കമ്മ്യൂണിസ്റ്റാണ്, പ്രശ്‌നം പരിഹരിക്കാനുള്ള ശേഷിയുണ്ട്, സുധാകരന്റെ സഹായം വേണ്ട; എഐഎസ്എഫ് വനിതാ നേതാവ്

കോട്ടയം: കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന് മറുപടിയുമായി എഐഎസ്എഫ് വനിതാ നേതാവ്. താന്‍ കമ്മ്യൂണിസ്റ്റ് ആണെന്ന് കെ സുധാകരനോട് എഐഎസ്എഫ് വനിതാ നേതാവ് വ്യക്തമാക്കി. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള കെ സുധാകരന്റെ നിലപാട് സ്വാഗതം ചെയ്യുന്നു എന്നാല്‍ പ്രശ്നം പരിഹരിക്കാനുള്ള ശേഷി എഐഎസ്എഫിന് ഉണ്ടെന്ന് വനിതാ നേതാവ് ചൂണ്ടിക്കാട്ടി. സിപിഐഎം – സിപിഐ വിഷയമായി ഇതിനെ കാണരുതെന്നും വനിതാ നേതാവ് പറഞ്ഞു.

നേരത്തെ, സംഭവത്തില്‍ ഒരു സിപിഐ നേതാവിന് പോലും പ്രതികരിക്കാന്‍ ധൈര്യമില്ലെന്നും സിപിഐക്ക് നട്ടെല്ല് നഷ്ടമായെന്നും സുധാകരന്‍ പ്രതികരിച്ചിരുന്നു. സിപിഐ വിടാന്‍ ആഗ്രഹിക്കുന്നവരെയും സുധാകരന്‍ സ്വാഗതം ചെയ്തു. കോണ്‍ഗ്രസില്‍ ഏകാധിപതികള്‍ ഇല്ല. സിപിഐ വിട്ട് എത്തുന്നവര്‍ക്ക് ഗുണ്ടകള്‍ വില പറയില്ല. എംജി യൂണിവേഴ്‌സിറ്റി വിഷയത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നില്ലെങ്കില്‍ അത് കൊണ്ടുപോകാന്‍ കോണ്‍ഗ്രസിന് അറിയാമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

എസ്എഫ്‌ഐ നേതാക്കള്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണമാണ് എഐഎസ്എഫ് വനിതാ നേതാവ് ഉയര്‍ത്തിയത്. എംജി സര്‍വകാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെയാണ് സംഭവം നടന്നതെന്നാണ് പരാതി. എസ്എഫ്‌ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമല്‍ സി എ, അര്‍ഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയ കെ എം അരുണ്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.

Top