തിരിച്ചടിക്കാന്‍ ശ്രമിച്ചാല്‍ അടുത്തത് യുദ്ധം! അമേരിക്കയ്ക്ക് താക്കീതുമായി ഇറാന്‍

ടെഹ്റാന്‍: ഇറാക്കിലെ അമേരിക്കന്‍ വ്യോമതാവളത്തിന് നേരെയുണ്ടായ മിസൈലാക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാന്‍. മിസൈലാക്രമണത്തിന് അമേരിക്കയുടെ ഭാഗത്തുനിന്ന് പ്രതികാര നടപടിയുണ്ടായാല്‍ കാര്യങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ഉപദേഷ്ടാവ് വ്യക്തമാക്കിയത്. അക്രമണത്തിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് ട്വിറ്ററിലൂടെ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് യുദ്ധ സൂചന നല്‍കി നിലപാട് കടുപ്പിച്ചത്.

പശ്ചിമ ഇറാഖിലെ അല്‍-അസാദ് സൈനിക താവളത്തില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 1.20നാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.വെള്ളിയാഴ്ച കൊല്ലപ്പെട്ട ഖാസിം സുലൈമാനി അടക്കമുള്ളവരുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.വെള്ളിയാഴ്ച ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതും ഇതേ സമയത്തായിരുന്നു.

അല്‍-അസാദിലെ ആക്രമണത്തിന് പിന്നാലെ രണ്ട് മണിക്കൂറിനകമാണ് അമേരിക്കന്‍ സൈനികരുടെ മറ്റൊരു താവളമായ ഇര്‍ബിന്‍ സൈനിക കേന്ദ്രത്തിന് നേരെയും മിസൈലാക്രമുണ്ടായി. അക്രമണത്തിന് പിന്നാലെ ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരം ആരംഭിച്ചതായി ഇറാനിലെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് പ്രസ്താവന നടത്തിയിരുന്നു.

അമേരിക്കക്കു പുറമെ അമേരിക്കയുമായി സഖ്യമുള്ള രാജ്യങ്ങളേയും തങ്ങള്‍ ലക്ഷ്യം വക്കുന്നുണ്ടെന്നാണ് ഇറാന്‍ റെവലൂഷനറി ഗാര്‍ഡിന്റെ മുന്നറിയിപ്പ്.തീവ്രവാദിക്കൂട്ടമായ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാന്‍ തങ്ങളുടെ മണ്ണ് വിട്ടു കൊടുക്കുന്ന അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ സൂക്ഷിക്കുക. ഇറാനെതിരെ എന്തെങ്കിലും നീക്കം നിങ്ങളുടെ മണ്ണില്‍ നിന്നുമുണ്ടായാല്‍ അവിടം ഞങ്ങളുടെ ലക്ഷ്യമായിരിക്കും. ആവശ്യമെങ്കില്‍ യുഎഇയിലെ ദുബായിലും ഇസ്രയേലിലെ ഹൈഫയിലും ഞങ്ങള്‍ ബോംബിടും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പില്‍ പറയുന്നു.കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ മേഖലയില്‍ നിന്ന് യുഎസ് സൈനികരെ പിന്‍വലിക്കണമെന്നും റെവലൂഷണറി ഗാര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ ഇറാക്കില്‍ വച്ച് കാമാന്‍ഡര്‍ ഖാസിം സുലൈമാനിയും ഡെപ്യൂട്ടി കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദിസും അടക്കം ഏഴു കൊല്ലപ്പെട്ടത്. അതിനു പിന്നാലെ, അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാവുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ എല്ലാ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്നും ഇത് അന്താരാഷ്ട്ര ഭീകരവാദമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പ്രതികരിച്ചിരുന്നു.

അതേസമയം ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും ശക്തവും സുസജജുമായ സൈന്യം ഞങ്ങള്‍ക്കുണ്ടെന്ന് ഇറാനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്. സംഭവത്തില്‍ ഇന്ന് തന്നെ നിര്‍ണായകമായ പ്രഖ്യാപനം നടത്തുമെന്നും ട്രംപ് പ്രതികരിച്ചിട്ടുണ്ട്.

Top