IS new strategy

ബാഗ്ദാദ്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ പുതിയ യുദ്ധതന്ത്രം കുട്ടികളെ ഉപയോഗിച്ച്.

പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള കുട്ടികളെ ചാവേര്‍ ബോംബുകളാക്കിയാണ് ഐഎസ് പുതിയ ആക്രമണരീതികള്‍ ആസൂത്രണം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ബാഗ്ദാദില്‍ നിന്ന് സുരക്ഷാ സൈനികര്‍ പിടികൂടിയ പന്ത്രണ്ടു വയസുകാരനെ വസ്ത്രം അഴിച്ച് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് ഉഗ്രസ്‌ഫോടനശേഷിയുള്ള ബെല്‍റ്റ് ബോംബുകളായിരുന്നു.

ശരീരത്തില്‍ അണിഞ്ഞ രീതിയിലായിരുന്നു ബോംബ്. സ്വയം പൊട്ടിത്തെറിക്കാന്‍ ഉദ്ദേശിച്ച് എത്തിയതായിരുന്നു ബാലന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാഗ്ദാദിനു വടക്ക് കിര്‍ക്കുക്കില്‍ വച്ചാണ് പന്ത്രണ്ടുകാരനായ ബാലനെ ഇറാഖി പൊലീസ് പിടികൂടിയത്.

തുര്‍ക്കിയില്‍ വിവാഹപാര്‍ട്ടിയില്‍ സ്‌ഫോടനം ഉണ്ടായി 51 പേര്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ കഴിയുന്നതിനു മുമ്പാണ് ബാഗ്ദാദില്‍ നിന്ന് ബാലന്‍ അറസ്റ്റിലായത്.

തുര്‍ക്കിയില്‍ സ്വയം പൊട്ടിത്തെറിച്ചതും 14 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യനായിരുന്നു.

മെസ്സിയുടെ പടം ഉള്ള ജഴ്‌സി ഇട്ട ഒരു ആണ്‍കുട്ടിയെയാണ് പിടികൂടിയത്. ഈ രണ്ടു സംഭവങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍ ഐഎസുകാര്‍ കുട്ടികളെ ചാവേറുകളായി കൂടുതലായി ഉപയോഗിക്കുന്നു എന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്.

ബാഗ്ദാദിലെ ഷിയാ പള്ളിക്കു പുറത്ത് സ്‌ഫോടനം നടത്താന്‍ ഉദ്ദേശിച്ചാണ് ബാലന്‍ എത്തിയതെന്ന് സംശയിക്കുന്നു.

ബാലനില്‍ നിന്നും പിന്നീട് ബെല്‍റ്റ് ബോംബുകള്‍ ഊരിയെടുത്ത് നിര്‍വീര്യമാക്കി.

കുട്ടികളെ കാലിഫേറ്റിന്റെ സിംഹക്കുട്ടികള്‍ എന്നാണ് ഐഎസ് വിശേഷിപ്പിക്കുന്നത്.

ഐഎസ് കുട്ടികളെ പരിശീലിപ്പിക്കുന്ന വീഡിയോയും അടുത്തിടെ പുറത്തുവിട്ടിരുന്നു.

Top