കൊറോണ സൃഷ്ടിച്ചത് അമേരിക്കയുടെ ‘മുറിവൈദ്യന്‍മാര്‍’; സഹായം നിഷേധിച്ച് ഇറാന്‍

കൊറോണാവൈറസ് നേരിടാന്‍ അമേരിക്കയുടെ സഹായം വേണ്ടെന്ന് ഇറാന്‍ പരമോന്നത നേതാവ്. യുഎസിന്റെ മുറിവൈദ്യന്‍മാരാകും രോഗം സൃഷ്ടിച്ചതെന്നാണ് അയാത്തൊള്ളാ അലി ഖമനേയിയുടെ ആരോപണം. മഹാമാരിയെ നേരിടാന്‍ സഹായം വാഗ്ദാനം ചെയ്ത അമേരിക്കയുടെ നടപടി വിചിത്രമാണെന്നും ടെലിവിഷന്‍ അഭിസംബോധനയില്‍ ഖമനേയി അഭിപ്രായപ്പെട്ടു.

യുഎസ് നേതാക്കള്‍ എല്ലാം തന്നെ മുറിവൈദ്യന്‍മാരാണെന്ന് അയാത്തൊള്ളാ ഖമനേയി ആരോപിച്ചു. മിഡില്‍ ഈസ്റ്റില്‍ കൊറോണാവൈറസ് മൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന രാജ്യമാണ് ഇറാന്‍. 1500ലേറെ മരിക്കുകയും, 20610 പേര്‍ക്ക് ഇന്‍ഫെക്ഷന്‍ ബാധിക്കുകയും ചെയ്തിട്ടുണ്ട്. യുഎസും, ഇറാനും തമ്മിലുള്ള ബന്ധം ദീര്‍ഘകാലമായി മോശമായി കിടക്കുകയാണ്. ഈ സാഹചര്യത്തിലും പ്രതിസന്ധി ഘട്ടത്തില്‍ ഇറാനെ സഹായിക്കാമെന്ന് വാഷിംഗ്ടണ്‍ വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ കൊറോണാവൈറസ് യുഎസ് നിര്‍മ്മിതമാണെന്ന ആരോപണമാണ് ഇറാന്‍ പരമോന്നത നേതാവ് മറുപടിയായി ഉന്നയിച്ചത്. യുഎസിന്റെ പിന്തുണ അദ്ദേഹം തള്ളുകയും ചെയ്തു. ‘വൈറസിനെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കാമെന്ന് അമേരിക്കക്കാര്‍ പല തവണ വാഗ്ദാനം ചെയ്തുകഴിഞ്ഞു. ഈ വൈറസിനെ സൃഷ്ടിച്ചത് നിങ്ങളാണെന്ന ആരോപണമുണ്ട്. ഇത് ശരിയാണോ എന്ന് എനിക്ക് അറിയില്ല. പക്ഷെ ഇറാനെ നിങ്ങള്‍ സഹായിക്കാന്‍ വരുന്നത് വിചിത്രമാണ്. നിങ്ങളുടെ വൈറസിന് എതിരായ പോരാട്ടത്തില്‍ ന്യൂനതകളുണ്ടെന്നത് മാറ്റിവെയ്ക്കാം, പക്ഷെ നിങ്ങള്‍ തരുന്ന മരുന്ന് വൈറസിനെ ഇറാനില്‍ സ്ഥിരമായി പ്രതിഷ്ഠിക്കുന്നതാണെങ്കിലോ?’, ഖമനേയി ചോദിച്ചു.

യുഎസ് ഉപരോധം നേരിടുന്ന ഇറാന് ഇതുമൂലം ക്രൂഡ് ഓയില്‍ വില്‍ക്കാനോ, അന്താരാഷ്ട്ര സാമ്പത്തിക വിപണികളില്‍ കൈതൊടാനോ കഴിയാത്ത അവസ്ഥയിലാണ്. നേരത്തെ ചൈനയ്‌ക്കെതിരെ വൈറസ് സൃഷ്ടിച്ചെന്ന ആരോപണം വന്നപ്പോഴാണ് ഇത് യുഎസ് ഇറക്കുമതിയാണെന്ന് ചൈനീസ് അധികൃതര്‍ ആരോപിച്ചത്. ഈ ആരോപണത്തിന്റെ ചുവടുപിടിച്ചാണ് ഇറാന്‍ പരമോന്നത നേതാവും നിലപാട് പ്രഖ്യാപിക്കുന്നത്. ‘നിങ്ങള്‍ അയക്കുന്ന ഡോക്ടര്‍മാരും, തെറാപ്പിസ്റ്റുകളും അവര്‍ തയ്യാറാക്കിയ വിഷത്തിന്റെ ഇഫക്ട് നേരില്‍ കാണാനാണ് ചിലപ്പോള്‍ വരിക’, ഖമനേയി അക്രമണം കടുപ്പിച്ച് കൊണ്ട് ആരോപിച്ചു.

Top