ട്രംപ് വെറും ‘കോമാളി’; വെള്ളിയാഴ്ച പ്രാര്‍ത്ഥന നയിച്ച് ഇറാന്റെ പരമോന്നത നേതാവ്

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ‘കോമാളിയെന്ന്’ വിശേഷിപ്പിച്ച് ഇറാന്റെ പരമോന്നത നേതാവ് അയാത്തൊള്ളാ ഖമനേനി. എട്ട് വര്‍ഷത്തിനിടെ ആദ്യമായി വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ നയിക്കവെയാണ് പരമോന്നത നേതാവിന്റെ പരിഹാസം. ഇറാന്‍ ജനതയെ പിന്തുണയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് അഭിനയിക്കുകയാണെന്ന് 80കാരനായ നേതാവ് ആരോപിച്ചു. ഇതിന് ശേഷം വിഷം പുരട്ടിയ വാള്‍ രാജ്യത്തിന്റെ പിന്നില്‍ കുത്തിയിറക്കുമെന്നും അയാത്തൊള്ള പ്രസ്താവിച്ചു.

2012ന് ശേഷം ആദ്യമായാണ് തെഹ്‌റാനിലെ ഉന്നതമായ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ഖമനേനി നേതൃത്വം നല്‍കിയത്. യാത്രാവിമാനം വെടിവെച്ചിട്ടതായി കുറ്റസമ്മതം നടത്തിയതോടെ രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധം ഏറ്റുവാങ്ങേണ്ടി വന്ന റെവല്യൂഷണറി ഗാര്‍ഡ്‌സിന് പിന്തുണയേകാനാണ് അയാത്തൊള്ളാ ഖമനേനി രംഗത്തിറങ്ങിയത്. ‘ഈ അമേരിക്കന്‍ കോമാളികള്‍ നുണ പറയുന്നവരാണ്, ഇറാന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുന്നതായി അവകാശപ്പെടുന്ന ഇവര്‍ ഇറാന്‍കാര്‍ ആരാണെന്ന് കാണണം’, പ്രതിഷേധക്കാര്‍ക്ക് പിന്തുണ അറിയിച്ച ട്രംപിന്റെ ട്വീറ്റിനെക്കുറിച്ച് പരമോന്നത നേതാവ് പ്രതികരിച്ചു.

ആയിരങ്ങളാണ് അയാത്തൊള്ളാ ഖമനേനിയുടെ പ്രഭാഷണം കേള്‍ക്കാന്‍ എത്തിയത്. ഇടയ്ക്കിടെ ‘ദൈവം മഹാനാണ്’, ‘അമേരിക്കയ്ക്ക് മരണം’ തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴങ്ങി. ഇസ്ലാമിക് സ്റ്റേറ്റിന് എതിരായ യുദ്ധം നയിച്ച ഏറ്റവും മികച്ച കമാന്‍ഡറെയാണ് അമേരിക്കയുടെ ഭീരുത്വ നടപടിയില്‍ വകവരുത്തിയതെന്ന് ഖമനേനി പ്രസ്താവിച്ചു. യുഎസ് സൈനിക ബേസുകളില്‍ ഇറാന്‍ മിസൈല്‍ അക്രമണം ദൈവത്തിന്റെ ദിനാണെന്ന് വിശേഷിപ്പിച്ച പരമോന്നത നേതാവ് ഇത് അമേരിക്കയുടെ സൂപ്പര്‍പവര്‍ മുഖച്ഛായയ്ക്ക് ഏറ്റ തിരിച്ചടിയാണെന്നും കൂട്ടിച്ചേര്‍ത്തു.

ഒരു ആഗോള ശക്തിയ്ക്ക് ഇത്തരമൊരു അടി നല്‍കാനുള്ള ശക്തി ഇറാനുണ്ടെന്നത് ദൈവത്തിന്റെ കൈകള്‍ കാണിക്കുന്നു, ഖമനേനി പറഞ്ഞു. വിമാനം വെടിവെച്ചിട്ടത് ദുഃഖകരമായ അപകടമെന്നാണ് നേതാവിന്റെ വിശേഷണം. എതിരാളികളെ എത്രത്തോളം അത് സന്തോഷിപ്പിച്ചോ, അത്രത്തോളം അത് ഇറാനെ ദുഃഖിപ്പിച്ചു. ഇത് നമ്മുടെ ഹൃദയത്തെയാണ് കത്തിച്ചത്, അയാത്തൊള്ള കൂട്ടിച്ചേര്‍ത്തു. 1989 മുതല്‍ രാജ്യത്തിന്റെ ഉന്നതാധികാരം കൈയാളുന്ന അയാത്തൊള്ളയാണ് സുപ്രധാന തീരുമാനങ്ങളില്‍ അവസാന വാക്ക്.

Top