ആ വാക്കുകളെ മോദിക്ക് ഭയമോ ? ജനപ്രതിനിധികൾക്കും രക്ഷയില്ലേ ?

പാർലമെന്റിന്റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ ലോക്സഭയിലും രാജ്യസഭയിലും ഉപയോ​ഗിക്കാൻ പാടില്ലാത്ത വാക്കുകളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. ഇതൊക്കെ ഡിക്ഷണറിയിൽ ഉള്ള വാക്കല്ലെ, ചുമ്മാ അൺപാർലമെന്ററി ഒന്നും അല്ലല്ലോ എന്ന് പറഞ്ഞുകൊണ്ട് നമ്മൾ പല വാക്കുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഡിക്ഷണറിയിൽ ഉണ്ടെങ്കിലും ഇനി ഈ വാക്കുകൾ ഒക്കെ അൺപാർലമെന്ററി അഥവാ സഭ്യേതര വാക്കുകൾ ആക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ലോക്സഭ സെക്രട്ടേറിയറ്റ് ആണ് അൺപാർലമെന്ററി വാക്കുകളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇനി നേതാക്കൾ ഒരല്പം കൂടി ശ്രദ്ധിച്ച് സംസാരിക്കുന്നതാവും നല്ലത്.

അഹങ്കാരി, അഴിമതിക്കാരൻ, മുതലക്കണ്ണീ‍ർ, ഗുണ്ടായിസം തുടങ്ങി 65ഓളം വാക്കുകളാണ് അൺപാ‍ർലിമെൻററിയായി പ്രഖ്യാപിച്ചിരിക്കുന്നത്. അൺപാർലിമെൻററി വാക്കുകളുടെയും പ്രയോഗങ്ങളുടെയും പട്ടികയുമായി കൈപ്പുസ്തകം കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച്, ‘ജൂംലജീവി’, ‘ബാല്‍ബുദ്ധി’, ‘കോവിഡ് പരത്തുന്നയാള്‍’, ‘സ്നൂപ്ഗേറ്റ്’ തുടങ്ങിയ പദങ്ങള്‍ ഇനി മുതല്‍ ലോക്സഭയിലും രാജ്യസഭയിലും അണ്‍പാര്‍ലമെന്റായി കണക്കാക്കും. അംഗങ്ങൾ സഭ്യേതര പ്രയോഗങ്ങൾ നടത്തുമ്പോഴാണ് ആ വാക്കുകൾ പട്ടികയിൽ ഇടം പിടിക്കുക. വാക്കുപയോഗിച്ച അംഗത്തിനെതിരെ സഭയിൽ പ്രതിഷേധമുയരും. സ്പീക്കർ ഇടപെടും. വാക്ക് സഭ്യേതരമെന്നു റൂൾ ചെയ്യും. അതോടെ ആ വാക്ക് അൺപാർലമെന്ററിയായി മാറും.

1964 മുതൽ അൺപാർമെന്ററിയായ വാക്കുകൾ നിയമസഭ ക്രോഡീകരിക്കുന്നുണ്ട്. 2 വർഷത്തിലൊരിക്കൽ ലോക്സഭാ സെക്രട്ടേറിയറ്റിൽ നിന്നു ആവശ്യപ്പെടുമ്പോൾ സഭ്യേതര വാക്കുകളുടെ പട്ടിക അയച്ചു കൊടുക്കാറുണ്ട്. അങ്ങനെ എല്ലാ നിയമസഭകളിൽ നിന്നും പട്ടിക വാങ്ങി ലോക്സഭ സമ്പൂർണ പട്ടിക തയാറാക്കി സൂക്ഷിക്കും. ഭാവിയിൽ റഫറൻസിന് വേണ്ടിയാണ് ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇപ്പോൾ ഈ വാക്കുകൾ സമാഹരിച്ചിരിക്കുന്നത്.

‘അരാഷ്ട്രീയവാദി’, ശകുനി, ഏകാധിപതി, ഖാലിസ്ഥാനി, കരിദിനം, കഴിവില്ലാത്തവൻ, കാപട്യം, തുടങ്ങിയ വാക്കുകളും നിരോധിച്ചിട്ടുണ്ട്. ഈ വാക്കുകളൊന്നും തന്നെ ഇരുസഭകളിലും നടക്കുന്ന ചർച്ചകളിൽ ഉപയോഗിക്കാൻ പാടില്ല. രാജ്യത്തെ വിവിധ നിയമസഭകളിലും കോമൺ‌വെൽത്ത് പാർലമെന്റുകളിലും ചില വാക്കുകളും പ്രയോഗങ്ങളും അൺപാർലമെന്ററിയായി പ്രഖ്യാപിക്കാറുണ്ട്. രക്തച്ചൊരിച്ചിൽ, രക്തത്തിൽ കുളിച്ച, ഭീരു, കുറ്റവാളി, ബാലിശം, അപമാനം, കഴുത, മന്ദബുദ്ധി, ഗുണ്ടകൾ, വിഡ്ഢി, നാടകം തുടങ്ങിയ വാക്കുകളൊക്കെ അൺപാർലിമെൻററിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. തെമ്മാടിത്തം, ബീഭൽസം, കൂളിത്തരം, ഹമുക്ക്, കൊള്ളക്കാരൻ, കൊലയാളി, ചോരകുടിയൻ, തോന്ന്യാസം തുടങ്ങിയ വാക്കുകളും സഭ്യേതര പട്ടികയിലുണ്ട്.

കേരള നിയമസഭയിൽ എല്ലാ ദിവസവും കേൾക്കുന്ന കള്ളം’ എന്ന വാക്ക് അൺപാർലമെന്ററി ആണെന്ന് പല സഭാംഗങ്ങൾക്കും അറിയില്ല എന്നതാണ് വാസ്തവം. സ്പീക്കറുടെ റൂളിങ് അനുസരിച്ച് കള്ളം എന്ന വാക്കിനു പകരം വേണമെങ്കിൽ വസ്തുതാവിരുദ്ധം എന്നു പറയാം.
താൻ എന്ന വാക്ക് വക്കം പുരുഷോത്തമൻ സ്പീക്കറായിരിക്കെയാണ് വിലക്കിയത്. തന്ത എന്ന വാക്ക് തെറ്റല്ലെങ്കിലും അതു പ്രയോഗിക്കുന്ന രീതി അലോസരമുണ്ടാക്കുന്നതാണെന്നായിരുന്നു സ്പീക്കറുടെ റൂളിങ്. 1981ൽ ഒരു മന്ത്രി, തന്റെ പാർട്ടിയിൽ ചെറുപ്പക്കാരുണ്ട്, അലവലാതികളില്ല എന്നു പ്രയോഗിച്ചതോടെ അലവലാതി എന്ന വാക്കിനും വിലക്കു വന്നു.

എന്നാൽ വാക്കുകൾ നിരോധിക്കാനുള്ള നീക്കത്തെ എതിർത്ത് ഇപ്പോൾ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. നരേന്ദ്രമോദി സർക്കാരിനെതിരെ വിമർശനം ഉന്നയിക്കാൻ പ്രതിപക്ഷം ഉപയോ​ഗിക്കുന്ന വാക്കുകളാണ് അൺപാർലമെന്ററി വാക്കുകളാക്കിയിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. ‘സംഘി’ എന്ന വാക്ക് ഇക്കൂട്ടത്തിൽ ഇല്ലെന്നും അവർ പരിഹസിച്ചു. വിമര്‍ശനങ്ങളില്‍നിന്നും പരുക്കന്‍ യാഥാര്‍ഥ്യത്തില്‍നിന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നിരോധന ഉത്തരവാണ് ‘അണ്‍ പാര്‍ലമെന്ററി പട്ടിക’എന്നാണ് പ്രതിപക്ഷം ആക്ഷേപമുയര്‍ത്തിയിരിക്കുന്നത് . പട്ടികയെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ‘അണ്‍പാര്‍ലമെന്ററിയ്ക്കു പുതിയ ‘നിര്‍വചനം’ എന്ന് ട്വീറ്റ് ചെയ്തിരുന്നു. . ”പുതിയ ഇന്ത്യയ്ക്കായുള്ള പുതിയ നിഘണ്ടു,” എന്നും അദ്ദേഹം പരിഹസിച്ചു.

പല സന്ദര്ഭങ്ങളിലും , പൊതുജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തെ വാമൂടികെട്ടാൻ ശ്രെമിച്ച മോഡി സർക്കാരിന്റെ കൂർമ്മ ബുദ്ധി തന്നെയാണ് ഇപ്പോൾ ലോക്സഭയിലേക്കും രാജ്യസഭയിലേക്കും നുഴഞ്ഞു കയറിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഭരണ പോരായ്മകൾ പ്രതിപക്ഷം ചൂണ്ടി കാണിക്കാൻ ഉപയോഗിച്ചിരുന്ന വാക്കുകൾ കേന്ദ്രത്തിന്റെ കണ്ണിൽ അൺപാർലമെന്ററി ആണെങ്കിലും കേന്ദ്ര സർക്കാരിന്റെ ചെയ്തികളെ വിശേഷിപ്പിക്കാൻ ഉതകുന്ന വാക്കുകൾ അത് തന്നെയാണ്. അതും ഓർത്താൽ നന്ന്!

റിപ്പോർട്ട്: ചൈതന്യ രമേശ്

 

Top