Is Join youngster texts to family

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് 19 മലയാളികള്‍ ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നെന്ന സംശയം ബലപ്പെട്ടു വരവെ, കാണാതായ യുവാക്കളില്‍ ഒരാള്‍ താന്‍ ഇസ്ലാമിക സ്‌റ്റേറ്റിലെത്തിയതായി വ്യക്തമാക്കുന്ന സന്ദേശം കുടുംബത്തിന് അയച്ചതായി റിപ്പോര്‍ട്ട്.

കാസര്‍കോട് നിന്ന് കാണാതായ മുഹമ്മദ് മര്‍വാന്‍ ആണ് മെസേജിംഗ് ആപ്പായ ടെലഗ്രാം വഴി സന്ദേശം അയച്ചത്. ”അള്ളാഹുവിന്റെ പാതയില്‍ പോരാടുന്നത് തീവ്രവാദം ആണെങ്കില്‍ ഞാനും തീവ്രവാദിയാണ്” എന്നാണ് മര്‍വാന്റെ സന്ദേശം. ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

താന്‍ ഐഎസിന്റെ സ്വാധീന മേഖലയിലാണെന്ന് യുവാവ് അവകാശപ്പെടുന്നതെങ്കിലും രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഐഎസുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം കാശ്മീര്‍, ഗുജറാത്ത്, മുസാഫര്‍ നഗര്‍ എന്നിവിടങ്ങിലെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന മുസ്ലീങ്ങളെ സഹായിക്കാനായി തിരികെ എത്തുമെന്നും മര്‍വാന്റെ സന്ദേശത്തില്‍ പറയുന്നു.

സിറിയയിലും ഇറാക്കിലുമെല്ലാം കുട്ടികളടക്കമുള്ള മുസ്ലീങ്ങള്‍ അമേരിക്കയുടേയും റഷ്യയുടേയും ബോംബാക്രമണത്തില്‍ കൊന്നൊടുക്കപ്പെടുകയാണ്.

ഇങ്ങനെ മുസ്ലീം സമൂഹം കൂട്ടക്കൊല ചെയ്യപ്പെടുമ്പോള്‍ സമാധാനമായി ഇരിക്കാന്‍ കഴിയുന്നത് എങ്ങനെയാണെന്നും മര്‍വാന്‍ സന്ദേശത്തില്‍ ചോദിക്കുന്നു.

തന്നെ ആരും പ്രേരിപ്പിച്ച് ഐഎസിലേക്ക് അയച്ചിട്ടില്ലെന്നും സ്വമേധയാ ഐഎസില്‍ ചേരുകയായിരുന്നുവെന്നും ഇയാള്‍ അവകാശപ്പെട്ടു.

Top