വസ്ത്രം ധരിക്കാതിരിക്കുന്നതും മൗലികാവകാശമാണോ?- സുപ്രിംകോടതി

ന്യൂഡൽഹി: ഇഷ്ടപ്രകാരമുള്ള വസ്ത്രധാരണം മൗലികാവകാശമാണെന്ന് വാദിച്ചാൽ വസ്ത്രം ധരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും മൗലികാവകാശമായി കാണേണ്ടിവരില്ലേ? അതുകൊണ്ട് ഭരണഘടനയുടെ 19-ാം വകുപ്പ് പ്രകാരമുള്ള അവകാശങ്ങളുടെ കൂട്ടത്തിൽ വസ്ത്രധാരണ അവകാശവും പെടുത്താമോ? ഹിജാബ് വിലക്ക് ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയിൽ നടക്കുന്ന വാദത്തിനിടയിൽ ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഈ ചോദ്യമുന്നയിച്ചത്.ഭരണഘടനയുടെ 19 (1)(എ) വകുപ്പ് പ്രകാരം വസ്ത്രധാരണം മൗലികാവകാശമാണെന്ന് സുപ്രിംകോടതി തന്നെ മുൻകാല വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ദേവദത്ത് കാമത്ത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഇത്. വസ്ത്രധാരണത്തിനുള്ള അവകാശം ആരും ഹനിക്കുന്നില്ലെന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

അതുപോലെ സ്‌കൂളിൽ ആരും വസ്ത്രം വേണ്ടെന്ന് വെക്കുന്നില്ലെന്ന് കാമത്ത് കൂട്ടിച്ചേർത്തു. ഭരണഘടനയുടെ 19-ാം വകുപ്പ് പ്രകാരം അധികവേഷമെന്ന നിലയിൽ ഹിജാബ് ധരിക്കുന്നത് നിയന്ത്രിക്കാനാകുമോ? ഹിജാബ് ക്രമസമാധാന പ്രശ്‌നമൊന്നും ഉണ്ടാക്കുന്നില്ല. ഏതെങ്കിലും ധാർമികതക്ക് വിരുദ്ധമാകുന്നുമില്ല. ഹിജാബ് ധരിക്കാൻ ആരും നിർബന്ധിക്കുന്നില്ല. ഒരു പെൺകുട്ടി അത് ധരിക്കാൻ ഇഷ്ടപ്പെട്ടാൽ സർക്കാറിന് വിലക്കാനാകുമോ?

ഹിജാബ് ധരിക്കുന്നതിനെ ആരും വിലക്കുന്നില്ലെന്നും സ്‌കൂളിൽ ധരിക്കുന്നതിന് മാത്രമാണ് വിലക്കെന്നും ജസ്റ്റിസ് ഗുപ്ത നിരീക്ഷിച്ചു. എന്നാൽ, ഹിജാബ് വിദ്യാലയങ്ങളിൽ വിലക്കിയ കർണാടക സർക്കാറിന്റെ ഉത്തരവ് ശരിയായ മതനിരപേക്ഷതക്ക് വിരുദ്ധമാണെന്ന് കാമത്ത് പറഞ്ഞു.

Top