സ്വർണ്ണക്കട്ടിലുകളിൽ കിടന്നുറങ്ങുന്ന ഷാർജ സുൽത്താന് കൈക്കൂലിയോ ?

സ്വർണ്ണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നിൽ കേന്ദ്ര ഏജൻസിയിലെ ഉദ്യാഗസ്ഥനും പങ്കെന്ന് സൂചന. സംസ്ഥാന ഇൻ്റലിജൻസിനാണ് ഇത്തരമൊരു സൂചന ലഭിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് സ്വപ്ന നൽകിയ രഹസ്യമൊഴിയിൽ ഈ ഉദ്യോഗസ്ഥന്റെ ഇടപെടലും ഉണ്ടായതായാണ് സംശയിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന അന്വേഷിക്കുന്ന കേരള പൊലീസ് ശേഖരിക്കുന്നുണ്ട്. സ്വപ്നയും സംഘവും കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിലിരിക്കെ നൽകിയ മൊഴികളിൽ മിക്കതിലും ആവശ്യമായ തെളിവുകൾ കണ്ടെത്താൻ ഇതുവരെ കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. ഇതിൽ മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും കെ.ടി ജലീലിനുമെതിരായ ആരോപണത്തിൽ കഴമ്പില്ലന്നു കണ്ടെത്തിയതും ഇതേ ഏജൻസികൾ തന്നെയാണ്.

“ഒരു പ്രതിക്ക് എന്തും വിളിച്ചു പറയാം, ഈ പ്രതിയുമായി ഒരിക്കലെങ്കിലും സംസാരിച്ചിട്ടുള്ള ആരെ വേണമെങ്കിലും, കേസിലേക്ക് വലിച്ചിഴക്കുകയും ചെയ്യാം”. അതിനു പക്ഷേ അല്പായുസ്സ് മാത്രമാണ് ഉണ്ടാവുക. സ്വപ്ന ഉൾപ്പെടെയുള്ളവരുടെ മൊഴി പ്രകാരമാണ് ശ്രീരാമകൃഷ്ണന്റെയും ജലീലിന്റെയും മൊഴി കേന്ദ്ര ഏജൻസികൾ രേഖപ്പെടുത്തിയിരുന്നത്. ഡൽഹിയിൽ നിന്നുള്ള പ്രത്യേക നിർദ്ദേശപ്രകാരം മോദിയുടെ അടുത്ത സുഹൃത്തായ ഉന്നത ഉദ്യോഗസ്ഥൻ നേരിട്ട് മേൽ നോട്ടം വഹിച്ചിട്ടും ഒരു തെളിവും ഇടതുപക്ഷത്തെ ഈ നേതാക്കൾക്കെതിരെ ലഭിച്ചിരുന്നില്ല. തുടർന്ന്, നിറം പിടിപ്പിച്ച നുണക്കഥകൾ പടച്ചുവിട്ടിരുന്ന മാധ്യമങ്ങളുടെ ‘നിറമാണ്’ മങ്ങിയിരുന്നത്. ഇവരുടെ എല്ലാം കുപ്രചരണങ്ങൾക്കുള്ള ഒന്നാന്തരം മറുപടിയാണ് കഴിഞ്ഞ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം നൽകിയിരുന്നത്. ഇടതുപക്ഷത്തിനു തുടർ ഭരണം നൽകിയാണ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് ജനങ്ങൾ തിരിച്ചടി നൽകിയിരിക്കുന്നത്. ഇത്തവണ മത്സരിച്ചില്ലങ്കിലും പൊന്നാനിയിൽ മുന്നിൽ നിന്നു പട നയിച്ചതും ശ്രീരാമകൃഷ്ണനായിരുന്നു. ഇടതു സ്ഥാനാർത്ഥിക്ക് ചരിത്ര ഭൂരിപക്ഷമാണ് അവിടെ ലഭിച്ചിരിക്കുന്നത്. തവനൂരിൽ കെ ടി ജലീലിനെ തോൽപ്പിക്കാൻ, ‘നന്മ മരത്തെ’ തന്നെ രംഗത്തിറക്കിയിട്ടും ആ മണ്ണിൽ പാറിയതും ചെങ്കൊടി തന്നെയാണ്. ഈ രണ്ട് മണ്ഡലങ്ങളും ടാർഗറ്റ് ചെയ്ത പ്രതിപക്ഷത്തിനു കിട്ടിയതാകട്ടെ ഒന്നാന്തരം പ്രഹരമാണ്. എന്നിട്ടും അവർ പാഠം പഠിച്ചിട്ടില്ലന്നതാണ് ഇപ്പോഴത്തെ തെരിവുയുദ്ധങ്ങൾ കാണുമ്പോൾ തോന്നിപ്പോവുക.

മുൻപ് പ്രയോഗിച്ച് പരാജയപ്പെട്ട അതേ ആയുധം തന്നെയാണ് സ്വപ്നയും സംഘവും ഇപ്പോൾ വീണ്ടും പരീക്ഷിക്കുന്നത്. അതിനു അവർക്ക് കരുത്ത് പകരുന്നതാകട്ടെ സംഘപരിവാർ നേതൃത്വവുമാണ്. പരിവാർ നേതാക്കൾ നയിക്കുന്ന സ്ഥാപനത്തിൽ സ്വപ്നയെ വിളിച്ചു വരുത്തി ജോലി നൽകിയതു തന്നെ ‘രഹസ്യ അജണ്ട’ മുൻ നിർത്തിയാണ്. ഈ ആരോപണത്തെ സാധൂകരിക്കുന്ന വിവരങ്ങളാണിപ്പോഴും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇത്തവണ സ്വപ്നയുടെ ലക്ഷ്യം മുഖ്യമന്ത്രിയും കുടുംബവുമാണ്. മുഖ്യമന്ത്രി ‘ചെമ്പിൽ’ സ്വർണ്ണം കടത്തിയെന്നാണ് പ്രധാന ആരോപണം. “ആലിബാബയും 41 കള്ളൻമാരും” എന്ന പുരാതനകഥയെ ഇഷ്ടപ്പെടുന്ന സ്വപ്നയ്ക്ക് സ്വപ്നത്തിൽ തോന്നിയ വെളിപാടാണ് ആരോപണരൂപത്തിൽ പുറത്തു വന്നിരിക്കുന്നത്. വിശ്വാസ്യയോഗ്യമായ ഒരു തെളിവു പോലും അവർക്ക് ഇതുവരെ പൊതു സമൂഹത്തിനു മുന്നിൽ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. സമനില തെറ്റിയ പോലെ പെരുമാറുന്ന സ്വപ്ന വീണ്ടും വീണ്ടും പഴയ ആരോപണങ്ങൾ ആവർത്തിക്കുകയാണ് ചെയ്യുന്നത്. കസ്റ്റംസ് അന്വേഷിച്ച് കഴമ്പില്ലന്നു കണ്ട ആരോപണമാണ് ശ്രീരാമകൃഷ്ണനെതിരെ വീണ്ടും അവർ ഉന്നയിച്ചിരിക്കുന്നത്.

ഷാര്‍ജയില്‍ സുഹൃത്തിന്റെ കോളജിന് ഭൂമി ലഭിക്കാന്‍ ശ്രീരാമകൃഷ്ണന്‍ വഴിവിട്ട് ഇടപെട്ടുവെന്നും കോണ്‍സുലേറ്റ് ജനറലിനു കോഴനല്‍കിയെന്നുമാണ് സ്വപ്ന ആരോപിക്കുന്നത്. സ്വപ്നയുടെ ഈ വാദം തന്നെ യുക്തിക്ക് നിരക്കാത്തതാണ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ റോയുടെയും ഐ.ബിയുടെയും വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന ആരോപണമാണിത്.

കോണ്‍സുല്‍ ജനറലുമായോ ഷാര്‍ജ ഷെയ്ഖുമായോ വ്യക്തിപരമായ യാതൊരു അടുപ്പവുമില്ലന്നും ഫോണ്‍ നമ്പര്‍ പോലും കൈയ്യിലില്ലെന്നും ശ്രീരാമകൃഷ്ണനും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. “ഷാര്‍ജ ഷെയ്ഖിനും കോണ്‍സുല്‍ ജനറലിനും കൈക്കൂലി കൊടുക്കാന്‍ മാത്രം താൻ വളര്‍ന്നോ എന്നു” തിരിച്ചു ചോദിച്ച അദ്ദേഹം മാസ് മറുപടിയാണ് നൽകിയിരിക്കുന്നത്.

ഷാര്‍ജാ ഭരണാധികാരിക്ക് ഡി.ലിറ്റ് നല്‍കാന്‍ ജലീല്‍ സമ്മര്‍ദം ചെലുത്തിയെന്നതാണ് സ്വപ്നയുടെ മറ്റൊരു ആരോപണം. മാധ്യമങ്ങളിൽ വാർത്ത വരുത്തുവാൻ നൽകിയ ‘സത്യമല്ലാത്ത’ സത്യവാങ്മൂലമായേ ഇതിനെയും വിലയിരുത്താൻ കഴിയുകയൊള്ളു. ഉന്നതരെ വലിച്ചിഴച്ചാൽ കേസിൽ നിന്നും രക്ഷപ്പെടാൻ വഴി ഒരുങ്ങുമെന്ന ബുദ്ധി ആരു തന്നെ പറഞ്ഞു കൊടുത്താലും അത് ഒടുവിൽ തിരിച്ചടിക്കുക തന്നെയാണ് ചെയ്യുക. സ്വപ്ന ആദ്യം തിരിച്ചറിയേണ്ടതും അതു തന്നെയാണ്.

ക്രൈം ത്രില്ലർ സീരീസ്‌ പോലെ ശ്രീരാമകൃഷ്ണൻ സരിത്തിനെയാണ് പണമടങ്ങിയ ബാഗ് ഏല്‍പ്പിച്ചതെന്നും കോണ്‍സുലേറ്റ് ജനറലിന് പണം നല്‍കിയശേഷം ആ ബാഗ് സരിത്തെടുത്തു എന്നുമാണ് സ്വപ്നയുടെ വാദം. ഇതാണ് സരിത്തിന്റെ വീട്ടില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തതെന്നാണ് സ്വപ്ന ചൂണ്ടിക്കാട്ടുന്നത്. “ഈ ബാഗ് മോദിയുടെ ബാഗാണെന്ന മാത്രം സ്വപ്ന പറയാതിരുന്നത് എന്തായാലും ‘വലിയ ഭാഗ്യമാണ്”
സ്വര്‍ണക്കടത്തിലും കള്ളപ്പണ ഇടപാടിലുമെല്ലാം കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ആരോപണത്തിന്റെ നിഴലിലാക്കിയവരെയാണ് വീണ്ടും വീണ്ടും വേട്ടയാടാൻ ” ടീം സ്വപ്ന” ശ്രമിക്കുന്നത്. ഈ പുതിയ ‘ടീമിൽ’ ഇപ്പോൾ സംഘപരിവാറുകാരും ഉള്ളതിനാൽ, ‘കളി’ എന്തായാലും വേറെ ലെവലിലാണ്. അക്കാര്യവും വ്യക്തമായി കഴിഞ്ഞു. ജനങ്ങളുടെ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന കളികളാണിത്.
സ്വർണ്ണക്കടത്തു കേസ് അന്വേഷിച്ചത് ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാറിന്റെ ഏജൻസികളാണ്. അതല്ലാതെ പിണറായിയുടെ പൊലീസല്ല. ഇടതുപക്ഷ നേതാക്കൾക്കെതിരായ ആരോപണത്തിൽ കഴമ്പിലന്നു കണ്ടെത്തിയതും ഇതേ ഏജൻസികൾ തന്നെയാണ്. അതേ മൊഴികൾ തന്നെയാണ് സ്വപ്ന വീണ്ടും ആവർത്തിച്ചിരിക്കുന്നത്. ഇത്തവണ മുഖ്യമന്ത്രിയാണ് പ്രധാന “ടാർഗറ്റ് “എന്ന വ്യത്യാസം മാത്രമാണുള്ളത്.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്, തെരുവിൽ അടിമേടിച്ച് കൂട്ടുന്ന യു.ഡി.എഫുകാർ, ഇക്കാര്യങ്ങൾ കൂടി മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

EXPRESS KERALA VIEW

 

Top