iraq bagthat parliament issue

ബാഗ്ദാദ്: മൊക്താത അല്‍ സദര്‍ അനുകൂലികള്‍ പാര്‍ലമെന്റ് മന്ദിരം കൈയ്യേറിയതിന് പിന്നാലെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗ്രീന്‍സോണിലേക്കുള്ള ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റിലെ കസേരകളും മറ്റ് വസ്തുവകകളും തല്ലിത്തകര്‍ത്തു.

ഭരണപരിഷ്‌കാരം ആവശ്യപ്പെട്ട് റാലിയായിട്ടാണ് ഷിയാ പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റ് കയ്യടക്കിയത്. ചില പാര്‍ലമെന്റ് അംഗങ്ങളെ കൈയേറ്റം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. മറ്റ് ചിലര്‍ പാര്‍ലമെന്റിലെ മുറിക്കുള്ളില്‍ കുടുങ്ങി.

ചേംബര്‍ കൈയേറിയ പ്രതിഷേധക്കാര്‍ പാര്‍ലമെന്റിന് പുറത്ത് ക്യാമ്പും തുറന്നു. നിലവിലെ മന്ത്രിമാരെ മാറ്റി പുതിയ ടീമിനെ നിയോഗിക്കണമെന്ന് മുക്താത അല്‍ സദര്‍ പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയോട് ആവശ്യപ്പെട്ടിരുന്നു.

ഈ ആഴ്ച ആദ്യം രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ ഗ്രീന്‍സോണിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ പാര്‍ലമെന്റില്‍ നിന്ന് പിരിഞ്ഞുപോകണമെന്ന് പ്രസിഡന്റ് ഫൗദ് മസൂം അഭ്യര്‍ഥിച്ചു.

അമേരിക്കന്‍ എംബസി ഉള്‍പ്പടെ പല നയതന്ത്രകാര്യാലയങ്ങളും പ്രവര്‍ത്തിക്കുന്നത് ഗ്രീന്‍സോണിനുള്ളിലാണ്. തലസ്ഥാനനഗരയിലേക്കുള്ള എല്ലാ റോഡുകളും അടച്ചുകഴിഞ്ഞു.

Top