IS planning to attack again ; The aim of Russia and India

വാഷിങ്ടണ്‍: പാരിസില്‍ ആക്രമണ പരമ്പരക്കും കൂട്ടക്കൊലക്കും ശേഷം യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ സമാന തീവ്രവാദ ആക്രമണങ്ങള്‍ക്ക് ഐ.എസ് ഒരുങ്ങുന്നതായി അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി മേധാവി ജോണ്‍ ബ്രെന്നന്‍ വ്യക്തമാക്കി.

പാരീസിലേത് ഒറ്റപ്പെട്ട ആക്രമണം അല്ലെന്നാണ് വിലയിരുത്തല്‍. സിറിയയില്‍ ഐ.എസിനെതിരെ യുദ്ധം നടത്തുന്ന റഷ്യ അടക്കമുള്ള രാജ്യങ്ങളും ഏഷ്യയില്‍ ഇന്ത്യയും ഐ.സിന്റെ ലിസ്റ്റിലുള്ളവയാണ്.

സിറിയയില്‍ പിടിച്ചു നില്‍ക്കാന്‍ വിഷമിക്കുന്ന ഐ.എസ് തീവ്രവാദികളുടെ ചെറുസംഘങ്ങളെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചതായും ഇവരെ കണ്ടെത്തി ആക്രമണദൗത്യം തകര്‍ക്കാന്‍ സേനകളും രഹസ്യാന്വേഷണ ഏജന്‍സികളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നുമാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി നല്‍കുന്ന മുന്നറിയിപ്പ്.

നേരത്തെ ഇന്ത്യയില്‍ വിശുദ്ധ യുദ്ധം ആരംഭിക്കുമെന്ന് ഐ.എസ് വ്യക്തമാക്കിയിരുന്നു. നാല് മലയാളികള്‍ ഉള്‍പ്പെടെ 23 ഇന്ത്യക്കാര്‍ ഐ.എസ് തീവ്രവാദികളായി സിറിയയില്‍ ഉണ്ടെന്ന വിവരം നേരത്തെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’ക്ക് ലഭിച്ചിരുന്നു.

അതേസമയം സിനായിലെ വിമാനാപകടത്തിന് പിന്നില്‍ തീവ്രവാദികളാണെന്നി റഷ്യ വ്യക്തമാക്കി. ഒക്ടോബര്‍ 31നാണ് സിനായില്‍ റഷ്യന്‍ എയര്‍ ബസ് തകര്‍ന്ന് 224 യാത്രക്കാര്‍ മരിച്ചത്. അപകടത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിരുന്നെങ്കിലും റഷ്യ അത് നിഷേധിച്ചിരുന്നു.

സാങ്കേതിക പിഴവാണ് അപകടകാരണമെന്നായിരുന്നു റഷ്യയുടെ ആദ്യ നിലപാട്. എന്നാല്‍ വിമാനത്തിനകത്ത് നടന്ന സ്‌ഫോടനമാണ് അപകടത്തിനിടയാക്കിയതെന്ന് അന്വേഷണത്തിലാണ് വ്യക്തമാക്കിയത്.

സിറിയയില്‍ ഐ.എസ് കേന്ദ്രങ്ങള്‍ റഷ്യന്‍ വ്യോമ സേന ബോംബാക്രമണത്തില്‍ തകര്‍ത്തതിന് തിരിച്ചടിയായാണ് വിമാനം തകര്‍ത്തത്. ഇതോടെ സിറിയയില്‍ ഐ.എസിനെ തുടച്ചുനീക്കാനുള്ള സൈനിക നടപടിക്കാണ് റഷ്യ തുടക്കമിട്ടിരിക്കുന്നത്.

ഐ.എസിന് സാമ്പത്തിക സഹായം നല്‍കുന്ന രാജ്യങ്ങളുടെ വിവരങ്ങള്‍ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഐ.എസിന് സഹായം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഈ രാജ്യത്തലവന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഐ.എസിനെതിരായ നീക്കത്തില്‍ ശത്രുതമറന്ന് അമേരിക്കയും റഷ്യയും കൈകോര്‍ത്തിരിക്കുകയാണിപ്പോള്‍. ഐ.എസിനെ സംബന്ധിച്ചുള്ള രഹസ്യ വിവരങ്ങള്‍ ഇരുരാജ്യങ്ങളും പരപ്‌സപരം കൈമാറിത്തുടങ്ങിയിട്ടുണ്ട്.

Top