Is Kerala module planned attacks against mattancherry church

ന്യൂഡല്‍ഹി: ഐ.എസ് ഭീകരരുടെ കേരള ഘടകം അന്‍സാറുള്‍ ഖലീഫ കൊച്ചിയിലെ ജൂതപ്പള്ളിയും ജൂതവംശജരെയും ലക്ഷ്യവെച്ച് ആക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് കേന്ദ്ര ഐ.ബിക്കു വിവരം കൈമാറി.

കണ്ണൂര്‍ കനകമലയില്‍ നിന്നും കുറ്റ്യാടിയില്‍ നിന്നും തിരുനെല്‍വേലിയിലും നിന്നുമായി 10 പേരെയാണ് ഐ.എസ് ബന്ധത്തിന്റെ പേരില്‍ എന്‍.ഐ.എ അറസ്റ്റു ചെയ്തത്. കേരളത്തില്‍ ഐ.എസിന്റെ തീവ്രവാദ പരിശീലനം നേടിയ 30പേരുണ്ടെന്നും സ്ലീപ്പിങ് സെല്ലായി ഓപ്പറേഷന് സഹായം നല്‍കാനും, ഒളിത്താവളങ്ങളും സംരക്ഷണവും നല്‍കാനായി കൂടുതല്‍ പേരുമുണ്ടെന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ച വിവരം.

കൊച്ചിയിലെ പൈതൃകസ്മാരകമായി സംരക്ഷിച്ചുവരികയാണ് ജൂതപ്പള്ളി. വിരലിലെണ്ണാവുന്ന ജൂത വംശജരേ കൊച്ചിയിലുള്ളൂ. എന്നാല്‍ ജൂത വിദേശ സഞ്ചാരികള്‍ ജൂതപള്ളി സന്ദര്‍ശിക്കാറുണ്ട്. കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന ഇസ്രയേലി പൗരന്‍മാര്‍ക്കും കൊച്ചിയിലെ ജൂതപ്പള്ളിക്കും ജൂതവംശജര്‍ക്കും സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ഇസ്രയേല്‍ ഔദ്യോഗികമായി തന്നെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ജഡ്ജിമാരെയും പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരെ ലക്ഷ്യം വെച്ചത് കണ്ടെത്തിയെങ്കിലും ജൂതപള്ളിയും ജൂതന്‍മാര്‍ക്കു നേരെയുള്ള ആക്രമണവുമാണോ അന്‍സാറുല്‍ ഖലീഫ ആസൂത്രണം ചെയ്തിരുന്നതെന്ന കാര്യവും എന്‍.ഐ.എയും പ്രത്യേകം അന്വേഷിക്കുന്നുണ്ട്. ഒക്ടോബര്‍ രണ്ടിനായിരുന്നു ജൂതന്‍മാരുടെ പുതുവല്‍സരം. ഇതുമായി ബന്ധപ്പെട്ട് ഇസ്രയേലില്‍ നിന്നും നിരവധി ടൂറിസ്റ്റുകളാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്. ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ഇസ്രയേല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മുസ്‌ലിം തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന രാാജ്യമാണ് ഇസ്രയേല്‍. ഇന്ത്യയുമായി സൈനിക സഹകരണവുമുണ്ട്.

Top