‘കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക’ ഐഎസിന് മുന്നറിയിപ്പുമായി ഇറാഖി സേന

മൊസൂള്‍: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന് മുന്നറിയിപ്പുമായി ഇറാഖി സേന. ‘കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക’ എന്ന മുന്നറിയിപ്പാണു മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള അന്തിമ പോരാട്ടത്തിനിറങ്ങിയ സേന ഭീകരര്‍ക്കു നല്‍കിയത്.

ജനങ്ങളോടു വീടിനു പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഐഎസിന്റെ കൈവശമുള്ള ഇറാഖിന്റെ രണ്ടാമത്തെ നഗരമാണ് മൊസൂള്‍. മൊസൂളില്‍ അവശേഷിക്കുന്ന പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള പോരാട്ടം ഞായറാഴ്ചയാണ് ഇറാഖി സേന പുനരാരംഭിച്ചത്.

ഒരു ലക്ഷത്തിലധികം ജനങ്ങളെ ഐഎസ് ഭീകരര്‍ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന യുഎന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെയാണ് ഐഎസ് ഭീകരര്‍ മനുഷ്യകവചമായി ഉപയോഗിക്കുന്നത്. ആവശ്യത്തിനു ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ഇവിടെ സാധാരണക്കാര്‍ നരകിക്കുകയാണെന്നും ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടി.

Top