തേജസ് എക്സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകിയോടിയതിന് നഷ്ടപരിഹാരം 1.62 ലക്ഷം

ലഖനൗ: തേജസ് എക്സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകിയോടിയതിന് യാത്രക്കാര്‍ക്ക് തിരികെ ലഭിക്കുക ആകെ 1.62 ലക്ഷം രൂപ. രണ്ട് മണിക്കൂറിലധികം തീവണ്ടി വൈകിയോടിയതിന് ഓരോ യാത്രക്കാരനും 250 രൂപ വീതമാണ് നഷ്ടപരിഹാരം നല്‍കുന്നത്. ഒരു മണിക്കൂര്‍ വൈകിയെത്തിയാല്‍ നൂറുരൂപവീതവും രണ്ടുമണിക്കൂറോ അതിലധികമോ വൈകിയാല്‍ 250 രൂപ വീതവുമാണ് നഷ്ടപരിഹാരമായി ഐ.ആര്‍.സി.ടി.സി. പ്രഖ്യാപിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഇന്ത്യന്‍ റെയില്‍വെക്ക് ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് മുഴുവന്‍ യാത്രക്കാര്‍ക്കും നഷ്ടപരിഹാരംനല്‍കേണ്ടി വരുന്നത്.

ഒക്ടോബര്‍ 19-ന് തേജസ് എക്‌സ്പ്രസ് രണ്ട്് മണിക്കൂറിലധികം വൈകിയിരുന്നു. ലഖ്‌നൗവില്‍ നിന്ന് 6.10-ന് പുറപ്പെടേണ്ട ട്രെയിന്‍ 8.55 നാണ് പുറപ്പെട്ടത്. 12.25-ന് ഡല്‍ഹിയില്‍ എത്തേണ്ട ട്രെയിന്‍ 3.40-നാണ് എത്തിച്ചേര്‍ന്നത്. തിരിച്ച് 5.30-നാണ്ട്രെയിന്‍ ഡല്‍ഹിയില്‍ നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെട്ടത്. 3.35-ആയിരുന്നു യഥാര്‍ത്ഥ സമയം. ലഖ്‌നൗവില്‍ രാത്രി 10.05ന്എത്തിച്ചേരേണ്ടതിന് പകരം 11.30 ഓടെയാണ് എത്തിയത്.

ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് 451 യാത്രക്കാരും ഡല്‍ഹിയില്‍ നിന്ന് ലഖ്‌നൗവിലേക്ക് 500 ഓളം യാത്രക്കാരുമാണ് ശനിയാഴ്ച തേജസ് എക്സ്പ്രസില്‍ സഞ്ചരിച്ചത്. നഷ്ടപരിഹാരം ലഭിക്കാനായി പി.എന്‍.ആര്‍. നമ്പറും ബാങ്ക് അക്കൗണ്ട് വിവരവും എത്രമണിക്കൂര്‍ വൈകി എന്നതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് സമര്‍പ്പിക്കണം. ഓണ്‍ലൈനില്‍ ലഭ്യമായ ഫോമിലാണ് ഇവ നല്‍കേണ്ടത്. ഇതനുസരിച്ച് ഇന്‍ഷുറന്‍സ് കമ്പനിയായിരിക്കും നഷ്ടപരിഹാരം ലഭ്യമാക്കുകയെന്ന് ഐ.ആര്‍.സി.ടി.സി. വ്യക്തമാക്കി.

Top