സാമ്പത്തിക ഉപദേഷ്ടാവിന്റെ നിര്‍ദേശങ്ങളും വിഡ്ഢിത്തമാണെന്നാണോ മോദി പറയുന്നത് ; പി.ചിദംബരം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മുന്‍ ധനമന്ത്രി പി.ചിദംബരം രംഗത്ത്.

കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ നിര്‍ദേശങ്ങളും വിഡ്ഢിത്തമാണെന്നാണോ മോദി പറയുന്നത് എന്നായിരുന്നു ചിദംബരത്തിന്റെ ആക്ഷേപം.

18 ശതമാനം ഒറ്റത്തട്ട് നികുതി വിഡ്ഢിത്തമെന്ന് പറയുന്ന മോദി അപ്പോള്‍ അരവിന്ദ് സുബ്രഹ്മണ്യം ഉള്‍പ്പടെയുള്ള സാമ്പത്തികവിദഗ്ധരുടെ അഭിപ്രായങ്ങളും വിഡ്ഢിത്തമാണെന്നാണോ കരുതുന്നത് എന്നായിരുന്നു ചിദംബരത്തിന്റെ ചോദ്യം. ഇതേക്കുറിച്ച് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റവന്യൂ ന്യൂട്രല്‍ റേറ്റിനെക്കുറിച്ചുള്ള വിദഗ്ധസമിതിയുടെ പഠനറിപ്പോര്‍ട്ട് മോദി ശരിക്ക് വായിച്ചില്ലേ എന്നും ചിദംബരം ചോദിച്ചു.

നികുതിയും ചെലവുമെന്ന ധര്‍മ്മസിദ്ധാന്തമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ പെട്രോളിനും ഡീസലിനും വില കുറയ്ക്കാറില്ലല്ലോ എന്നും അദ്ദേഹം വിമര്‍ശിച്ചു.

ചരക്ക് സേവന നികുതി നിലവില്‍ വരുമ്പോള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കിട്ടുന്ന നികുതിവരുമാനത്തെക്കുറിച്ച് പഠിച്ച കമ്മിറ്റിയുടെ കണ്ടെത്തല്‍ ജി.എസ്.ടി നിരക്ക് 15.015.5 ശതമാനമാണെങ്കില്‍ സര്‍ക്കാരുകള്‍ക്ക് വരുമാനനഷ്ടം വരില്ല എന്നതായിരുന്നു. റവന്യൂ ന്യൂട്രല്‍ റേറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ഇതിന്‍ പ്രകാരം ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യന്‍ ശുപാര്‍ശ ചെയ്ത ജിഎസ്ടി നിരക്ക് 17-19 ശതമാനം വരെയാണ്. ഈ ശുപാര്‍ശയെ അടിസ്ഥാനപ്പെടുത്തി ഏറ്റവും ഉയര്‍ന്ന ജിഎസ്ടി നിരക്ക് 18 ശതമാനമായി നിശ്ചയിക്കണമെന്നാണ് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടത്.

എന്നാല്‍, കോണ്‍ഗ്രസ്സിന്റെ ആവശ്യത്തെ പമ്പരവിഡ്ഢിത്തം എന്നാണ് പ്രധാനമന്ത്രി പരിഹസിച്ചത്.

ആഡംബര കാറിനും ഉപ്പിനും ഒരേ നികുതി മതിയെന്നാണോ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത് എന്നും മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Top