യുദ്ധത്തിന് പരോക്ഷ മുന്നറിയിപ്പ് നല്‍കി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി

ടെഹ്‌റാന്‍: രാജ്യത്തെ വിവിധ സായുധ വിഭാഗങ്ങളോട് എല്ലാത്തരത്തിലും ഒരുങ്ങിയിരിക്കാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ നിര്‍ദ്ദേശം. യുഎസ് ആണവകരാറില്‍ നിന്ന് പിന്മാറിയതിനു പിന്നാലെയാണ് ആയത്തുല്ല അലി ഖമനയിയുടെ ആഹ്വാനം. ഇറാന്റെ വ്യോമ പ്രതിരോധ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സൈന്യത്തെ ഇക്കാര്യം അറിയിച്ചത്. സൈന്യത്തിന്റെ അംഗ ബലവും ആയുധവിന്യാസവും കരുത്തുറ്റതാക്കാനുള്ള നിര്‍ദേശവുമുണ്ട്. വ്യോമസേനയോടാണ് പ്രത്യേക ആഹ്വാനം. രാജ്യത്ത് ശക്തമായി നിലനില്‍ക്കുന്നത് വ്യോമ സേനയാണ് അതുകൊണ്ടു തന്നെ എല്ലാത്തരത്തിലുമുള്ള കരുതല്‍ നടപടികള്‍ സ്വീകരിച്ച് ശക്തരാകേണ്ടത് വ്യോമ സേനയാണ്.

പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും വാങ്ങാനും ഇറാന്‍ പദ്ധതിയിടുന്നു. ബാലിസ്റ്റിക്, ക്രൂസ് മിസൈല്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇറാന്‍ എന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണിത്്. ഇതോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ യുദ്ധഭീതിയുടെ നിഴലിലാണ്. ഇറാന്റെ സൈനിക ശക്തിയെ യു.എസ് ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കിയിരുന്നു. യു.എസ് പിന്മാറിയതിനെ തുടര്‍ന്ന് ഇറാന് മറ്റു രാജ്യങ്ങളില്‍ നിന്ന് ഉപരോധം നേരിടേണഅടി വന്ന സാഹചര്യത്തിലായിരുന്നു ഇത്.

രാജ്യത്തിനുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ പരിഹാര പാക്കേജ് നല്‍കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളോടും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനു വ്യക്തമായ പരിഹാരം നിര്‍ദ്ദേശിച്ചില്ലെങ്കില്‍ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഇറാന്റെ മുന്‍ വിദേശകാര്യമന്ത്രി കമാല്‍ ഖരാസിയും മുന്നറിയിപ്പു നല്‍കിയിരുന്നു. ഉപരോധത്തെ മറികടക്കാന്‍ യൂറോപ്പ് പാക്കേജ് നല്‍കാത്ത പക്ഷം 2015ലെ ആണവ കരാറില്‍ തുടരില്ല എന്ന നിലപാടിലാണ് ഇറാന്‍.

Top