Irshi raj singh, This is kerla , Here not alloewd Thaliban administration

മിസ്റ്റര്‍ ഋഷിരാജ് സിംങ്ങ് ..

സ്ത്രീ പീഡനകേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ പോലും യഥാസമയം പിടിക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്ന സ്വന്തം വര്‍ഗ്ഗത്തോട് ആദ്യം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ഉപദേശം കൊടുത്തിട്ട് വേണം സ്ത്രീകളെ നോക്കുന്നവര്‍ക്കെതിരെ തിരിയാന്‍.

ബലാത്സംഗ കേസിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു എന്ന് ആരോപിച്ച് കൊച്ചിയില്‍ ഒരു പിതാവ് വിലപിച്ച ദിവസം തന്നെയാണ് പതിനാല് സെക്കന്റ് ഒരാള്‍ പെണ്‍കുട്ടിയെ നോക്കിയാല്‍ അയാളെ ജയിലിലടക്കാമെന്ന് പറഞ്ഞ് താങ്കള്‍ രംഗത്ത് വന്നിരുന്നത്.

സ്ത്രീപീഡകരെ കുടുക്കാന്‍ തങ്കള്‍ക്ക് അധിയായ ആഗ്രഹം ഉണ്ടെങ്കില്‍ സഹ പ്രവര്‍ത്തകനായ പൊലീസ് മേധാവിയോട് ഇതു പോലെ വിലപിക്കുന്ന നിരവധി മാതപിതാക്കളുടെയും ഇരകളുടെയും കണ്ണീര്‍ ഒപ്പാനുള്ള നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം നല്‍കേണ്ടിയിരുന്നത്.

പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ ‘ കടത്തിവെട്ടി ‘എക്‌സൈസ് കമ്മീഷണറായ താങ്കള്‍ ഇപ്പോള്‍ നടത്തിയ ‘ നോട്ടം പ്രകടനത്തെ ‘ കേവലം ഒരു പബ്ലിസിറ്റി സ്റ്റണ്ടായി മാത്രമേ കാണാന്‍ സാധികൂ.

ഇത്തരം ചെപ്പടി വിദ്യകള്‍ നടത്തിയാണല്ലോ താങ്കള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്… കഷ്ടം !

വ്യാജമദ്യ- മയക്കു മരുന്ന് മാഫിയ തലവന്‍മാരെ പിടികൂടുന്നതിന് പകരം ചില്ലറ വില്‍പനക്കാരെയും മറ്റും പിടികൂടാന്‍ കാണിക്കുന്ന താങ്കളുടെ ആവേശം സ്ത്രീകളെ നോക്കിപോയി എന്ന കുറ്റത്തിന് പുരുഷന്‍മാരോട് കാണിക്കാന്‍ ശ്രമിക്കരുത്.

മയക്കുമരുന്നു ഉപയോഗത്തില്‍ സ്വന്തം സ്വദേശമായ പഞ്ചാബിന്റെ തൊട്ട് പിന്നില്‍ കൊച്ചിയാണെന്ന് പറഞ്ഞ താങ്കള്‍, അതിനുള്ള പരിഹാരം കണ്ടിട്ട് മതി അധികാര പരിധിക്ക് പുറത്തുള്ള കാര്യത്തില്‍ ഇടപെടാന്‍.

ചില്ലറക്കാരെ പിടികൂടി അവരുടെ കൂടെ ഫോട്ടോയെടുത്ത് പുറത്ത് വിട്ടത് കൊണ്ട് മാത്രം ഇവിടെ മയക്കു മരുന്ന് മാഫിയ തകരില്ലല്ലോ ?
പാതിരാത്രിയില്‍ താങ്കള്‍ ‘ രഹസ്യ ഓപ്പറേഷന്’ ഇറങ്ങിയാലും അത് ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങളില്‍ വരുന്നതില്‍ നിന്ന് തന്നെ ‘താല്‍പര്യങ്ങളും’ വ്യക്തമാണല്ലോ

താങ്കള്‍ മുന്‍പിരുന്ന പല വകുപ്പുകളിലെയും ഈ വണ്‍മാന്‍ ഷോയുടെ ആവര്‍ത്തനമാണ് ഇപ്പോള്‍ ‘പതിനാല് സെക്കന്റിലും ‘ പ്രകടമാവുന്നത്.

ഒരു പെണ്‍കുട്ടിയോട് പതിനാല് സെക്കന്റിലല്ല ഒരു സെക്കന്റില്‍ പോലും അപമാനകരമായ രൂപത്തില്‍ പെരുമാറിയാല്‍ ആ വ്യക്തിക്കെതിരെ തീര്‍ച്ചയായും നടപടി സ്വീകരിക്കേണ്ടത് തന്നെയാണ്.പക്ഷേ അത് യുക്തിപരം കൂടിയാകണം .

ന്യൂജനറേഷന്‍ ‘വസ്ത്രധാരണത്തോടെ ‘ പെണ്‍ക്കുട്ടികള്‍ പുറത്തിറങ്ങുന്ന പുതിയ കാലത്ത് 14 സെക്കന്റല്ല അതില്‍ കൂടുതല്‍ സമയം പയ്യന്‍മാര്‍ നോക്കി പോവും.അതിനെ നോട്ടക്കാരെ മാത്രം എങ്ങനെ കുറ്റം പറയാന്‍ സാധിക്കും ?

സൗന്ദര്യം ആസ്വദിക്കാനുള്ളത് തന്നെയാണ് ഉടുതൊരുങ്ങി സ്ത്രീ ആയാലും പുരുഷനായാലും പുറത്ത് പോവുന്നത് ആരും നോക്കാതിരിക്കാന്‍ വേണ്ടിയാണോ ? അങ്ങനെയാണെങ്കില്‍ ആര്‍ക്കും പുറത്തിറങ്ങാന്‍ തന്നെ സാധിക്കില്ലല്ലോ ?

പ്രണയത്തെ പോലും ഒരര്‍ത്ഥത്തില്‍ നിഷേധിക്കുന്ന നടപടിയാണ് വിവാദ മുന്നറിയിപ്പോടെ താങ്കള്‍ ഇപ്പോള്‍ പ്രകടിപ്പിച്ചിരിക്കുന്നത്. 14 സെക്കന്റല്ല 14 മണിക്കൂറോളം വരെ പെണ്‍ക്കുട്ടികളെ വിടാതെ പിന്‍തുടരുന്ന കണ്ണുകള്‍ പിന്നീട് പ്രണയ ജോടികളാവുന്നതും അതില്‍ പലതും വിവാഹത്തില്‍ എത്തുന്നതും ഓര്‍ക്കേണ്ടതാണ്.

ഒരു പുരുഷന്‍ ഏത് കണ്ണിലൂടെയാണ് ഒരു സ്ത്രീയെ വീക്ഷിക്കുന്നതെന്ന് ആ പുരുഷനല്ലാതെ മറ്റാര്‍ക്കും സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നതല്ല.അരോചകമായ നോട്ടമാണ് പുരുഷന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെങ്കില്‍ ചെരുപ്പൂരി അടിച്ച് സ്‌പോട്ടില്‍ പ്രതികരിക്കുന്ന പെണ്‍കുട്ടികളുള്ള നാടാണിത്.

ഋഷിരാജ് സിംങ്ങിന്റെ ആഹ്വാനം കേട്ട സ്ത്രീകള്‍ ഇനി നാളെ മുതല്‍ തങ്ങളെ നോക്കുന്നവര്‍ക്കെതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചാല്‍ എന്താകും അവസ്ഥ ?

പതിനാല് സെക്കന്റ് എന്നത് വളരെ ചെറിയ സമയമായതിനാല്‍ ‘ നോട്ടക്കാരല്ലാത്തവരെ കണ്ടെത്താനാണ് യഥാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടാകുക.

മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞത് പോലെ ‘ മനുഷ്യരല്ലേ ദൗര്‍ബല്യങ്ങള്‍ ഉണ്ടാവുമല്ലോ’ എന്ന അഭിപ്രായ പ്രകടനത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നതും അതുകൊണ്ട് തന്നെയാണ്.

സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നതും ആശങ്ക പടര്‍ത്തുന്നതുമായ വാക്കുകള്‍ ഏത് കൊമ്പത്തെ ഐ.പിഎസുകാരനായാലും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇവിടെ താലിബാന്‍ ഭരണമല്ലെന്നും ഓര്‍ക്കണം…

Team ExpressKerala

Top