അമേരിക്കൻ ആക്രമണത്തിന് തിരിച്ചടി ഗൾഫ് രാജ്യങ്ങൾക്ക് നൽകാൻ ഇറാൻ !

റാനെ അമേരിക്ക ആക്രമിച്ചാല്‍ ആദ്യ തിരിച്ചടി നേരിടേണ്ടി വരിക ഗള്‍ഫ് രാജ്യങ്ങള്‍ക്ക്. അമേരിക്കന്‍ സൈന്യത്തിന് താവളം ഒരുക്കിയ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഇറാന്‍ ആക്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെയാണ് ഈ മുന്നറിയിപ്പ്. ഇസ്രയേലിനെ ആയിരിക്കും ആദ്യം ലക്ഷ്യമിടുക എന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ലക്ഷ്യം മറ്റൊന്നാകുമെന്നാണ് നിഗമനം.

ഇസ്രയേല്‍ പ്രതിരോധ ശക്തി ശക്തമായതിനാല്‍ ഇറാന്‍ ആക്രമണത്തെ അതിജീവിക്കാന്‍ അവര്‍ക്ക് സാധിച്ചേക്കും. എന്നാല്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളുടെ സ്ഥിതി അതല്ല, അമേരിക്കന്‍ പ്രതിരോധ സംവിധാനമാണ് ഈ രാജ്യങ്ങള്‍ക്കുള്ളത്. ഹൂതി വിമതര്‍ പലവട്ടം പൊളിച്ച പ്രതിരോധമാണിത്. ഈ യാഥാര്‍ത്ഥ്യം ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഏറെ ആശങ്കപ്പെടുത്തുന്നത്.

അതേസമയം പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച ഇറാന്‍ നീക്കം അമേരിക്കയെ ഞെട്ടിച്ചിട്ടുണ്ട്. ഇത്രയും സേനാവിന്യാസം നടത്തിയിട്ടും ഇറാന്‍ സാഹസത്തിന് മുതിര്‍ന്നതാണ് അമേരിക്കയെ അമ്പരപ്പിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് ഹെറിട്ടേജ് ടാങ്കര്‍ ഹോര്‍മുസ് കടലിടുക്ക് കടക്കുമ്പോഴാണ് ഇറാന്‍ പ്രകോപനമുണ്ടാക്കിയത്. എണ്ണകപ്പലിന് അകമ്പടി പോയിരുന്ന ബ്രിട്ടീഷ് നാവികസേന ഇടപെട്ടതോടെയാണ് ഇറാന്‍ സേന പിന്തിരിഞ്ഞത്. നേരത്തെ സിറിയയിലേക്ക് എണ്ണ കൊണ്ടു പോയിരുന്ന ഇറാന്റെ കപ്പല്‍ ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്തതാണ് പ്രകോപനത്തിന് കാരണം. തല്‍ക്കാലം പിന്‍വാങ്ങിയെങ്കിലും ഒരു തിരിച്ചടി ഏത് നിമിഷവും ബ്രിട്ടീഷ് കപ്പലുകള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്.

അമേരിക്കയുടെ ആധുനിക ഡ്രോണ്‍ വെടിവെച്ചിട്ട് യുദ്ധത്തിന് തയ്യാറാണെന്ന് ഇറാന്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യുറേനിയം സമ്പുഷ്ടീകരണം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചും അമേരിക്കയെ ശരിക്കും ഇറാന്‍ പ്രകോപിപ്പിക്കുകയാണ്. പേടിച്ച് പിന്‍മാറില്ലെന്ന് തന്നെയാണ് ഈ പെര്‍ഷ്യന്‍ പോരാളികളുടെ നിലപാട്.

സൈനിക ശക്തിയില്‍ ലോകത്ത് പതിനാലാം സ്ഥാനമാണ് ഇറാനുള്ളത്. അതേസമയം പോരാട്ട വീര്യത്തിലും യുദ്ധം ചെയ്ത പരിചയത്തിലും ഒന്നാം സ്ഥാനം തന്നെ ഈ പെര്‍ഷ്യന്‍ പോരാളികള്‍ക്കുണ്ട്. ഇറാനെ ആകാശ യുദ്ധത്തില്‍ തോല്‍പ്പിച്ച് ആ രാജ്യത്തേക്ക് കടന്നു കയറാന്‍ ശ്രമിച്ചാല്‍ അമേരിക്കന്‍ സൈനികരുടെ ശവപ്പറമ്പായി അവിടം മാറും.

ഇറാന്‍ കീഴടക്കണമെങ്കില്‍ അമേരിക്കക്ക് 16 ലക്ഷം സൈനികരെയെങ്കിലും ഇറക്കേണ്ടി വരും. എന്നാല്‍ അത്രയും പേര്‍ക്ക് ക്യാംപ് ചെയ്യാനുള്ള സൗകര്യം അവര്‍ക്ക് എവിടെയുമില്ല. മാത്രവുമല്ല ഇറാഖില്‍ പോലും അമേരിക്കക്ക് ഒരുസമയം 1.8 ലക്ഷത്തില്‍ കൂടുതല്‍ സൈനികരുണ്ടായ ചരിത്രവുമില്ല. ബലപ്രയോഗത്തിലൂടെ ഇറാന്‍ പിടിച്ചെടുക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കില്‍ മരിച്ചു വീഴുന്നവരുടെ എണ്ണം പോലും തിട്ടപ്പെടുത്താന്‍ കഴിഞ്ഞെന്നു വരില്ല.

2003ല്‍ ഇറാഖ് യുദ്ധ സമയത്ത് ആ രാജ്യത്തുണ്ടായിരുന്നതിനേക്കാള്‍ മൂന്നിരട്ടി ജനം ഇന്ന് ഇറാനിലുണ്ട്. ഫ്രാന്‍സ്, ജര്‍മനി, ഹോളണ്ട്, ബെല്‍ജിയം, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവയേക്കാളും വലിയ രാജ്യവുമാണ് ഇറാന്‍. അതിര്‍ത്തിയില്‍ പര്‍വ്വതപ്രദേശമായതിനാല്‍ തന്നെ സൈനിക നീക്കങ്ങള്‍ക്ക് ശത്രുരാജ്യം ഏറെ പാടുപെടേണ്ടി വരും.

ഇറാന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ അഫ്ഗാനാണ്. പടിഞ്ഞാറ് തുര്‍ക്കിയും. രണ്ടു വഴിയിലൂടെയും ഇറാനിലേക്ക് കടക്കാന്‍ അത്രയെളുപ്പം അമേരിക്കക്ക് സാധിക്കില്ല. ഇറാന്‍- ഇറാഖ് യുദ്ധകാലത്ത് സദ്ദാം ഹുസൈന്റെ സൈന്യം ഇറാനിലേക്കു കടന്ന തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ജലപാത മാത്രമേ അമേരിക്കക്ക് മുന്നിലുള്ളൂ. എന്നാല്‍ അമേരിക്കയുടെ നീക്കം തിരിച്ചറിഞ്ഞാല്‍ ഇവിടെ എളുപ്പം പ്രതിരോധം തീര്‍ക്കാന്‍ ഇറാനു കഴിയും.

സൈബര്‍ യുദ്ധ സന്നാഹം സ്വന്തമായുള്ള അഞ്ച് രാജ്യങ്ങളിലൊന്നു കൂടിയാണ് ഇറാന്‍. അഞ്ചു ലക്ഷം സൈനികരും 750 യുദ്ധവിമാനങ്ങളും നിലവില്‍ ഇറാനുണ്ട്. എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഇസ്രയേലും പരിധിയില്‍ വരുന്ന മിസൈലുകളും ഇറാന്റെ ആയുധ ശേഖരത്തിലുണ്ട്. വ്യോമ പ്രതിരോധത്തിനാണെങ്കില്‍ റഷ്യയുടെ എസ്- 300 സീരീസ് മിസൈലും റെഡിയാണ്.

അതേസമയം ഇറാനെ ആക്രമിക്കാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥാപിച്ച സൈനിക ക്യാംപുകള്‍ അമേരിക്ക ശക്തമാക്കിയിട്ടുണ്ട്. കുവൈറ്റില്‍ പതിനായിരം സൈനികരാണുള്ളത്. ബഹ്റൈനില്‍ ഏഴായിരവും ഖത്തറില്‍ പതിനായിരവും സൈനികരുണ്ട്. യു.എ.ഇയില്‍ അയ്യായിരം, ഒമാനില്‍ അയ്യായിരം എന്നിങ്ങനെയാണ് സൈനിക വിന്യാസം. ഇതിനു പുറമെ അഫ്ഗാനിസ്ഥാനില്‍ പതിനൊന്നായിരവും ഇറാഖില്‍ അരലക്ഷവും അമേരിക്കന്‍ സൈനികരും നിലവിലുണ്ട്. ഇവരെയും ഇറാനെതിരായ ആക്രമണമുണ്ടായാല്‍ ഉപയോഗപ്പെടുത്തുവാനാണ് തീരുമാനം.

Staff Reporter

Top