കേരളം ഭീകര ഭീഷണിയിലോ ? ഐ.എസില്‍ ചേരാനായി 55 മലയാളികള്‍ സിറിയയില്‍ . .

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട് ഭീകര റികൂട്ടിങ് കേന്ദ്രമാകുന്നുവോ ?

സംസ്ഥാനത്തിനു മാത്രമല്ല, രാജ്യത്തിനു തന്നെ ഏറെ ഭീതി ഉയര്‍ത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

സിറിയ അടക്കമുള്ള രാഷ്ട്രങ്ങളില്‍ ഐ.എസ് ചാവേറുകളാകാന്‍ പോയവര്‍ തിരിച്ചടികളെ തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങുന്നു എന്ന വിവരം ഗൗരവമായാണ് കേന്ദ്ര ഏജന്‍സികളും സംസ്ഥാന പൊലീസും കാണുന്നത്.

ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കവെ തന്നെ ഐ.എസില്‍ ചേരാനായി 55 മലയാളികള്‍ വീണ്ടും സിറിയയിലെത്തിയതായ വിവരമാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

ഇവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്നാണ് ഐ.ബിയുടെ നിഗമനം.

ഗള്‍ഫ് വഴിയാണ് മിക്കവരും സിറിയയിലേക്കും ഇറാനിലേക്കും കടക്കുന്നതത്രെ.

ഗള്‍ഫില്‍ പോയ ശേഷം യാതൊരു വിവരവുമില്ലാത്തവരുടെ എണ്ണം തിട്ടപ്പെടുത്തി ഇവര്‍ക്കായി സമഗ്രമായ അന്വേഷണമാണ് ഇപ്പോള്‍ നടന്നുവരുന്നത്.

ഇങ്ങനെ ‘കാണാതായ’വരുടെ ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണം ഭയന്ന് നിശബ്ദത പാലിക്കുന്നത് അന്വേഷണ ഏജന്‍സികള്‍ക്ക് തിരിച്ചടിയാണെങ്കിലും എമിഗ്രേഷന്‍ രേഖകള്‍ പരിശോധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനും ശ്രമിക്കുന്നുണ്ട്.

സിറിയയിലും മറ്റും പോയി ഐ.എസിന്റെ ആയുധപരിശീലനവും ആശയങ്ങളും വശത്താക്കിയവര്‍
ഇന്ത്യയില്‍ തിരിച്ചെത്തുന്നത് വലിയ ഭീഷണിയായി മാറുമെന്ന മുന്നറിയിപ്പാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്നത്.

ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ ഐ.എസില്‍ ചേരാന്‍ പോയതും അവിടെ കൊല്ലപ്പെട്ടതുമെല്ലാം മലയാളികളാണ്.

ഇതിനകം തന്നെ നാല്‍പ്പതോളം പേരെ ഐ.എസ് ബന്ധത്തിന്റെ പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.

ഇവരില്‍ പലരും ഭീകരബന്ധത്തിന് അവിടെ ഒരു മാസം മുതല്‍ ആറു മാസം വരെ തടവുശിക്ഷ അനുഭവിച്ചവരാണ്.

ഇതില്‍ കൂടുതല്‍ പേര്‍ റാസല്‍ ഖൈമയില്‍ നിന്ന് കടന്ന മലയാളി യുവാവുമായി ബന്ധപ്പെട്ടവരാണ്.

അതേ സമയം തിരിച്ചു വന്നവരിലും ഇപ്പോള്‍ സിറിയയില്‍ ഉള്ളവരിലുമായ നൂറോളം പേരില്‍ 13 പേര്‍ക്ക് കേരളത്തിലെ ചില സംഘടനകളുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

കേരളം അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നാണ് കേന്ദ്ര ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്.

Top