Iraqi army declares first major victory over Islamic State in Ramadi

ബാഗ്ദാദ്: ഭീകര സംഘടനയായ ഐഎസിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് റമാദി നഗരം ഇറാക്ക് സൈന്യം തിരിച്ചു പിടിച്ചു. ഒരു വര്‍ഷമായി നടത്തിവന്ന അതിരൂക്ഷമായ പോരാട്ടത്തിനൊടുലവിലാണ് സേനയ്ക്ക് തീവ്രവാദികളെ റമാദിയില്‍ നിന്ന് തുടച്ചുനീക്കാന്‍ കഴിഞ്ഞത്.

മുമ്പ് സര്‍ക്കാരിന്റെ അധീനതയിലായിരുന്ന റമാദിയില്‍ നിന്നാണ് ഇറാക്ക് സൈന്യത്തിന് ഐഎസില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നത്.

ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് റമാദി നഗരം. സുന്നി അറബുകള്‍ തിങ്ങിപ്പാര്‍ക്കുന്ന റമാദിയില്‍, 2011ല്‍ അമേരിക്കന്‍ സൈന്യം ഇറാക്കില്‍ നിന്ന് പിന്‍മാറിയതോടെ സ്വാധീനം ഉറപ്പിക്കാന്‍ ഐഎസ് തീവ്രവാദികള്‍ ശക്തമായ പോരാട്ടമാണ് നടത്തിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്ത് സൈന്യത്തിന്റെ ശക്തി ചോര്‍ത്തിയായിരുന്നു ഐഎസ് മേഖലയില്‍ സ്വാധീനം ഉറപ്പിച്ചത്. റമാദിയില്‍ സ്വാധീനം ഉറപ്പിച്ച ഐഎസ് സര്‍ക്കാര്‍ ഓഫീസുകളില്‍ തങ്ങളുടെ പതാക സ്ഥാപിച്ചു. 2014 ജൂണ്‍ ആയപ്പോഴേക്കും മാസത്തോടെ റമാദിയും മുക്കാല്‍ഭാഗവും ഐഎസ് വരുതിയിലാക്കുകയായിരുന്നു.

റമാദി നഗരത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ഇറാക്ക് സൈന്യത്തിന് വന്‍ നാണക്കേടായിരുന്നു. തുടര്‍ന്നാണ് ഐഎസിനെ തുരത്താന്‍ സര്‍വശക്തിയുമെടുത്ത് സേന പോരാട്ടം തുടങ്ങിയത്. അടുത്തിടെയാണ് പോരാട്ടം രൂക്ഷമായത്. രണ്ടു ദിവസത്തിനിടെ മാത്രം നൂറോളം തീവ്രവാദികളെയാണ് സൈന്യം വകവരുത്തിയത്. റമാദി നഗരം പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് സൈനിക വക്താവ് പറഞ്ഞു.

Top