ബാഗ്ദാദിയുടെ മൃതദേഹം കടലില്‍ മറവ് ചെയ്തതായി യുഎസ് സൈന്യം

വാഷിംഗ്ടണ്‍: ലോകത്തിലെ ‘മോസ്റ്റ് വാണ്ടഡ്’ എന്നു വിശേഷിപ്പിക്കപ്പെട്ട ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയുടെ മൃതദേഹം ഇസ്ലാം മതവിശ്വാസ പ്രകാരമുള്ള ചടങ്ങുകള്‍ക്കുശേഷം കടലില്‍ സംസ്‌കരിച്ചുവെന്ന് യുഎസ് സൈന്യം.

സിറിയയില്‍ അമേരിക്ക നടത്തിയ ആക്രമണത്തിനിടെ ഒളിത്താവളത്തില്‍ നിന്ന് പിടികൂടിയ ബാഗ്ദാദിയെ കൊന്നുകളഞ്ഞതായി യുഎസ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംസ്‌കരിച്ചത് കടലിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. സ്വയം പൊട്ടിത്തെറിച്ചാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്.

എവിടെയാണ് ബാഗ്ദാദിയുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയതെന്നോ, എത്ര സമയം നീണ്ടു നിന്നുവെന്നോ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയില്ല. വിമാനത്തില്‍ നിന്ന് ബാഗ്ദാദിയുടെ ഭൗതിക ശരീരം കടലില്‍ മറവു ചെയ്തതായി രണ്ട് സൈനിക ഉദ്യേഗസ്ഥരാണ് അറിയിച്ചത്. മൃതദേഹം മറവുചെയ്തുവെന്നും അത് ഉചിതമായി തന്നെ പൂര്‍ത്തിയാക്കിയെന്നും അധികൃതര്‍ വ്യക്തമാക്കിയതായി ന്യൂസ് ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. മറവ് ചെയ്തത് യുഎസ് സൈന്യത്തിന്റെ നടപടിക്രമങ്ങളിലൂടെയാണെന്നും അവര്‍ വ്യക്തമാക്കി.

2011ല്‍ യുഎസ് പ്രത്യേക സേന പാകിസ്താനില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദിന്റെ മൃതദേഹവും സമാന തരത്തില്‍ കടലിലാണ് സംസ്‌ക്കരിച്ചത്.

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ലോകത്തെ അറിയിച്ചത്. സിറിയയിലെ അമേരിക്കന്‍ സൈനിക നടപടിക്കിടയില്‍ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. അമേരിക്കന്‍ സൈന്യത്തെ കണ്ട് ഭയന്ന് തന്റെ മൂന്ന് കുട്ടികളുമായി ഒരു തുരങ്കത്തിനകത്തേക്ക് കടന്ന ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്.ഈ മൂന്ന് കുട്ടികളും പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടുവെന്നും ട്രംപ് അറിയിച്ചിരുന്നു.

Top