പ്രധാനമന്ത്രി അബ്ദുള്‍ മെഹ്ദിയുടെ രാജി ഇറാഖ് പാര്‍ലമെന്റ് അംഗീകരിച്ചു

ബാഗ്ദാദ് : ഇറാഖ് പ്രധാനമന്ത്രി അബ്ദുള്‍ മെഹ്ദിയുടെ രാജി പാര്‍ലമെന്റ് അംഗീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിലാണ് രാജി അംഗീകരിച്ചത്. സുരക്ഷാ സൈനികര്‍ ബാഗ്ദാദ്, നസിരിയ, നജാഫ് എന്നിവിടങ്ങളിലായി 50 ജനകീയ പ്രക്ഷോഭകരെ വധിച്ചതിന് പിന്നാലെയാണ് അബ്ദുള്‍ മെഹ്ദി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്.

ശനിയാഴ്ച നടന്ന കാബിനറ്റ് യോഗം മെഹ്ദിയുടെ രാജി അംഗീകരിച്ചു. തുടര്‍ന്ന് ഇന്നലെ നടന്ന പാര്‍ലമെന്റ് സമ്മേളനത്തിലും പ്രധാനമന്ത്രിയുടെ രാജി അംഗീകരിക്കപ്പെട്ടു. പുതിയ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുന്നതുവരെ അബ്ദുള്‍ മെഹ്ദി സര്‍ക്കാര്‍ കാവല്‍ സര്‍ക്കാരായി തുടരും.

അതേസമയം രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതി പൂര്‍ണമായും മാറുന്നതുവരെ പ്രക്ഷോഭം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. പാര്‍ലമെന്റ് പിരിച്ചുവിടുകയും ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് അവരുടെ ആവശ്യം.

അഴിമതി, ഉയര്‍ന്ന ജീവിതച്ചെലവ്, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഒക്ടോബര്‍ ആദ്യം ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 400 പേരാണ്.

Top