അതിര്‍ത്തി കടന്നുവരുന്നവരെ വെറുതേവിടില്ല, ഏത് യുദ്ധത്തിനും തയ്യാറെന്ന് ഇറാന്‍

ടെഹ്‌റാൻ : ഏത് യുദ്ധത്തിനും തയ്യാറെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മേധാവി ഹൊസൈന്‍ സലാമി. യുദ്ധപരിശീലനം നടത്തിയതായും തങ്ങള്‍ ഏത് സാഹചര്യത്തേയും നേരിടാന്‍ സജ്ജമാണെന്നും സലാമി അറിയിച്ചു.

സ്വന്തം രാജ്യം യുദ്ധഭൂമിയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ടു പോകാം. ഇറാനെ യുദ്ധഭൂമിയാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തങ്ങളുടെ അതിര്‍ത്തി കടന്നുവരുന്നവരെ വെറുതേവിടില്ലെന്നും സലാമി കൂട്ടിച്ചേര്‍ത്തു.

അമേരിക്ക ഇറാനെ ആക്രമിക്കുന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഹൊസൈന്‍ സലാമി നിലപാട് വ്യക്തമാക്കിയത്.

സൗദി അറേബ്യയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണം ശക്തമായതും ഇറാനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഡോണ്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണവുമായി ആദ്യം അമേരിക്കയാണ് രംഗത്തെത്തിയത്. പിന്നാലെ സൗദി അറേബ്യയും ഇറാനെതിരെ ശക്തമായ നിലപാടെടുക്കുകയായിരുന്നു.

അതേസമയം സംഘര്‍ഷം രൂക്ഷമാണെങ്കിലും ഇറാനെതിരെ പൊടുന്നനെ യുദ്ധം വേണ്ടതില്ലെന്നാണ് അമേരിക്കയുടെ തീരുമാനം. എണ്ണ കേന്ദ്രങ്ങളുടെ സുരക്ഷക്ക് വേണ്ടി മാത്രമാണ് സൗദിയിലേക്ക് സൈന്യത്തെ അയക്കുന്നതെന്നും അമേരിക്കന്‍ നേതൃത്വം വ്യക്തമാക്കി.

അമേരിക്കക്കും ഇറാനും ഇടയില്‍ സമവായം രൂപപ്പെടുത്താനുള്ള മധ്യസ്ഥ നീക്കവും സജീവമാണ്. യുദ്ധം പ്രഖ്യാപിക്കാന്‍ എളുപ്പമാണെങ്കിലും പരമാവധി സംയമനം പാലിക്കുമെന്നാണ് യു.എസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത്. സൗദിയിലേക്ക് സൈന്യത്തെ അയച്ചും ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയും തല്‍ക്കാലം സ്ഥിതിഗതികള്‍ നേരിടാനാണ് തീരുമാനം.

Top