കോവിഡ് പ്രതിരോധം; കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയം: ഇര്‍ഫാന്‍ പഠാന്‍

ബറോഡ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം ലോകത്തിന് തന്നെ മാതൃകയാണ്. രാജ്യാന്തര മാധ്യമങ്ങളില്‍ വരെ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇടംപിടിച്ച് കഴിഞ്ഞിട്ടുള്ളതാണ്. ഇന്ത്യയില്‍ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നിട്ട് പോലും അവിടെ നിന്നും മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കോവിഡിനെ പിടിച്ചുകെട്ടിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഈ കൊച്ചുകേരളം. ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്ക വരെ പരാജയപ്പെട്ടിടത്താണ് കോവിഡിനെ കേരളം പിടിച്ചുകെട്ടിയിരിക്കുന്നത്.

ഇപ്പോഴിതാ കോവിഡ് പ്രതിരോധത്തില്‍ കേരളം കൈക്കൊള്ളുന്ന നടപടികളെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍. കോവിഡ് 19നെതിരായ പോരാട്ടത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നാണ് പഠാന്‍ ട്വിറ്ററില്‍ കുറിച്ചത്.

‘കോവിഡ് 19നെതിരായ പോരാട്ടത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരേയൊരു പോസിറ്റീവ് കേസ് മാത്രം. തീര്‍ച്ചയായും അവര്‍ ചെയ്യുന്നതാണ് ശരി. മാത്രമല്ല, രാജ്യത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റിങ് നടത്തുന്നതും കേരളം തന്നെ’ ഈ മാസം 16നാണ് കോവിഡ് പ്രതിരോധത്തിലെ കേരളാ മോഡല്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ മാതൃകയായി അവതരിപ്പിച്ചും കേരളത്തെ പുകഴ്ത്തിയും പഠാന്‍ ട്വീറ്റ് ചെയ്തത്.

നേരത്തെ, വൈറസിനെതിരായ പോരാട്ടത്തില്‍ വ്യക്തിപരമായ സംഭാവനകളിലൂടെ സഹോദരന്‍ യൂസഫ് പഠാനൊപ്പം ഇര്‍ഫാനും രംഗത്തെത്തിയിരുന്നു. രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ
ബറോഡയിലെ പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിന് ഇരുവരും ചേര്‍ന്ന് നൂറു ടണ്‍ അരിയും 700 കിലോ ഉരുളക്കിഴങ്ങും വിതരണം ചെയ്തിരുന്നു.

അതിനു മുന്‍പ് ബറോഡ പൊലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ ഇരുവരും നഗരത്തില്‍ 4000 മാസ്‌കുകളും വിതരണം ചെയ്തിരുന്നു.

Top