IS link of malayali girl merin ;investigation -kochi- school

കൊച്ചി:ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്നു സംശയിക്കുന്ന എറണാകുളം സ്വദേശിനി മറിയം (മെറിന്‍ ജേക്കബ്) അധ്യാപികയായി ജോലി ചെയ്ത കൊച്ചിയിലെ സ്‌കൂളിനെ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം.

സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിലേക്കു കഴിഞ്ഞവര്‍ഷം ശ്രീനഗറില്‍നിന്നു രണ്ടുലക്ഷം രൂപ എത്തിയതിനെക്കുറിച്ചു കേന്ദ്ര ഏജന്‍സികളടക്കം വിവരങ്ങള്‍ ശേഖരിച്ചു.

മുംബൈയിലെ കോള്‍ സെന്ററില്‍ ജോലി ചെയ്ത മെറിന്‍ ജേക്കബ് ഇസ്‌ലാം മതം സ്വീകരിച്ചതറിഞ്ഞ മാതാപിതാക്കള്‍, 2014 ഒക്ടോബറില്‍ മെറിനെ നാട്ടിലേക്കു കൊണ്ടുവന്നിരുന്നു.

മകളുടെ മതംമാറ്റത്തെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. പക്ഷേ, നാട്ടിലെത്തിയ മെറിന്‍ കൊച്ചി ചക്കരപ്പറമ്പിലെ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലിക്കു പോയി.

പിന്നീട് ഇതേ സ്‌കൂളിന്റെ പറവൂര്‍ തത്തപ്പള്ളിയിലെ ശാഖയിലും അധ്യാപികയായി. ഭര്‍ത്താവ് ബെന്‍സ്റ്റണ്‍ എന്ന യഹിയ നിര്‍ദേശിച്ചതനുസരിച്ചാണു മെറിന്‍ ഈ സ്‌കൂളുകളില്‍ ജോലി ചെയ്തതെന്നു വ്യക്തമായിട്ടുണ്ട്.

ഈ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയ പൊലീസ് സ്‌കൂളിന്റെ സാമ്പത്തിക സ്രോതസിനെക്കുച്ചുള്ള വിവരങ്ങളും ശേഖരിച്ചു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 17ന് ചക്കരപ്പറമ്പിലെ സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ശ്രീനഗറില്‍നിന്നു രണ്ടുലക്ഷം രൂപ നിക്ഷേപിച്ചതായി വ്യക്തമായി.

ഇതേ ദിവസം ഹൈദരാബാദില്‍നിന്ന് ഒരു ലക്ഷം രൂപയും സ്‌കൂളിന്റെ അക്കൗണ്ടിലേക്കെത്തി. സിഡിഎം മെഷീന്‍ വഴിയാണ് ഈ പണം നിക്ഷേപിക്കപ്പെട്ടത്. പണം നിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നുണ്ട്.

മെറിനും ഭര്‍ത്താവും ഭര്‍തൃസഹോദരനും ഭാര്യയും ഉള്‍പ്പെടെ 21 മലയാളികളെ അടുത്തിടെ ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു. ഇവരെല്ലാവരും ഐഎസില്‍ ചേര്‍ന്നെന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം.

Top