ഇറാഖ് കൂടുതൽ സംഘർഷത്തിലേക്ക്; പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് സദ്ർ വിഭാഗം

ബാഗ്ദാദ്: പാർലമെന്റ് മന്ദിരത്തിൽ അനിശ്ചിതകാല പ്രക്ഷോഭം തുടരുമെന്ന മുന്നറിയിപ്പുമായി ഇറാഖിലെ വിമത ശിയാ നേതാവ് മുഖ്തദ അൽ സദ്ർ അനൂകൂലികൾ. വിലക്ക് മറികടന്ന് പാർലമെൻറിൽ കയറിയ നൂറുകണക്കിന് പ്രക്ഷോഭകരാണ് സർക്കാറിന് പുതിയ സുരക്ഷാ ഭീഷണി ഉയർത്തുന്നത്. ബാഗ്ദാദിൽ കനത്ത സുരക്ഷയുള്ള ഗ്രീൻ സോണിന്റെ ചുറ്റുമതിലുകൾ തകർത്താണ് നൂറുകണക്കിന് പ്രക്ഷോഭകർ ശനിയാഴ്ച പാർലമെന്റിൽ കടന്നത്.

പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ ചേർന്ന പാർലമെന്റ് സമ്മേളനവും പ്രക്ഷോഭകർ അലങ്കോലമാക്കിയിരുന്നു. അഴിമതിമുക്ത ഭരണമാണ് ഇറാഖിൽ വേണ്ടതെന്നാണ് സദ്ർ അനുകൂലികളുടെ ആവശ്യം. ശിയാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി മുഹമ്മദ് ശിയാ അൽ സുഡാനിയെ അംഗീകരിക്കില്ലെന്നും പ്രക്ഷോഭകർ പറയുന്നു. പ്രക്ഷോഭകരെ പാർലമെന്റിൽനിന്ന് നീക്കാനുള്ള സുരക്ഷാ വിഭാഗത്തിന്റെ നടപടികൾ വിജയിച്ചിട്ടില്ല. രക്തച്ചൊരിച്ചിൽ ഒഴിവാക്കുന്നതിന് സംയമനപൂർണമായ നടപടികളാണ് തങ്ങൾ പിന്തുടരുന്നതെന്ന്‌സുരക്ഷാ മേധാവികൾ വ്യക്തമാക്കി. ഒരാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് പ്രക്ഷോഭകർ ഇറാഖ് പാർലമെന്റ് കൈയേറുന്നത്.

Top