ഇർഫാൻ ഹബീബ് ആർഎസ്എസിന്റെ വെറുക്കപ്പെട്ടവരുടെ പട്ടികയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: ചരിത്ര കോൺഗ്രസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാപദവിയിൽ ഇരിക്കുന്നയാൾ ചരിത്ര വിരുദ്ധ പരാമർശം നടത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുട പൗരത്വം മതാധിഷ്ടിതമാക്കാൻ കൊണ്ടുവന്ന സിഎഎയ്ക്ക് എതിരെ ശക്തമായ പ്രതിഷേധമുയർന്നു. ആ ഘട്ടത്തിലാണ് ചരിത്ര കോൺഗ്രസ് കേരളത്തിൽ നടക്കുന്നത്. പൗരത്വ ഭേദഗതി വിഷയത്തിൽ കേരളത്തിലെ പൊതുവികാരം കേന്ദ്രത്തിന് എതിരാണ്. അന്നും ഇന്നും അതിൽ മാറ്റമില്ല. ചരിത്ര കോൺഗ്രസിൽ സിഎഎ നിയമത്തിന് അനുകൂലമായി ചരിത്ര വിരുദ്ധമായ പരാമർശങ്ങൾ ഉദ്ഘാടകന്റെ ഭാഗത്തുനിന്നുണ്ടായി. അപ്പോഴാണ് ചില പ്രതിനിധികൾ പ്രതികരിച്ചത്.

ലോകം ആദരിക്കുന്ന ചരിത്രകാരനാണ് ഇർഫൻ ഹബീബ്. അദ്ദേഹത്തെയാണ് ഗവർണർ ഗുണ്ടയെന്ന് വിളിച്ചത്. 92 വയസുള്ള അദ്ദേഹം ഗവർണറെ വധിക്കാൻ ശ്രമിച്ചെന്നാണ് പറയുന്നത്.

മുൻപ് കണ്ണൂർ യൂണിവേഴ്‌സിറ്റി വിസി ഗോപിനാഥ് രവീന്ദ്രനെ ആവർത്തിച്ച് ക്രിമിനൽ എന്നു വിളിച്ചു. എന്തുകൊണ്ടാണ് ഈ രണ്ടുപേർക്ക് എതിരെ ഇത്ര വിദ്വേഷത്തോടെ ഗവർണർ പ്രതികരിക്കുന്നത്? ആർഎസ്എസിന്റെ വെറുക്കപ്പെട്ടവരുടെ പട്ടികയിലാണ് ഇവർ. അതുകൊണ്ടാണ് ഗവർണർ ഇവരെ കടന്നാക്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top