്കം എഴുന്നൂറോളം പേരെ മതം മാറ്റിയിട്ടുണ്ടെന്ന് ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായ മതഅധ്യാപകന്‍ അര്‍ഷിദ് ഖുറേഷി.

മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ വച്ചാണ് ആളുകളെ മതം മാറ്റിയതെന്നും ഖുറേഷി പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

മതം മാറ്റിയതിന്റെ രേഖകള്‍ തയ്യാറാക്കിയതും പലരുടേയും രക്ഷകര്‍ത്താവായി ഒപ്പു വച്ചതും സഹായിയായ റിസ്‌വാനാണ്. റിസ്‌വാന്‍ നിരവധി തവണ കേരളത്തില്‍ വന്നു പോയിട്ടുണ്ടെന്നും ഖുറേഷി മൊഴി നല്‍കി.

കൊച്ചിയില്‍ നിന്നു കാണാതായ മെറിന്റെ സഹോദരന്‍ എബിന്‍ ജേക്കബ് നല്‍കിയ പരാതിയെത്തുടര്‍ന്ന് മുംബൈയില്‍ നിന്നാണ് ഖുറേഷിയേയും അനുയായി റിസ്വാന്‍ ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഖുറേഷിക്ക് കേരളവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളും പൊലീസ് കണ്ടെത്തി. 17 പേരെ ഐഎസിലെത്തിച്ചത് അര്‍ഷിദ് ഖുറേഷിയാണെന്ന് തെളിയിക്കുന്ന ടെലിഫോണ്‍ സംഭാഷണം പൊലീസിന് ലഭിച്ചിരുന്നു.

മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഗസ്റ്റ് റിലേഷന്‍ ഓഫീസറാണ് ഖുറേഷി. ഇയാളുടെ അടുത്ത അനുയായിയാണ് റിസ്‌വാന്‍ ഖാന്‍. മെറിന്റെ ഭര്‍ത്താവ് ബെസ്റ്റിന്‍(യഹിയ), ഖുറേഷി എന്നിവര്‍ക്കെതിരെ കൊച്ചി സിറ്റി പൊലീസ് യുഎപിഎ പ്രകാരം കേസെടുത്തിട്ടുണ്ട്.

മതം മാറ്റാന്‍ പ്രേരിപ്പിച്ചതിനും തീവ്രവാദ സംഘടനയില്‍ ചേരാന്‍ നിര്‍ബന്ധിച്ചതിനുമാണ് ഇരുവര്‍ക്കുമെതിരെ എബിന്‍ പരാതി നല്‍കിയത്.

Top