പുതിയ വാഹനങ്ങളുടെ ദീര്‍ഘകാല ഇന്‍ഷുറന്‍സ് പോളിസി പാക്കേജുകള്‍ നിര്‍ത്തലാക്കുന്നു

ന്യൂഡല്‍ഹി: പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ എടുക്കേണ്ട ദീര്‍ഘകാല ഇന്‍ഷുറന്‍സ് പോളിസി പാക്കേജുകള്‍ ഓഗസ്റ്റ് 1 മുതല്‍ നിര്‍ത്തലാക്കാനൊരുങ്ങി ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ.

കാര്‍, ഇരുചക്രവാഹനം എന്നിവ വാങ്ങുമ്പോള്‍ യഥാക്രമം 3 വര്‍ഷത്തേക്കും 5 വര്‍ഷത്തേക്കും എടുക്കേണ്ട തേഡ് പാര്‍ട്ടി, ഓണ്‍ ഡാമേജ് എന്നിവയടങ്ങിയ പാക്കേജ് പോളിസികളാണ് നിര്‍ത്തലാക്കുന്നത്. പാക്കേജ് പോളിസികള്‍, പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് അധിക ബാധ്യത വരുത്തുന്നത് കണക്കിലെടുത്താണ് തീരുമാനം.

ഉപഭോക്താവിന് താല്‍പര്യമില്ലെങ്കിലും ദീര്‍ഘകാലം ഒരേ ഇന്‍ഷുറന്‍സ് ദാതാവില്‍ തന്നെ തളച്ചിടപ്പെടുന്ന സ്ഥിതിയുമുണ്ടായിരുന്നു.ഇതു പ്രകാരം ഓണ്‍ ഡാമേജ് പോളിസി ഇനിമുതല്‍ ഒരു വര്‍ഷത്തേക്കു മാത്രം എടുക്കാനേ സാധിക്കൂ. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിലവിലുള്ളതുപോലെ കാറുകള്‍ക്ക് 3 വര്‍ഷത്തേക്കും ഇരുചക്രവാഹനങ്ങള്‍ക്ക് 5 വര്‍ഷത്തേക്കും നിര്‍ബന്ധമാണ്. ഒരു വര്‍ഷത്തേക്കുള്ള ഒഡിയും ദീര്‍ഘകാല ടിപിയും ചേര്‍ന്ന പാക്കേജ് ആയോ, ഒഡി മാത്രമായോ ഇനി ഉപഭോക്താവിന് വാങ്ങാം.

സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 2018 സെപ്റ്റംബര്‍ മുതല്‍ ടിപിയും ഒഡിയും ചേര്‍ത്ത് ഒറ്റ പാക്കേജ് ആയാണ് പോളിസികള്‍ നല്‍കിയിരുന്നത്. ഇത് പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അധിക ബാധ്യത വരുത്തിവച്ചു. തുടര്‍ന്ന് പാക്കേജിന്റെ ഭാഗമായി ഒഡി ഒരു വര്‍ഷത്തേക്കു മാത്രം വാങ്ങുന്നതിനും ഐആര്‍ഡിഐ അവസരം നല്‍കി. എങ്കിലും, വായ്പയെടുത്ത് വാഹനം വാങ്ങുന്നവര്‍ രണ്ടും ചേര്‍ന്ന ദീര്‍ഘകാല പാക്കേജ് എടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നെന്ന പരാതിയും ഉയര്‍ന്നിരുന്നു.

ഓണ്‍ ഡാമേജ്(ഒഡി)
മോഷണം, അപകടം, പ്രകൃതി ദുരന്തം എന്നിവ മൂലം നിങ്ങളുടെ വാഹനത്തിനുണ്ടാകുന്ന നാശനഷ്ടത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ.

തേഡ് പാര്‍ട്ടി(ടിപി)
നിങ്ങളുടെ വാഹനം മൂലം കാല്‍നടക്കാരനോ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്കോ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. ഇതു നിര്‍ബന്ധമാണ്.

Top