ഇര്‍ഫാന്‍ പഠാന്‍ ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചേക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്ന ഇര്‍ഫാന്‍ പഠാന്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഇത്തവണത്തെ ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹം കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ട്ടിന്‍ ഗുപ്റ്റിലും ഇര്‍ഫാന്‍ പത്താനും ലങ്ക പ്രീമിയര്‍ ലീഗിനുള്ള 143 അംഗ വിദേശ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഫ്രാഞ്ചൈസികള്‍ തിരഞ്ഞെടുക്കുന്ന താരങ്ങളാവും ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുക.

ലങ്കയിലെ 24 ആഭ്യന്തര ക്രിക്കറ്റ് ക്ലബ്ബുകളില്‍ നിന്നുള്ള 48 താരങ്ങള്‍ക്കും ലീഗില്‍ അവസരം നല്‍കും. ഒരു ക്ലബ്ബില്‍ നിന്ന് രണ്ട് താരങ്ങള്‍ക്ക് വീതമാകും അവസരം ലഭിക്കുക. ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനാല്‍ സെപ്തംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിന്റെ ആദ്യ മത്സരത്തില്‍ ലങ്കന്‍ താരങ്ങള്‍ ഉണ്ടാകില്ല. 2017ലാണ് അവസാനമായി ഇര്‍ഫാന്‍ ഐപിഎല്ലില്‍ കളിച്ചത്.

ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് ഹാട്രിക്ക് നേടിയിട്ടുള്ള താരമാണ് ഇര്‍ഫാന്‍ പത്താന്‍. 29 ടെസ്റ്റില്‍ നിന്ന് 1105 റണ്‍സും 100 വിക്കറ്റും 120 ഏകദിനത്തില്‍ നിന്ന് 1544 റണ്‍സും 173 വിക്കറ്റും ടി20യില്‍ നിന്ന് 172 റണ്‍സും 28 വിക്കറ്റുമാണ് ഇന്ത്യന്‍ ജഴ്സിയില്‍ അദ്ദേഹം നേടിയത്. 103 ഐപിഎല്ലില്‍ നിന്നായി 1139 റണ്‍സും 80 വിക്കറ്റും ഇര്‍ഫാന്റെ പേരിലുണ്ട്.

Top