ചെറിയ തെറ്റിന് വലിയ ശിക്ഷ ശരിയാണോ ? ; കെ ടി ജലീൽ

തിരുവനന്തപുരം: വെറും ഒരുകൊല്ലത്തെ ഡെപ്യൂട്ടേഷൻ നിയമനം നടത്തിയതിന് രാഷ്ട്രീയ വധശിക്ഷ വിധിക്കുന്നത് ശരിയാണോ എന്ന് കെ.ടി ജലീൽ എംഎൽഎ. തെറ്റിന് അനുസരിച്ചല്ലേ ശിക്ഷ വിധിക്കേണ്ടത്, ചെറിയ ഒരു തെറ്റിന് വലിയ ശിക്ഷ വിധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത നിയമഭേദതി സംബന്ധിച്ച ചർച്ചയിലായിരുന്നു ജലീലിന്റെ പരാമർശം.

അതേസമയം മോഷണം ചെറുതായാലും വലുതായാലും ശിക്ഷയുണ്ടാകുമെന്നായിരുന്നു എൻ. ശംസുദ്ദീന്റെ മറുപടി. ഭരണഘടന തൊട്ട് സത്യം ചെയ്ത ഒരാൾ ബന്ധുവിനെ നിയമിക്കാനല്ല മന്ത്രിയാകുന്നത്. ബന്ധുനിയമനം നടത്തിയെന്ന് ലോകായുക്ത കണ്ടെത്തിയാൽ പിന്നെ അതിന്റെ വലിപ്പവും ചെറുപ്പവും നോക്കേണ്ടതില്ല. അതിന്റെ പേരിൽ ലോകായുക്ത തന്നെ വേണ്ടതില്ല എന്ന് തീരുമാനിക്കുന്നത് ശരിയല്ലെന്നും ശംസുദ്ദീൻ പറഞ്ഞു.

ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്ത് ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ കെ.ടി ജലീൽ അദ്ദേഹത്തിന്റെ ബന്ധുവായ കെ.ടി അദീബിനെ നിയമിച്ചത് വലിയ വിവാദമായിരുന്നു. മന്ത്രി അധികാരദുർവിനിയോഗം നടത്തിയെന്ന് ലോകായുക്ത കണ്ടെത്തിയതിനെ തുടർന്ന് ജലീലിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. ഇത് സംബന്ധിച്ചാണ് ജലീൽ ചെറിയ കുറ്റത്തിന് വലിയ ശിക്ഷ വിധിക്കാമോയെന്ന് സഭയിൽ ചോദിച്ചത്.

Top