സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു; മാധ്യമപ്രവര്‍ത്തകനെയും, ക്യാമറാമാനെയും വെടിവെച്ച് കൊന്നു

ര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറാഖി മാധ്യമപ്രവര്‍ത്തകനെയും, ക്യാമറാമാനെയും കാറില്‍ വെച്ച് അജ്ഞാതനായ തോക്കുധാരി വെടിവെച്ച് കൊന്നു. ദില്‍ജാ ടിവി പ്രതിനിധിയായ അഹ്മെന്‍ അബ്ദെല്‍ സമാദും, ക്യാമറാമാന്‍ സഫാ ഘാലിയുമായി ബസ്രയില്‍ വെച്ച് വധിക്കപ്പെട്ടത്. സംഭവം ബാഗ്ദാദിലെ യുഎസ് എംബസി സ്ഥിരീകരിച്ചു. ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങള്‍ ഇറാഖി സൈന്യം ക്രൂരമായി അടിച്ചമര്‍ത്തുന്നതില്‍ അപലപിച്ച് സമദ് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു.

തങ്ങളുടെ റിപ്പോര്‍ട്ടറെ വധിച്ചതിന്റെ വിശദവിവരങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം ദില്‍ജ ടിവി പ്രക്ഷേപണം ചെയ്തു. യാത്രാ സീറ്റിലാണ് തലയില്‍ വെടിയേറ്റ നിലയില്‍ സമദിന്റെ മൃതദേഹം കിടന്നിരുന്നത്. കാറിന്റെ വാതിലില്‍ ബുള്ളറ്റുകള്‍ തുളയിട്ട അവസ്ഥയായിരുന്നു. സമദ് സംഭവസ്ഥലത്ത് വെച്ച് മരിച്ചു. ഘാലിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭീരുത്വപരമായ വധത്തെ കടുത്ത ഭാഷയില്‍ അപലപിക്കുന്നതായി യുഎസ് എംബസി പ്രതികരിച്ചു.

അഭിപ്രായസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച്, മാധ്യമപ്രവര്‍ത്തകരെ സംരക്ഷിച്ച്, ആക്ടിവിസ്റ്റുകള്‍ക്ക് സമാധാനപരമായ രീതിയില്‍ അവകാശങ്ങള്‍ നടപ്പാക്കാന്‍ അവസരം നല്‍കാന്‍ ഇറാഖി സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് യുഎസ് എംബസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകനെയും, ക്യാമറാമാനെയും വധിച്ചതിനെതിരെ രോഷാകുലരായ ജനക്കൂട്ടം തെരുവിലിറങ്ങി പ്രതിഷേധങ്ങള്‍ തുടങ്ങി. മാസങ്ങളായി തുടരുന്ന ഭരണകൂട വിരുദ്ധ പോരാട്ടങ്ങളാണ് ഇതോടെ കൂടുതല്‍ ശക്തമായി മാറുന്നത്.

ഇറാഖി സൈനിക വിഭാഗങ്ങള്‍ ഇറാന്‍ അനുകൂല ഭീകരരുടെ സഹായത്തോടെ ഭരണകൂട വിരുദ്ധ പ്രതിഷേധക്കാരെ കൊലപ്പെടുത്തി വരികയാണ്. ഏതാനും മാസങ്ങള്‍ കൊണ്ട് 500 പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ടത്. 19000 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിനിടെയാണ് അമേരിക്കന്‍ സൈന്യത്തോട് പിന്‍വാങ്ങാന്‍ പദ്ധതി തയ്യാറാക്കാന്‍ ഇറാഖ് കെയര്‍ടേക്കര്‍ പ്രധാനമന്ത്രി അദെല്‍ അബ്ദുള്‍ മാഹ്ദി ആവശ്യപ്പെട്ടിരിക്കുന്നത്.

Top