യുദ്ധം ആഗ്രഹിക്കുന്നില്ല ; അടിച്ചാല്‍ തിരിച്ചടിക്കുമെന്നും സൌദി അറേബ്യ

ശ്ചിമേഷ്യയില്‍ ഇനിയൊരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അടിച്ചാല്‍ മാത്രമേ തിരിച്ചടിക്കൂവെന്നും സൌദി അറേബ്യേ. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി രാജ്യ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും സൌദി വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

ഇന്ന് റിയാദ് വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സൌദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. എണ്ണമറ്റ അക്രമങ്ങളാണ് ഇറാന്‍ നടത്തുന്നത്. ഇത് മേഖലയെ അസ്ഥിരമാക്കുന്നു. യുദ്ധം സൃഷ്ടിക്കാനാണ് ശ്രമം. അത് സൌദി ആഗ്രഹിക്കുന്നില്ല. പക്ഷേ, അടിച്ചാല്‍ തിരിച്ചടിക്കുമെന്നും അദ്ധേഹം പറഞ്ഞു.

ഈ മാസം 30ന് മക്കയില്‍ ജി.സി.സി കൂട്ടായ്മയുടെ അടിയന്തിര ഉച്ചകോടി ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇറാന്‍ വിഷയം വിശദമായി സൌദി അവതരിപ്പിക്കും.

അമേരിക്ക ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഉച്ചകോടി മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഇറാനെതിരെയുള്ള യുദ്ധ സന്നാഹത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യം ശക്തമാക്കാന്‍ തീരുമാനിച്ചത്. അമേരിക്കയുടെ ആവശ്യം ഗള്‍ഫ് രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ അറബ് ജിസിസി ഉച്ചകോടികള്‍ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതേസമയം എണ്ണ ഉത്പാദക രാജ്യങ്ങളുടെ മന്ത്രിതല സമ്മേളനം ഇന്ന് ജിദ്ദയില്‍ നടക്കും.

സൗദിയുടെ എണ്ണക്കപ്പലുകള്‍ക്കും എണ്ണ വിതരണ പൈപ്പ്ലൈനുകള്‍ക്കും നേരെ ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് യോഗം. ഇറാനാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് സൗദിയും യു.എ.ഇയും അമേരിക്കയും ആരോപിച്ചിരുന്നു. ഇറാന്റെ എണ്ണവിപണിയെ ബാധിക്കും വിധം ഉപരോധം തുടര്‍ന്നാല്‍ ആഗോള തലത്തില്‍ എണ്ണ വിതരണം മുടക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയത്തിനു പിന്നാലെയായിരുന്നു ഈ ആക്രമണങ്ങള്‍. എന്നാല്‍ ആഗോള തലത്തില്‍ എണ്ണ ലഭ്യതയിലും വിതരണത്തിലും കുറവ് വന്നിട്ടില്ലെന്ന് സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

Top