തിരിച്ചടി ഉടനെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു; ഇറാഖ് പ്രധാനമന്ത്രി

ബാഗ്ദാദ്: ഖുദ്സ് സേനാ തലവന്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി തിരിച്ചടി ഉടന്‍ തുടങ്ങുമെന്ന് ഇന്നലെ രാത്രി ഇറാന്‍ അറിയിച്ചിരുന്നതായി ഇറാഖ്.അമേരിക്കന്‍ സൈനിക താവളങ്ങള്‍ മാത്രമാണ് ലക്ഷ്യമെന്നും അറിയിച്ചു. ഇറാഖ് പ്രധാനമന്ത്രി അദേല്‍ അബ്ദുള്‍ മഹ്ദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇറാനില്‍ നിന്നുള്ള അറിയിപ്പ് വന്നതിന് പിന്നാലെ ഇറാഖിലെ അമേരിക്കന്‍ സേനാ താവളങ്ങള്‍ ആക്രമിക്കപ്പെട്ട വിവരങ്ങള്‍ ലഭിച്ചുവെന്നും അദേല്‍ അബ്ദുള്‍ മഹ്ദിയുടെ ട്വീറ്റില്‍ പറയുന്നു.

ഇറാഖിലെ അമേരിക്കയുടെ തന്ത്രപ്രധാനമായ സൈനിക താവളങ്ങളില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നതിനോടു പ്രതികരിക്കുയായിരുന്നു ഇറാഖ്.

ഏതൊക്കെ താവളങ്ങളാണ് ആക്രമിക്കുക എന്നു പറഞ്ഞിരുന്നില്ല. സൈനിക താവളത്തില്‍ മിസൈലുകള്‍ പതിക്കുമ്പോള്‍ യുഎസില്‍നിന്നും തനിക്കു ഫോണ്‍ കോള്‍ വന്നിരുന്നുവെന്നും മഹ്ദി പറഞ്ഞു.

അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ്, പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയ മിസൈല്‍ ആക്രമണം ഉണ്ടായത്. 80 അമേരിക്കന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ടിവി അവകാശപ്പെട്ടു. അതേസമയം, സൈനികര്‍ക്ക് പരുക്കേറ്റിട്ടില്ലെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.

Top