നൊബേല്‍ ലഭിക്കാന്‍ രണ്ടാം ഭാര്യ വിദേശിയായാല്‍ മതി; അഭിജിത് ബാനര്‍ജിയെ പരിഹസിച്ച് ബിജെപി നേതാവ്

കൊല്‍ത്തത്ത: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം കരസ്ഥമാക്കിയ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിയെ പരഹിസിച്ച് ബിജെപി നേതാവ്. ബിജെപി ദേശീയ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ പാര്‍ട്ടി മുന്‍ അധ്യക്ഷനുമായ രാഹുല്‍ സിന്‍ഹയാണ് അഭിജിത് ബാനര്‍ജിയെ പരിഹസിച്ച്പരാമര്‍ശം നടത്തിയത്.

‘രണ്ടാമത്തെ ഭാര്യമാര്‍ വിദേശികളായിട്ടുള്ളവര്‍ക്കാണ് കൂടുതലും നൊബേല്‍ സമ്മാനം ലഭിക്കുന്നത്’. ‘രണ്ടാമത്തെ ഭാര്യയായി ഒരു വിദേശിയെ ലഭിക്കുന്നത് നൊബേല്‍ നേടുന്നതിനുള്ള ഒരു മാനദണ്ഡമാണോ’… തുടങ്ങിയ പരാമശങ്ങളാണ് സിന്‍ഹ നടത്തിയത്.

നേരത്തെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും അഭിജിത് ബാനര്‍ജിക്കെതിരെ രംഗത്തെത്തിയിരുന്നു. അഭിജിത് ബാനര്‍ജിയുടെ ന്യായ് പദ്ധതി ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം ഇടത് പക്ഷക്കാരനാണെന്നുമാണ് ഗോയല്‍ പറഞ്ഞത്.

‘ഗോയല്‍ പറഞ്ഞത് ശരിയാണ്, ഇത്തരം ആളുകള്‍ ഇടതുപക്ഷ നയങ്ങള്‍ സാമ്പത്തിക ശാസ്ത്രത്തില്‍ വിതറും. ഇടതുപക്ഷ പാതയിലൂടെ സാമ്പത്തിക ഘടന പ്രവര്‍ത്തിപ്പിക്കണമെന്ന് അവര്‍ ആഗ്രഹിക്കും. എന്നാല്‍ ഇടതുപക്ഷ നയങ്ങള്‍ രാജ്യത്ത് അനാവശ്യമായി മാറിയിരിക്കുന്നുവെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

ഫ്രഞ്ച്-അമേരിക്കന്‍ സാമ്പത്തിക വിദഗ്ദ്ധയായ എസ്താര്‍ ഡഫ്ലോ, അമേരിക്കന്‍ പ്രഫസര്‍ മിഷേല്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പമാണ് അഭിജിത് ബാനര്‍ജി ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം പങ്കിട്ടത്. എസ്താര്‍ ഡഫ്ലോ അഭിജിത് ബാനര്‍ജിയുടെ രണ്ടാം ഭാര്യയാണ്.

Top