കേന്ദ്രസര്‍ക്കാര്‍ കാട്ടുകള്ളന്മാര്‍ക്ക് ചൂട്ടുകത്തിക്കുന്നത് എന്തിന്? പ്രതികരിച്ച് പി എ മുഹമ്മദ് റിയാസ്

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ അതിസമ്പന്നരില്‍ നിന്ന് അധിക നികുതി ഏര്‍പ്പെടുത്തണമെന്ന റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയതിന് ഐആര്‍എസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്. ഈ കൊറോണ കാലത്ത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണേണ്ട കേന്ദ്ര സര്‍ക്കാര്‍ കാട്ടുകള്ളന്മാര്‍ക്ക് ചൂട്ടു കത്തിക്കുന്നത് എന്തിന് ? എന്നാണ് മുഹമ്മദ് റിയാസ് ചോദിക്കുന്നത്.

ഐ.ആര്‍.എസിലെ 50 യുവ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ‘ഫോഴ്‌സ്’ എന്ന് റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അംഗീകരിച്ചില്ല എന്ന് മാത്രമല്ല, റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല, റിപ്പോര്‍ട്ടിലെ വിശദാംശം പുറത്ത് വിട്ടെന്നതാണ് ഉദ്യോഗസ്ഥര്‍ക്കെതിരായി കേന്ദ്രം കണ്ടെത്തിയ ഗുരുതരമായ തെറ്റെന്നും മുഹമ്മദ് റിയാസ് തന്റെ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു.

വിവരാവകാശ നിയമപ്രകാരം വിവരാവകാശ പ്രവര്‍ത്തകനായ സഖ്യത് ഖോകലെ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ വായ്പ്പയെടുത്ത് തിരിച്ച് അടക്കാത്തത് തുകയെത്ര? അവരുടെ പേരെന്ത് എന്ന് ചോദ്യത്തിന് ഞെട്ടിക്കുന്ന വിവരമാണ് ആര്‍ബിഐ നല്‍കിയത്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 50 കോര്‍പ്പറേറ്റുകള്‍ മൊത്തം 68,600 കോടി രൂപ വായ്പ്പയെടുത്ത് തിരിച്ചടവ് നടത്തിയില്ലെന്ന വിവരമാണ് ലഭിച്ചിരുന്നത്. ഈ 50 കോര്‍പ്പറേറ്റുകളില്‍ ഒളിവില്‍ പോയവരും ഉള്‍പ്പെടും.

ഇന്ത്യയിലെ ഐആര്‍എസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശുപാര്‍ശ തള്ളുകയും അവര്‍ക്കെതിരെ നടപടിക്ക് മുതിരുകയുമാണ് കേന്ദ്ര ധനകാര്യ വകുപ്പ് ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ ഈ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്നതെന്ത് കൊണ്ടാണ് എന്നും ഇതിന് കേന്ദ്രം ഉത്തരം പറഞ്ഞേ നല്‍കുവെന്നും മുഹമ്മദ് റിയാസ് തന്റെ വീഡിയോയില്‍ പറയുന്നു.

Top