നാശം വിതയ്ക്കാന്‍ ഇര്‍മ ചുഴലിക്കാറ്റ് ഫ്‌ളോറിഡയിലേക്ക് ; നാടെങ്ങും ജാഗ്രത

ടെക്‌സാസ്: നാട് വിഴുങ്ങി ഇര്‍മ ചുഴലിക്കാറ്റ് നാശം വിതയ്ക്കുന്നു.

ഇര്‍മ അടുത്തതായി ഫ്‌ളോറിഡയിലും സമീപസംസ്ഥാനങ്ങളിലും വന്‍ നാശനഷ്ടമുണ്ടാക്കുമെന്ന് അമേരിക്കന്‍ ഫെഡറല്‍ എമര്‍ജന്‍സി ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ഫ്‌ലോറിഡയിലെത്തുമെന്നാണ് വിലയിരുത്തല്‍.

ഹാര്‍വി ചുഴലിക്കാറ്റിന് പിന്നാലെ അമേരിക്കന്‍ തീരത്ത് ഇര്‍മയുണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ സമാനതകളില്ലാത്തതാകുമെന്നാണ് വിദഗ്ദരുടെ നിഗമനം.

ഫ്‌ളോറിഡയില്‍ ദിവസങ്ങളോളും വൈദ്യുതി ഉണ്ടായിരിക്കില്ലെന്നും മുന്നറിയിപ്പുണ്ട്. ഫ്‌ളോറിഡയിലെ മിയാമിയില്‍ കുപ്പിവെള്ളത്തിനും മറ്റു അവശ്യ വസ്തുക്കളും സംഭരിക്കാന്‍ നീണ്ട ക്യൂ ആണ്.

5 ലക്ഷത്തോളം പേരോട് ഇതിനോടകം സ്ഥലം വിട്ടുപോകാന്‍ ഫെഡറല്‍ എമര്‍ജന്‍സി ഏജന്‍സി നിര്‍ദേശിച്ചു. കരീബീയന്‍ ദ്വീപസമൂഹങ്ങളില്‍ വീശിയതിനെ അപേക്ഷിച്ച് കാറ്റിന്റെ വേഗം കുറഞ്ഞിട്ടുണ്ട്. കാറ്റഗറി 4 ല്‍ ആണ് ഇര്‍മ ഇപ്പോള്‍.

270 കിലോമീറ്ററിലധികം വേഗത്തില്‍ വീശുന്ന ഇര്‍മ ഫ്‌ളോറിഡയിലും തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമായിരിക്കും ഏറ്റവും കൂടുതല്‍ നാശമുണ്ടാക്കുക. ക്യൂബ, ഡോമിനിക്കന്‍ റിപ്പബ്ലിക്ക്, ഹെയ്ത്തി, ബഹാമസിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ബര്‍ബുഡാ ദ്വീപുകളിലും സെന്റ് മാര്‍ട്ടിനിലും കൊടുങ്കാറ്റിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 20 ആയി.

ഇര്‍മ വീശിയടിച്ച കരീബിയന്‍ ദ്വീപായ സെയ്ന്റ് മാര്‍ട്ടിനില്‍ വ്യാപകമായി കവര്‍ച്ച നടക്കുന്നെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. നേരത്തേ കൂടുതല്‍ അപകടകാരിയായ കാറ്റഗറി നമ്പര്‍ അഞ്ചില്‍ പെടുത്തിയിരുന്ന ഇര്‍മ കാറ്റഗറി നാലിലേക്ക് താഴ്ത്തിയിട്ടുണ്ട്. എങ്കിലും സ്ഥിതിഗതികള്‍ അപകടകരമായിത്തന്നെയാണ് തുടരുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അറ്റ്‌ലാന്റിക് സമുദ്രത്തിലെ കേപ്, വെര്‍ദ് ദ്വീപുകള്‍ക്കു സമീപത്തുനിന്നാണ് ഇര്‍മ ഉദ്ഭവിച്ചത്. ഈ മേഖലയില്‍ രൂപംകൊണ്ട ഹ്യൂഗോ, ഫ്‌ലോയ്ഡ്, ഐവാന്‍ കൊടുങ്കാറ്റുകളും ഭീകരമായിരുന്നു. കരീബിയന്‍ ദ്വീപുകളായ ഡൊമിനികന്‍ റിപ്പബ്ലിക്, ഹെയ്തി, തുര്‍ക്ക്‌സ് ആന്‍ഡ് കായ്‌കോസ് ദ്വീപുകള്‍ എന്നിവിടങ്ങളില്‍ വിനാശം വിതച്ചാണ് ഇര്‍മ ഫ്‌ളോറിഡ തീരം ലക്ഷ്യമാക്കുന്നത്.

പാമം ബിച്ചിലെ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാര്‍ എ ലാഗോ എസ്‌റ്റേറ്റില്‍നിന്ന് താമസക്കാരെ പൂര്‍ണമായും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ജോര്‍ജിയയുടെ അറ്റ്‌ലാന്റിക് തീരത്തെ ഒഴിപ്പിക്കല്‍ നടന്നു കൊണ്ടിരിക്കുകയാണ്.

Top