Iraq’s army storms centre of ISIL-held Ramadi

ബാഗ്ദാദ്: ഇറാഖില്‍ തന്ത്രപ്രധാനമേഖലയായ റമാദിയുടെ നിയന്ത്രണത്തിനായി രൂക്ഷമായ പോരാട്ടം. ഐഎസിന്റെ പക്കല്‍ നിന്ന് നഗരം തിരിച്ചുപിടിക്കാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ഭാഗത്ത് നിന്ന് കനത്ത ചെറുത്ത് നില്‍പാണ് ഉണ്ടാകുന്നത്.

തലസ്ഥാനമായ ബഗ്ദാദില്‍നിന്ന് 120 കിലോമീറ്റര്‍അകലെയാണ് റമാദി നഗരം. അമേരിക്കയുടെ പിന്തുണയോടെയാണ് ഇറാഖി സൈന്യത്തിന്റെ പോരാട്ടം. രണ്ട് ജില്ലകള്‍സൈന്യം തിരിച്ചുപിടിച്ചെന്നാണ് റിപ്പോര്‍ട്ട്. മറ്റ് രണ്ട് ജില്ലകളുടെ നിയന്ത്രണം ഭാഗികമായി സൈന്യത്തിന്റെ പക്കലാണ്.

മൂന്ന് ദിവസത്തിനകം റമാദിയില്‍നിന്ന് തീവ്രവാദികളെ തുരത്തുമെന്ന് സൈനിക വക്താവ് അറിയിച്ചു.

സൈന്യത്തിന് നേരെ ഐഎസ് നടത്തിയ ചാവേര്‍ കാര്‍ബോംബാക്രണത്തില്‍ 14 പേര്‍ മരിച്ചു. 17 സൈനികര്‍ക്ക് ആക്രമണത്തില്‍പരിക്കേറ്റു. മറ്റൊരു ആക്രണത്തില്‍ 5 കുട്ടികളടക്കം 8 പേര്‍ മരിച്ചു. സൈന്യത്തെ പ്രതിരോധിക്കാന്‍ തീവ്രവാദികള്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ അന്‍ബാര്‍പ്രവിശ്യയില്‍നിന്നാണ് സൈന്യം റമാദി തിരിച്ചുപിടിക്കാനുള്ള ആക്രമണം തുടങ്ങിയത്.

മുന്നൂറോളം ഐ.എസ് തീവ്രവാദികള്‍ റമാദിയിലുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. ഡിസംബര്‍ അവസാനത്തോടെ ഐ.എസില്‍നിന്ന് തിരിച്ചുപിടിക്കുമെന്ന് ഇറാഖ് പ്രതിരോധ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.. ഐ.എസിന്റെ സ്വാധീന മേഖലയായ അന്‍ബാര്‍പ്രവിശ്യയും സിന്‍ജാറും കഴിഞ്ഞ മാസം സൈന്യം പിടിച്ചെടുത്തിരുന്നു.

Top