കൊച്ചി വാട്ടര്‍ മെട്രോയുടെ ടെര്‍മിനല്‍ നിര്‍മ്മാണത്തില്‍ ക്രമക്കേട്; ഫോര്‍ട്ടുകൊച്ചി പൊലീസ് കേസെടുത്തു

കൊച്ചി: വാട്ടര്‍ മെട്രോയുടെ ടെര്‍മിനല്‍ നിര്‍മ്മാണത്തില്‍ ക്രമക്കേട്. ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി ബോള്‍ഗാട്ടി, വൈപ്പിന്‍ എന്നിവിടങ്ങളിലെ ടെര്‍മിനല്‍ നിര്‍മ്മാണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിര്‍മ്മാണ കമ്പനി നല്‍കിയ പരാതിയില്‍ ഉപകരാര്‍ ലഭിച്ച കമ്പനിക്കെതിരെ ഫോര്‍ട്ടുകൊച്ചി പൊലീസ് കേസെടുത്തു. ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. ടെര്‍മിനലിന്റെ റാഫ്റ്റുകളില്‍ വളവ് കണ്ടെത്തിയിരുന്നു.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ വഴി ആറ് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരെന്ന അഭിമാന നേട്ടം സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്.

ഗതാഗത മേഖലയില്‍ കേരളം ലോകത്തിന് മുന്നില്‍ വച്ച അഭിമാന പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. 2016ല്‍ നിര്‍മാണം തുടങ്ങി മൂന്ന് വര്‍ഷം കൊണ്ട് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും യാഥാര്‍ത്ഥ്യമായപ്പോള്‍ 2023 ആയി. ആദ്യ ഘട്ടത്തില്‍ എട്ട് ബോട്ടുകളാണ് സര്‍വീസ് നടത്തിയത്. കഴിഞ്ഞ മാസം പത്താമത്തെ ബോട്ടും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറി.

ഏറ്റവും പ്രകൃതി സൗഹൃദമായ പൊതു ഗതാഗത സംവിധാനമെന്ന നിലയില്‍ കേരളത്തിന്റെ ഈ പദ്ധതി വളരെയേറെ കീര്‍ത്തി നേടിയിരുന്നു. കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ഒരു ബോട്ടിന് 7.5 കോടി രൂപയാണ് നിര്‍മാണത്തിന് ചെലവായത്. വൈദ്യുതി ബാറ്ററിയിലും ഡീസല്‍ ജനറേറ്ററിലും പ്രവര്‍ത്തിപ്പിക്കാനാവുന്ന ബോട്ടുകളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്.

Top