ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ക്രമക്കേട്

കൊച്ചി: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ക്രമക്കേട്. ലൈസന്‍സ് കാലാവധി പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞവര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ പുതുക്കി നല്‍കിയാണ് ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തിയത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡിന്റെ കണ്ടെത്തലില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു.

ഏജന്റുമാര്‍ വഴിയാണ് ലൈസന്‍സ് പുതുക്കുന്നതില്‍ തട്ടിപ്പ് നടക്കുന്നത്. ഒരു ലൈസന്‍സ് ടെസ്റ്റില്ലാതെ പുതുക്കാനുള്ള കൈക്കൂലിയായി 5000 രൂപ വരെ ഏജന്റുമാര്‍ ഈടാക്കുന്നു. ആവശ്യക്കാരുടെ അത്യാവശ്യം മുതലെടുത്ത് അതിലേറെയും. കേരളത്തില്‍ എവിടെയാണെങ്കിലും ക്രമക്കേടിന് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലേക്ക് അപേക്ഷ എത്തിച്ചാണ് തട്ടിപ്പ്. സസ്‌പെന്‍ഷനിലായ മൂന്ന് ഉദ്യോഗസ്ഥരും തങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.

20 വര്‍ഷമാണ് ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി. കാലാവധി പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടാണ് പുതുക്കുന്നതെങ്കില്‍ വീണ്ടും ടെസ്റ്റ് നടത്തണമെന്നാണ് ചട്ടം. 2500ലേറെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ടെസ്റ്റ് ഇല്ലാതെ പണം വാങ്ങി പുതുക്കി നല്‍കിയെന്നാണ് കണ്ടെത്തല്‍. ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത് ഗുരുവായൂരില്‍. എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ ടിസി സ്‌ക്വാഡാണ് തട്ടിപ്പ് അന്വേഷിച്ചത്.

 

 

Top