സ്വപ്നയുടെ ആരോപണം വെട്ടിലാക്കുന്നത് നരേന്ദ്രമോദി സർക്കാറിനെ, ‘പണി’ പാളുമോ ?

സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ വെട്ടിലാക്കുന്നത് കേന്ദ്ര സർക്കാറിനെ ഒറ്റയ്ക്കും കോണ്‍സല്‍ ജനറലിനൊപ്പവും രഹസ്യ കൂടിക്കാഴ്ചയ്ക്കായി രാത്രി ഏഴ് മണിക്ക് ശേഷം ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ടെന്ന സ്വപ്ന സുരേഷിന്റെ പ്രസ്താവനയാണ് മോദി സർക്കാറിനെ വെട്ടിലാക്കുന്നത്.

“ഈ കൂടിക്കാഴ്ചയൊന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയല്ലെന്നു കൂടി ” സ്വപ്‌ന പറഞ്ഞതോടെ മറുപടി പറയേണ്ടത് ഇനി വിദേശകാര്യ മന്ത്രാലയം മാത്രമല്ല കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൂടിയാണ്. മറ്റൊരു രാജ്യത്തിന്റെ കോണ്‍സല്‍ ജനറലിനൊപ്പവും രഹസ്യമായും സ്വപ്ന മുഖ്യമന്ത്രിയുടെ വസതിയിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെങ്കിൽ എന്തു കൊണ്ട് അത് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അറിഞ്ഞില്ലന്നതാണ് പ്രധാന ചോദ്യം. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ ഐ.ബിയുടെ ശക്തമായ സാന്നിധ്യമുള്ള സംസ്ഥാനമാണ് കേരളം. അതുപോലെ തന്നെ യു.എ.ഇ’ യിലെ കാര്യം അറിയാനാണെങ്കിൽ ഇന്ത്യൻ ഏജൻസിയായ റോയും അവിടെയുണ്ട്. ഏത് തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങളും രാജ്യ താൽപ്പര്യത്തിനെതിരായ നീക്കങ്ങളും വഴിവിട്ട സന്ദർശനങ്ങളുമെല്ലാം പരിശോധിച്ച് കേന്ദ്ര സർക്കാറിനു റിപ്പോർട്ട് നൽകുകയെന്നത് ഈ ഏജൻസികളുടെ ഉത്തരവാദിത്വമാണ്. സ്വപ്ന ആരോപിക്കുന്നതു പോലെ നിയമ വിരുദ്ധമായ വല്ലതും സംഭവിച്ചിരുന്നെങ്കിൽ, ഇതിനകം തന്നെ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ കേരള സർക്കാറിനോട് വിശദീകരണം തേടുമായിരുന്നു. കടുത്ത നടപടികളിലേക്കും മോദി സർക്കാർ കടക്കുമായിരുന്നു. എന്നാൽ, അതൊന്നും തന്നെ ഇവിടെ സംഭവിച്ചിട്ടില്ല. ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടത് തന്നെ കേരളമാണ്. കേന്ദ്ര ഏജൻസികൾ അരിച്ചു പെറുക്കിയിട്ടും മുഖ്യമന്ത്രിക്കെതിരെ ഒരു തെളിവും കിട്ടിയിട്ടില്ല.

” മറ്റൊരു രാജ്യത്തിന്റെ പ്രതിനിധിയായ കോണ്‍സല്‍ ജനറലിന് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണാന്‍ പറ്റില്ലന്നും. അതിനാല്‍ തന്നെ ഈ കൂടിക്കാഴ്ചയെല്ലാം ചട്ടവിരുദ്ധമാണെന്നും പറയുന്ന സ്വപ്ന ഇതറിഞ്ഞു കൊണ്ട് എന്തിനാണ് കോൺസുൽ ജനറലിനൊപ്പം പോയതെന്ന ചോദ്യത്തിനു കൂടി ഉടൻ മറുപടി പറയേണ്ടതുണ്ട്. നല്ല ഉദ്ദേശത്തിൽ നടത്തുന്ന സന്ദർശനങ്ങളെ പോലും സംശയത്തിൻ്റെ പുകമറയിൽ നിർത്താനാണ് ഇതു വഴി സ്വപ്ന ശ്രമിച്ചിരിക്കുന്നത്.

ഇന്ത്യയിലെ മറ്റു സംസ്ഥാന സർക്കാറുകളിൽ നിന്നും വ്യത്യസ്തമായി വൈകാരികമായ ഒരടുപ്പം ചില വിദേശ രാജ്യങ്ങളുമായി കേരളത്തിനും തമിഴ്നാടിനുമുണ്ട്. യു.എ.ഇയുമായി കേരളത്തിനുള്ളത് ആഴത്തിലുള്ള ആത്മബന്ധമാണ്. ലക്ഷക്കണക്കിനു മലയാളികൾ ജോലി ചെയ്യുന്ന നാടാണത്.

കേരളത്തിന്റെ സമ്പദ്‌ഘടനയില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കുന്നവരാണ് പ്രവാസികള്‍. കേരളത്തിലെ സമസ്‌ത മേഖലകളുടെയും പുരോഗതിക്കു വലിയ പിന്തുണയാണ്‌ പ്രവാസി മേഖലയില്‍ നിന്നും ലഭിക്കുന്നത്‌. കേരളത്തിന്റെ ജീവിത നിലവാരം ഉയര്‍ന്ന നിലയില്‍ കൊണ്ടുപോകുന്നതിലെ പ്രധാന പങ്കും പ്രവാസികള്‍ വഹിക്കുന്നുണ്ട്‌. ഇവരിൽ നല്ലൊരു വിഭാഗവും യു.എ.ഇ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതു കൊണ്ടു തന്നെ ഈ രാജ്യങ്ങളിലെ ഭരണാധികാരികൾക്കും കേരളത്തോട് പ്രത്യേക കരുതലാണുള്ളത്.

സമാനമായ ഒരു അടുപ്പമാണ് ശ്രീലങ്ക മലേഷ്യ ഭരണകൂടങ്ങളുമായി തമിഴ്നാടിനുമുള്ളത്. ലക്ഷക്കണക്കിന് തമിഴ് വംശജർ ഉള്ള രാജ്യങ്ങൾ കൂടിയാണിത്. ഇവിടെ നിന്നുള്ള കോൺസുൽ ജനറൽമാരല്ല ‘അതുക്കും’ മീതെ ഭരണാധികാരികൾ തന്നെ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളുടെ ആരാധകരാണ്.

“ഡി.എം.കെ അധികാരത്തിൽ ഉണ്ടെങ്കിലും ഇല്ലങ്കിലും, മലേഷ്യ മണ്ണിനും ഡി.എം.കെയ്ക്കുമുള്ള ബന്ധം തുടർന്നു കൊണ്ടേയിരിക്കും” എന്നാണ് മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രി എം. ശരവണൻ തുറന്നടിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിനെ പുകഴ്ത്തി നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ഈ പരാമർശം. ഇങ്ങനെ മറ്റൊരു രാജ്യത്തെ മന്ത്രി പറഞ്ഞതിനെ ഇവിടെ ആരും ചോദ്യം ചെയ്തതായി കണ്ടിട്ടില്ല. കേന്ദ്ര സർക്കാറും പ്രതികരിച്ചിട്ടില്ല. ഈ വീഡിയോ ഇപ്പോഴും യൂട്യൂബിൽ ലഭ്യവുമാണ്. ഈ മലേഷ്യൻ മന്ത്രി പിന്നീട് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചപ്പോൾ അന്നത്തെ സിംഗപ്പൂർ വിദേശകാര്യമന്തി വിവിയൻ ബാലകൃഷ്ണൻ നേരിട്ടാണ് ചെന്നൈയിൽ കുതിച്ചെത്തിയിരുന്നത്.

“തമിഴ്നാടും സിംഗപ്പൂരും തമ്മിൽ അടുത്ത ബന്ധം സ്ഥാപിക്കുന്നതിനുള്ള ശക്തമായ വക്താവായിരുന്നു ജയലളിത എന്നാണ് ” അദ്ദേഹം അനുസ്മരിച്ചിരുന്നത്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ സിംഗപ്പൂരിലെ മറ്റൊരു മന്ത്രിയായിരുന്ന കെ ഷൺമുഖവും അവരെ സന്ദർശിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ട്. തമിഴ് നാടും സിംഗപ്പൂരും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ആഴത്തിലാക്കണ്ടതിന്റെ ആവശ്യകത തമിഴ്‌നാട് മുഖ്യമന്ത്രിയെ അറിയിക്കുകയും സിംഗപ്പൂരിലേക്ക് ക്ഷണിക്കുക കൂടി ചെയ്താണ് ഷൺമുഖം മടങ്ങിയിരുന്നത്. ഇക്കാര്യം ദി എക്കണോമിക് ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ ഇ.കെ പളനി സ്വാമി യുകെ, യുഎസ്, യുഎഇ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ ഔദ്യോഗിക സന്ദർശനത്തിന് പോകുന്ന തമിഴ് നാട്ടിലെ ആദ്യ മുഖ്യമന്ത്രിയും പളനി സ്വാമി തന്നെയാണ്. ഇതിനു ശേഷം അധികാരമേറ്റെടുത്ത എം.കെ സ്റ്റാലിനും യു.എ.ഇ സന്ദർശിച്ച് മന്ത്രിമാരുമായും വ്യവസായ പ്രമുഖരുമായും ചർച്ചകൾ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സ്റ്റാലിന്റെ യു.എ.ഇ. സന്ദർശനത്തിലൂടെ തമിഴ്നാട്ടിലേക്ക് ഒഴുകിയെത്തിയത് 6100 കോടി രൂപയുടെ നിക്ഷേപമാണ്. ആറ് പ്രമുഖ വ്യവസായസ്ഥാപനങ്ങളുമായി 6,100 കോടിയുടെ നിക്ഷേപ കരാറുകളിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇതുവഴി 14,700 പേർക്ക് തൊഴിലും ഇനി ലഭിക്കും. ലുലുഗ്രൂപ്പുമായി മാത്രം 3,500 കോടിയുടെ നിക്ഷേപകരാറിലാണ് സ്റ്റാലിൻ ഒപ്പുവെച്ചത്. 2,500 കോടി നിക്ഷേപത്തിൽ രണ്ട് ഷോപ്പിങ് മാളുകളും 1000 കോടിയുടെ കയറ്റുമതി അധിഷ്ഠിത ഭക്ഷ്യസംസ്കരണശാലയും ലുലു ഗ്രൂപ്പ് തമിഴ്നാട്ടിൽ സ്ഥാപിക്കുന്നുണ്ട്.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ യു.എ.ഇ സന്ദർശനം കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ അറബ് മണ്ണിൽ കാലുകുത്തിയിരുന്നത്. യു.എ.ഇ തലസ്ഥാനമായ അബുദാബിയിലും ദുബായിലും ചരിത്രപരവും വൈകാരികവുമായ ബന്ധം ഓർമിപ്പിക്കുന്ന സ്വീകരണമാണ് കേരള മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നത്. ജനുവരി 29നാണ് മുഖ്യമന്ത്രി യുഎഇയിൽ എത്തിയത്. എക്‌സ്‌പോ നഗരിയിൽ മുഖ്യമന്ത്രിയെ യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമാണ് സ്വീകരിച്ചിരുന്നത്. തുടർന്ന് യുഎഇ ഭരണനേതൃത്വവുമായി നടന്ന കൂടിക്കാഴ്ച, എമിറേറ്റുമായുള്ള മലയാളക്കരയുടെ ബന്ധവും സഹകരണവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു. കേരളത്തിന്റെ വികസനത്തിന് യുഎഇയുടെ പിന്തുണ ഉറപ്പു വരുത്തിയാണ് മുഖ്യമന്ത്രി അറബ് മണ്ണിൽ നിന്നും മടങ്ങിയിരുന്നത്.

പിണറായി കേരളത്തിൽ തിരിച്ചെത്തി അധികം താമസിയാതെ തന്നെയാണ് സ്വപ്ന സുരേഷിൻ്റെ രണ്ടാം ‘എപ്പിസോഡിനും’ തുടക്കമായിരിക്കുന്നത്. ഇത്തവണ ബിരിയാണി ചെമ്പിലാണ് സ്വപ്ന ‘കൈ’വച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ കോൺസൽ ജനറൽ ക്ലിഫ് ഹൗസിൽ കണ്ടെന്നു പറഞ്ഞും സ്വപ്ന ആരോപണ ശരങ്ങൾ തൊടുത്തുവിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തെയും അവർ വെറുതെ വിട്ടിട്ടില്ല. ഇത്തവണ വീണില്ലെങ്കിൽ ഇനിയൊരിക്കലും വീഴ്ത്താൻ കഴിയില്ലന്ന കണക്കു കൂട്ടലിൽ, പ്രതിപക്ഷവും സ്വപ്നക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്വർണ്ണം കടത്തി കറൻസി കടത്തി നിയമ വിരുദ്ധമായി പ്രവർത്തിച്ചു എന്നൊക്കെയാണ് ആരോപണങ്ങൾ. എന്തു തന്നെ കടത്തിയാലും കേന്ദ്ര സുരക്ഷാ സേനയുടെ നിയന്ത്രണത്തിലുള്ള വിമാനതാവളത്തിൽ എന്തു കൊണ്ടു ‘പിടിച്ചില്ല’ എന്ന മറുചോദ്യത്തിനാണ് ആദ്യം മാധ്യമങ്ങളും പ്രതിപക്ഷവും ഉത്തരം പറയേണ്ടത്.

ഡിപ്ലോമാറ്റിക് പരിരക്ഷയുള്ള ഉദ്യോഗസ്ഥൻ വഴി കള്ളക്കടത്ത് നടത്തി എന്നു പറഞ്ഞാലൊന്നും വിശ്വസിക്കാൻ കഴിയുകയില്ല. ഡിപ്ലോമാറ്റിക് ചാനൽ വഴി അനധികൃതമായി എന്തു ചെയ്താലും അതു കണ്ടെത്താനും രാജ്യത്തിന് നിലവിൽ സംവിധാനമുണ്ട്. റോയും ഐ.ബിയും ഒക്കെ നമുക്കുള്ളത് അതിനു കൂടിയാണ്.

ഉദാഹരണത്തിന് ഡൽഹിയിലെ പാക്കിസ്ഥാൻ എംബസിയിലേക്ക് എന്തൊക്കെയാണ് കൊണ്ടു വരുന്നത് എന്നത് മനസ്സിലാക്കാനും വേണ്ടി വന്നാൽ കണ്ടു പിടിക്കാനും വരെ ശേഷിയുള്ള ശക്തമായ ഇൻ്റലിജൻസ് സംവിധാനമാണ് നമ്മുടെ രാജ്യത്തിനുള്ളത്. അത്തരം സംവിധാനങ്ങളിൽ തന്നെയാണ് രാജ്യത്തിന്റെ സുരക്ഷയും നിലനിൽക്കുന്നത്. അടുപ്പമുള്ള രാജ്യങ്ങളായാലും എന്തൊക്കെ ‘സ്വാതന്ത്ര്യം’ എംബസികളുമായി ബന്ധപ്പെട്ട് നൽകിയാലും എല്ലാ രാജ്യങ്ങളിലെയും ഇൻ്റലിജൻസ് സംവിധാനങ്ങളുടെ ഒരു കണ്ണ്, ഈ ”റൂട്ടിലും ” ഉണ്ടാകും. അതാകട്ടെ സ്വാഭാവികവുമാണ്. ഡിപ്ലോമാറ്റിക് ചാനലിനെ കുറിച്ച് പ്രസംഗിക്കുന്നവർ അതും ഓർക്കുന്നതു നല്ലതാണ്. സ്വപ്ന സുരേഷും സംഘവും സ്വർണ്ണം കടത്തിയെങ്കിൽ അത് കേന്ദ്ര ഇൻ്റലിജൻസ് സംവിധാനത്തിൻ്റെ കൂടി പരാജയമാണ്. മോദി സർക്കാർ നിയന്ത്രിക്കുന്ന വിമാനതാവളത്തിൽ അവരുടെ കീഴിലുള്ള ഉദ്യാഗസ്ഥർ ബി.ജെ.പിയുടെ പ്രഖ്യാപിത ശത്രുവായ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ഒരു ഔദാര്യവും നൽകുകയില്ല. കറൻസി കടത്താൻ പോയിട്ട്, ‘കർച്ചീഫ്’ കടത്താൻ പോലും പിണറായിയും ധൈര്യപ്പെടുകയില്ല. സാമാന്യ ബോധമുള്ളവർക്ക് ചുമ്മാ ചിന്തിച്ചാൽ തന്നെ മനസ്സിലാക്കാവുന്ന കാര്യങ്ങളാണ് ഇതൊക്കെ. സിനിമയുടെ തിരക്കഥയെ വെല്ലുന്ന കഥകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ആ ‘പരിപ്പ് ‘ എന്തായാലും, ഈ ‘ചെമ്പിൽ’ വേവാൻ സാധ്യതയില്ല.

EXPRESS KERALA VIEW

Top