ഒരു കോടി രൂപക്കും മീതെയാണോ, ചെന്നിത്തലയ്ക്ക് ഒരു ഐ ഫോണ്‍ ??

രു ‘ഐ’ ഫോണ്‍ ആരോപണത്തില്‍ നിയമനടപടിക്കൊരുങ്ങിയ രമേശ് ചെന്നിത്തല ഒരു കോടിയുടെ ആരോപണത്തില്‍ മൗനം പാലിക്കുന്നതില്‍ ദുരൂഹത. എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് നിയമനടപടി സ്വീകരിക്കാതിരിക്കുന്നത് എന്ന ചോദ്യത്തിനാണ് രാഷ്ട്രീയ കേരളവും ഇപ്പോള്‍ ഉത്തരം തേടുന്നത്. ചെന്നിത്തല ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ബാറുടമ ബിജു രമേശാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ മൂലയിലൊതുക്കിയ പ്രധാന മാധ്യമങ്ങളാകട്ടെ ജോസ് കെ മാണിയുടെ പത്ത് കോടി ‘വാഗ്ദാന’ത്തിനാണ് പ്രാമുഖ്യം നല്‍കിയിരുന്നത്. വാങ്ങിയതും വാഗ്ദാനവും തമ്മിലുള്ള വ്യത്യാസമെങ്കിലും മാമാ മാധ്യമങ്ങള്‍ തിരിച്ചറിയണമായിരുന്നു.

ഇവിടെ ചെന്നിത്തലയ്ക്കും മറ്റ് രണ്ട് മുന്‍ മന്ത്രിമാര്‍ക്കും വേണ്ടിയാണ് കുത്തക മാധ്യമങ്ങള്‍ പ്രതിരോധം തീര്‍ത്തിരിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടിയും, മുന്‍ മന്ത്രിമാരായ കെ ബാബുവിന് 50 ലക്ഷവും, വി എസ് ശിവകുമാറിന് 25 ലക്ഷവും നല്‍കിയെന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയിരിക്കുന്നത്. ജോസ് കെ മാണിയുടേത് വാഗ്ദാനമായിരുന്നെങ്കില്‍ ചെന്നിത്തലയും മറ്റ് രണ്ട് മുന്‍ മന്ത്രിമാരും നോട്ട് എണ്ണി വാങ്ങുകയായിരുന്നുവെന്നാണ് ആരോപണം. ഗൗരവമായി കാണേണ്ട ഈ ആരോപണത്തിന് നേരെയാണ് മുഖ്യധാരാ മാധ്യമങ്ങളും മുഖം തിരിച്ചത്. ജോസ് കെ മാണിക്കെതിരായ ആരോപണത്തില്‍ മാത്രമാണ് ഈ മാധ്യമങ്ങള്‍ ഊന്നല്‍ നല്‍കിയിരുന്നത്. ഇടതുപക്ഷം വിഷയം ഏറ്റെടുക്കാതിരിക്കാനായിരുന്നു ഈ തന്ത്രം.

യു.ഡി.എഫില്‍ നില്‍ക്കുമ്പോള്‍ ജോസ് കെ മാണി എന്തൊക്കെ ചെയ്തു എന്നത് ഇടതുപക്ഷത്തെ സംബന്ധിച്ച് ബാധിക്കുന്ന കാര്യമല്ല. അതിനും മറുപടി നല്‍കേണ്ടത് കോണ്‍ഗ്രസ്സ് നേതൃത്വമാണ്. ബാര്‍കോഴ കേസ് തന്നെ മാണിയെ ഒതുക്കാനാണ് കോണ്‍ഗ്രസ്സ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ ആരോപണം ഉന്നയിച്ച ബിജു രമേശാകട്ടെ ഐ ഗ്രൂപ്പ് നേതാവായ അടൂര്‍ പ്രകാശിന്റെ അടുത്ത ബന്ധുവുമാണ്. അടൂര്‍ പ്രകാശിനെ യു.ഡി.എഫ് കാലത്ത് റവന്യൂ മന്ത്രിയാക്കിയതും ചെന്നിത്തല ഇടപെട്ടാണ്. മാണിയെ കുരുക്കുന്നതിന് അടൂര്‍ പ്രകാശും ചെന്നിത്തലയും ഗൂഢാലോചന നടത്തിയെന്ന സ്വകാര്യ ഏജന്‍സിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതും അടുത്തയിടെയാണ്. അതു കൊണ്ട് തന്നെ ജോസ് കെ മാണിക്കെതിരായ ആരോപണത്തിന് ഒരു പ്രസക്തിയുമില്ല. അത് സ്വാഭാവികവുമാണ്.

എന്നാല്‍ ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ആരോപണം ഗുരുതരം തന്നെയാണ്. കാരണം ഐ ഗ്രൂപ്പ് നേതാവിന്റെ ബന്ധു തന്നെയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പണം വാങ്ങിയിട്ടില്ലങ്കില്‍ ബിജു രമേശിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാകണം. ഐ ഫോണ്‍ വിവാദത്തില്‍ കാട്ടിയ ആവേശം ഒരു ‘കോടിയുടെ’ കാര്യത്തില്‍ കാണിച്ചില്ലെങ്കില്‍ ചെന്നിത്തല പണം വാങ്ങിയെന്ന് തന്നെ വിശ്വസിക്കേണ്ടി വരും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന വന്‍ കോഴ ഇടപാടിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ‘അതൊക്കെ അന്ന് പരിശോധിച്ചതാണെന്ന’ ചെന്നിത്തലയുടെ വാദമൊന്നും ഇവിടെ വിലപ്പോവുകയില്ല.

ചെന്നിത്തല പൊലീസ് മന്ത്രിയാകുമ്പോള്‍ നടന്ന അന്വേഷണത്തെ വിശ്വസിക്കാന്‍ ജനങ്ങള്‍ മണ്ടന്‍മാരൊന്നുമല്ല. മുഖ്യമന്ത്രിയാവാന്‍ കുപ്പായമിട്ട് നില്‍ക്കുന്ന ചെന്നിത്തലയും സംശയത്തിന് അതീതനാകണം. അതിന് സത്യസന്ധമായ അന്വേഷണമാണ് നടക്കേണ്ടത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹരിപ്പാട് നടന്ന പൊലീസ് നിയമന തട്ടിപ്പ് പോലെ ഇതും അട്ടിമറിക്കപ്പെടരുത്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിരീക്ഷണം അനിവാര്യമാണ്. 2015 ലാണ് പൊലീസ് നിയമനം തരപ്പെടുത്തി തരാം എന്ന് വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശി ശരണ്യ വിവിധ സ്ഥലങ്ങളില്‍ നിന്നും വന്‍തോതില്‍ പണപ്പിരിവ് നടത്തിയിരുന്നത്.

50,000 മുതല്‍ രണ്ട് ലക്ഷം വരെയായിരുന്നു അഡ്വാന്‍സ് തുകയായി കൈപറ്റിയിരുന്നത്. മൊത്തത്തില്‍ കോടികള്‍ വരുമിത്.
ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ ലെറ്റര്‍പാഡും സീലും ഉപയോഗിച്ചായിരുന്നു തട്ടിപ്പ് എന്നത് കേസിനെ അതീവ ഗൗരവമുള്ളതാക്കിയിരുന്നു. തുടക്കത്തില്‍ കായംകുളം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിച്ചിരുന്നത്. അറസ്റ്റിലായിരുന്ന ശരണ്യ പൊലീസിനും തുടര്‍ന്ന് ഹരിപ്പാട് കോടതിയിലും നല്‍കിയ മൊഴികളില്‍ ചെന്നിത്തലയുടെ ഓഫീസിനെയും പരാമര്‍ശിച്ചിരുന്നു. ഇതോടെ ഭരണതലത്തില്‍ ഇടപെടല്‍ നടത്തി അന്വേഷണം ചെന്നിത്തലയുടെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥന് കൈമാറുകയാണുണ്ടായത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ നേതൃത്വവും അന്ന് തന്നെ രംഗത്ത് വന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ശരണ്യയില്‍ സമ്മര്‍ദ്ദം ചെലുത്തി ചെന്നിത്തലയുടെ ഓഫീസിനെതിരായ പരാമര്‍ശം പിന്‍വലിപ്പിക്കുകയായിരുന്നുവെന്ന ആരോപണവും ഞെട്ടിക്കുന്നതായിരുന്നു. ആരും ആവശ്യപ്പെടാതെ തന്നെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് പരാതിക്കാരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചെന്നിത്തലയുടെ ഓഫീസിനെ പൂര്‍ണ്ണമായും ഒഴിവാക്കിയായിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അനസലി ഡി.ജി.പിക്ക് പരാതിയും നല്‍കുകയുണ്ടായി.കേസില്‍ തുടരന്വേഷണം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ ആര് അദ്ദേഹത്തിന് എതിരെ അന്വേഷണം നടത്തുമെന്നാണ് ഡി.വൈ.എഫ്.ഐ ചോദിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാറിന് വീണു കിട്ടിയ നല്ലൊരു ആയുധമാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ഇതോടൊപ്പം ശരണ്യ കേസില്‍ കൂടി പുനരന്വേഷണത്തിന് സാധ്യത തേടിയാല്‍ പ്രതിപക്ഷമാണ് ശരിക്കും പ്രതിരോധത്തിലാകുക.

Top