പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ജോ ബൈഡനെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി

ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് കാരണം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണെന്ന് പ്രഖ്യാപിച്ച് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. മറ്റൊരു രാജ്യത്തിന്റെ നാശത്തിന് ഊര്‍ജ്ജമാകുന്നതരത്തില്‍ അരാജകത്വവും ഭീകരതയും പ്രോല്‍സാഹിപ്പിക്കുന്നതാണ് ജോ ബൈഡന്റെ പരാമര്‍ശങ്ങള്‍. നേരത്തെ അമേരിക്കയെ ചെകുത്താനെന്ന് വിശേഷിപ്പിച്ച ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപകന്‍ ആയത്തുള്ള റൂഹോള ഖൊമേനിയുടെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തുന്നതാണ് അമേരിക്കയുടെ പ്രവര്‍ത്തികളെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പറയുന്നു.

രാജ്യത്തെ പ്രതിഷേധങ്ങള്‍ക്ക് അമേരിക്കയെ പഴിച്ച ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ വിലയിരുത്തലുകളെ പിന്തുണയ്ക്കുന്നതാണ് ഇബ്രാഹിം റെയ്സിയുടെ പരാമര്‍ശം. ശത്രുവിന്റെ ഗൂഡാലോചന മികച്ച രീതിയില്‍ എതിര്‍ത്തുകൊണ്ട് രാജ്യത്തെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളിലാണുള്ളതെന്നും ഇബ്രാഹിം റെയ്സി പറയുന്നു. മഹ്സ അമീനിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച ശേഷമായിരുന്നു ഇറാന്‍ പ്രസിഡന്‌‍റിന്റെ പരാമര്‍ശം. 22കാരിയായ മഹ്സ അമീനിയെ ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിക്കാത്തതിന് സെപ്തംബര്‍ 13ന് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മരിച്ചിരുന്നു.

ഇതിന് പിന്നാലെ രാജ്യത്ത് സ്ത്രീകള്‍ അടക്കം നിരവധിപേരാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പ്രതിഷേധ പരമ്പരകളേക്കുറിച്ച് ഇറാന്റെ ബദ്ധവൈരികളും അവരുടെ സഖ്യ കക്ഷികളും ചേര്‍ന്ന് എന്‍ജിനിയറിംഗ് ചെയ്ത കലാപമെന്നാണ് നേരത്തെ അയത്തൊള്ള ഖമേനി വിലയിരുത്തിയത്. ഇറാനില്‍ നടന്ന പ്രതിഷേധങ്ങളെ സേന അടിച്ചമര്‍ത്തിയതില്‍ കുറഞ്ഞത് 23 കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

രാജ്യത്തെ പൌരന്മാര്‍ക്കും ധീരയായ സ്ത്രീകള്‍ക്കും ഒപ്പമാണുള്ളതെന്നാണ് ഇറാനിലെ പ്രതിഷേധങ്ങളേക്കുറിച്ച് വെള്ളിയാഴ്ച ജോ ബൈഡന്‍ പ്രതികരിച്ചത്. ഇറാന്‍ സേന പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമര്‍ത്തിയതിന് പിന്നാലെ അമേരിക്ക ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Top